വാഷിങ്ടണ്‍: ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്കയില്‍ നിന്ന് പുറത്താക്കുന്ന അനധികൃത കുടിയേറ്റക്കാരെ തങ്ങളുടെ രാജ്യത്തേക്ക് നാടുകടത്താന്‍ അനുവദിക്കില്ലെന്ന് കരിബീയന്‍ ദ്വീപ് രാജ്യമായ ബഹാമസ്. അമേരിക്കയില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നാംലോക രാജ്യങ്ങളിലെ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ട്രംപിന്റെ ട്രാന്‍സിഷന്‍ ടീം ബഹാമസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം നിരാകരിച്ചിരിക്കുകയാണ് ബഹാമസ്. ബഹാമാസ് പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് നാടുകടത്തലുമായി ബന്ധപ്പെട്ട ട്രംപിന്റെ ട്രാന്‍സ് ടീമിന്റെ ആവശ്യം നിരസിച്ചതായി അറിയിച്ചിരിക്കുന്നത്. നിര്‍ദേശം പരിശോധിച്ചെന്നും എന്നാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.
‘ഇത്തരമൊരു അഭ്യര്‍ത്ഥനയെ ഉള്‍ക്കൊള്ളാനുള്ള സാഹചര്യം ബഹാമസിന് ഇല്ല. പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസ് ഈ നിര്‍ദ്ദേശം നിരസിച്ചതിനുശേഷം ട്രാന്‍സിഷന്‍ ടീമുമായോ മറ്റേതെങ്കിലും സ്ഥാപനവുമായോ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല,’ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ മാസം നടന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപ് ജനുവരി 20 ന് താന്‍ അധികാരമേറ്റടുത്താല്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഈ തീരുമാനം അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കിടയിലും അന്താരാഷ്ട്ര സമൂത്തിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ 2022ലെ കണക്കുകള്‍ പ്രകാരം 11 ദശലക്ഷം അനധികൃത താമസക്കാരാണ് യു.എസില്‍ ഇള്ളത്. എന്നാല്‍ ബഹാമസിന്റെ സെന്‍സസ് പ്രകാരം വെറും നാല് ലക്ഷമാണ് രാജ്യത്തിന്റെ ആകെ ജനസംഖ്യ.
കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങള്‍ തിരിച്ചെടുക്കാന്‍ വിസമ്മതിച്ചാല്‍ അവരെ അയയ്ക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക ട്രംപിന്റെ ടീം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബഹാമസ്, ടര്‍ക്സ്, കെയ്കോസ് ദ്വീപുകള്‍, പനാമ, ഗ്രെനഡ എന്നീ രാജ്യങ്ങള്‍ ഈ ലിസ്റ്റില്‍ ഉണ്ടെന്നാണ് സൂചന.
2019ല്‍, ട്രംപ് ആദ്യമായി പ്രസിഡന്റായപ്പോള്‍, യുഎസ്-മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കാനായി ഗ്വാട്ടിമാലയുമായി കരാറില്‍ ഒപ്പിട്ടിരുന്നു.
‘സേഫ് തേര്‍ഡ് കണ്‍ട്രി’ എന്നാണ് ഈ കരാര്‍ അറിയപ്പെടുന്നത്. ട്രംപ് മൂന്നാംലോക രാജ്യങ്ങളായി കണക്കാക്കുന്ന ഹോണ്ടുറാസ്, എല്‍ സാല്‍വേദാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളെ ഗ്വാട്ടിമാലയിലേക്ക് നാടുകടത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
അതേസമയം ഇത്തവണ ട്രംപ് അധികാരമേറ്റെടുക്കുമ്പോള്‍ കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സ്വീകരിക്കാന്‍ ഏതെങ്കിലും രാജ്യങ്ങള്‍ സമ്മതിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Content Highlight: The situation is bad; Illegal immigrants will not be accepted; Bahamas rejects Trump’s safe third country proposal