വയനാട്ടിലെ സ്ഥിതി ആശങ്കജനകം; മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് കൊവിഡ്
COVID-19
വയനാട്ടിലെ സ്ഥിതി ആശങ്കജനകം; മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 6:52 pm

തിരുവനന്തപുരം: വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡി. കോളേജില്‍ മരിച്ച വാളാട് സ്വദേശിയുടെ മരണാനന്തച്ചടങ്ങില്‍ പങ്കെടുത്ത 8 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ 98 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇതില്‍ 43 പേര്‍ കൂടി പോസിറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരണാനന്തരചടങ്ങിന് ശേഷം നാട്ടില്‍ രണ്ട് വിവാഹച്ചടങ്ങുകളും നടന്നിട്ടുണ്ട്. ഇതില്‍ നിരവധിപ്പേര്‍ പങ്കെടുത്തിട്ടുണ്ട്. ഇതാണ് രോഗവ്യാപനം അധികമാക്കിയത്.

ഈ ചടങ്ങുകളില്‍ പങ്കെടുത്തവരോട് ഉടന്‍ വിവരമറിയിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് ഇന്ന് 200 ന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കോട്ടയം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ 100 ന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് 227 പേര്‍ക്കും കോട്ടയത്ത് 118 പേര്‍ക്കും മലപ്പുറത്ത് 112 പേര്‍ക്കും തൃശ്ശൂരില്‍ 109 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക