സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം കുറഞ്ഞാല്‍ കൂടുതല്‍ സേവനം നല്‍കാന്‍ സാധിക്കും; രാജസ്ഥാനില്‍ പുതിയ 19 ജില്ലകള്‍ പ്രഖ്യാപിച്ച് ഗെഹ്‌ലോട്ട്
national news
സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം കുറഞ്ഞാല്‍ കൂടുതല്‍ സേവനം നല്‍കാന്‍ സാധിക്കും; രാജസ്ഥാനില്‍ പുതിയ 19 ജില്ലകള്‍ പ്രഖ്യാപിച്ച് ഗെഹ്‌ലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th March 2023, 8:35 am

ജയ്പൂര്‍: രാജസ്ഥാനില്‍ പുതിയ ജില്ലകളുടെ പ്രഖ്യാപനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 19 പുതിയ ജില്ലകളാണ് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാജസ്ഥാനില്‍ ഇങ്ങനൊരു മാറ്റം ഉണ്ടാകുന്നത്. നിലവില്‍ 33 ജില്ലകളാണ് രാജസ്ഥാനിലുള്ളത്.

ഭൂമിശാസ്ത്രപരമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാനെന്നും, രണ്ട് അറ്റങ്ങള്‍ തമ്മില്‍ 100 കിലോമീറ്ററിന്റെ വ്യത്യാസമുണ്ടെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

‘സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം കൂടുതലായത് കൊണ്ട് തന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ജില്ലകള്‍ ചെറുതാകുമ്പോള്‍ സംവിധാനങ്ങള്‍ നിലനിര്‍ത്താന്‍ എളുപ്പമാണ്. നല്ല ഭരണവും നല്‍കാന്‍ സാധിക്കും,’ ഗെഹ്‌ലോട്ട് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങള്‍ പുതിയ ജില്ലകള്‍ ഉണ്ടാക്കുന്നതില്‍ രാജസ്ഥാനേക്കാള്‍ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 72 മില്യന്‍ ജനങ്ങളുള്ള മധ്യപ്രദേശില്‍ 52 ജില്ലകളാണുള്ളത്. എന്നാല്‍ 78 മില്യന്‍ ജനങ്ങളുള്ള രാജസ്ഥാനിലും 52 ജില്ലകളാണുള്ളത്.

അനൂപ്ഗര്‍, ബലോത്‌റ, ബീവര്‍, കേക്‌രി, ദീഗ്, ദീദ്‌വാന, ഗംഗപൂര്‍ സിറ്റി, ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ ഈസ്റ്റ്, ജോധ്പൂര്‍ വെസ്റ്റ്, കേര്‍ധല്‍, ഫലോഡി തുടങ്ങിയവയാണ് പുതിയ 19 ജില്ലകള്‍.

സാമ്പത്തിക ബില്ല് അവതരിപ്പിക്കുന്നതിനിടെ രാജസ്ഥാന്‍ അസംബ്ലിയില്‍ വെച്ചാണ് ഗെഹ്‌ലോട്ട് പ്രഖ്യാപനം നടത്തിയത്.

ഈ സര്‍ക്കാര്‍ വന്നിട്ട് അഞ്ചാമത്തെ ബജറ്റ് പ്രഖ്യാപനമാണെന്നും എന്നാല്‍ യാതൊരു നികുതി വര്‍ധനവും വരുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും പ്രായമായവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് എതിരാണെന്നും എന്നാല്‍ അത് അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ജില്ലകളെ കൂടാതെ മൂന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്..

ജനസംഖ്യാപരമായിട്ട് ഏഴാം സ്ഥാനത്താണ് നില്‍ക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.

content highlight: The shorter the distance between the locations, the more service can be provided; Gehlot announced 19 new districts in Rajasthan