|

എം.ടി. തിരക്കഥകളുടെ ആന്തോളജി; മമ്മൂട്ടി- രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ട് ശ്രീലങ്കയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന കടുഗന്നാവ ഒരു യാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഓഗസ്റ്റ്‌ 16 ന് ശ്രീലങ്കയില്‍ ആരംഭിക്കും. എം. ടി. വാസുദേവന്‍നായരുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. എം.ടി. വാസുദേവന്‍നായരുടെ ആത്മകഥാംശമുള്ള ഒരു കഥാപാത്രം കൂടിയാണ് കടുഗന്നാവയിലേത്. കാന്‍ചാനല്‍മീഡിയയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് ദിവസത്തെ ഷൂട്ടിങ്ങാണ് ശ്രീലങ്കയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ ലൊക്കേഷന്‍ ഹണ്ടിനായി കലാസംവിധായകന്‍ പ്രശാന്ത് മാധവ് ശ്രീലങ്കയിലെത്തിയിരുന്നു. ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിക്കും.

ലിജോ പെല്ലിശ്ശേരിയാണ് കടുഗന്നാവ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. ലിജോ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകള്‍ കാരണം ഈ പ്രൊജക്ടില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് സംവിധായകനായി രഞ്ജിത്ത് എത്തിയത്. ഇതാദ്യമായാണ് എം.ടിയുടെ തിരക്കഥയില്‍ രഞ്ജിത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.

എം.ടിയുടെ പത്ത് തിരക്കഥകളില്‍നിന്ന് ഒരുക്കുന്ന പത്ത് സിനിമകളില്‍ ഒന്നുകൂടിയാണ് കടുഗന്നാവ. ഇതിനോടകം എട്ട് ചിത്രങ്ങളുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. രഞ്ജിത്ത് ചിത്രത്തിന് പുറമേ പൃഥ്വിരാജ് നായകനാകുന്ന മറ്റൊരു സിനിമ കൂടിയാണ് ഈ ശ്രേണിയില്‍ പൂര്‍ത്തിയാകാനുള്ളത്. ഈ ആന്തോളജിയിലെ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ട് നേരത്തെ പൂര്‍ത്തിയായിരുന്നു.

ന്യൂസ് വാല്യു പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ പത്ത് ചിത്രങ്ങളും നിര്‍മിക്കുന്നത്. നെറ്റ്ഫ്ളിക്സിനാണ് വിതരാണാവകാശം. ആര്‍.പി.എസ്.ജി. ഗ്രൂപ്പ് നിര്‍മാണ പങ്കാളിയാണ്. ബി. ഉണ്ണികൃഷ്ണന്റെ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

Content Highlight: The shooting of Ranjith and Mammootty’s Kadugannava Oru Yatra will begin on August 16 in Sri Lanka