ഇനി സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കലായി ടൊവിനോ; 'നടികര്‍ തിലക'ത്തിന് തുടക്കമായി
Film News
ഇനി സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കലായി ടൊവിനോ; 'നടികര്‍ തിലക'ത്തിന് തുടക്കമായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th July 2023, 1:16 pm

ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നടികര്‍ തിലകത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ഇന്ന് ആരംഭിച്ചു. പൂജ ചടങ്ങുകളോട് കൂടിയാണ് ചിത്രീകരണം ആരംഭിച്ചത്. ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിര്‍മിക്കുന്നത്.

പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ വൈ. നവീനും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്. വിവിധ ലൊകേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിന്റെ ബജറ്റ് വരുന്നത് നാല്‍പത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും മുടക്കുമുതല്‍ വരുന്ന ചിത്രം കൂടിയാണിത്.

‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വര്‍ഷക്കാലമായി അഭിനയമേഖലയില്‍ സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ‘നടികര്‍ തിലക’ത്തിലൂടെ ലാല്‍ ജൂനിയര്‍ അവതരിപ്പിക്കുന്നത്.

ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.

ഭാവന നായികയാകുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്‍ജുന്‍, വീണാ നന്ദകുമാര്‍, നന്ദകുമാര്‍, ഖാലിദ് റഹ്‌മാന്‍, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടന്‍, അരുണ്‍ കുര്യന്‍, ഷോണ്‍ സേവ്യര്‍, രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ്, എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു.

നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി – ഡാന്‍ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍. ജി. വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ തമ്പുരാന്‍, വിഷ്വല്‍ എഫകറ്റ്‌സ് – മേരി വി.എഫ്.എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രഫി – വി.വി. ചാര്‍ളി, പബ്ലിസിറ്റി ഡിസൈന്‍ – ഹെസ്റ്റണ്‍ ലിനോ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍.

Content Highlight: The shooting of Nadigar Thilakam began in Kochi today