| Friday, 29th July 2022, 7:31 pm

'ഇനി കാത്തിരിപ്പ് തുടങ്ങുകയായി'; ബറോസിന് പാക്കപ്പ് പറഞ്ഞ് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ ഷൂട്ട് പൂര്‍ത്തിയായി. ലൊക്കേഷനില്‍ ടീം അംഗങ്ങളോടൊപ്പം ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെയാണ് വിവരം പുറത്ത് വിട്ടത്. ചിത്രത്തില്‍ സന്തോഷ് ശിവന്‍, ആന്റണി പെരുമ്പാവൂര്‍, പ്രണവ് എന്നിവരും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്നുണ്ട്.

‘ബറോസ് ടീം ലൊക്കേഷനില്‍ നിന്നും സൈന്‍ ഓഫ് ചെയ്യുന്നു. ഇനി കാത്തിരിപ്പ് തുടങ്ങുകയായി,’ എന്നാണ് ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത സന്തോഷ് ശിവനും ചിത്രത്തിന് പാക്കപ്പ് പറഞ്ഞ വിവരം ട്വീറ്റ് ചെയ്തു.

സംവിധാനത്തിനൊപ്പം ബറോസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നയാണ്. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ത്രീ ഡിയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ജിജോ പൊന്നുസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോ ചിത്രം മിന്നല്‍ മുരളിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധയനായ ഗുരു സോമസുന്ദരം ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് ഒടുവില്‍ പുറത്ത് വന്ന മോഹന്‍ലാല്‍ ചിത്രം. ഷാജി കൈലാസിന്റെ എലോണ്‍, വൈശാഖിന്റെ മോണ്‍സ്റ്റര്‍, പ്രിയദര്‍ശന്റെ ഓളവും തീരവും എന്നിവയാണ് ഇനി പുറത്ത് വരാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍.

Content Highlight: The shoot of Mohanlal’s debut director Barroz has been completed

We use cookies to give you the best possible experience. Learn more