ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടന പരമ്പരക്കേസില്‍ 11വര്‍ഷത്തിനുശേഷം കോടതി വെറുതെ വിട്ട മുഹമ്മദ് റഫീഖ് ഷാ പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് ക്രൂരപീഡനങ്ങള്‍. പൊലീസ് പീഡനം സംബന്ധിച്ച് വിചാരണ വേളയില്‍ റഫീഖ് കോടതിയില്‍ നടത്തിയ പല വെളിപ്പെടുത്തലുകളും ഏറെ ഞെട്ടിക്കുന്നതാണ്.
അടിവസ്ത്രത്തില്‍ എലിയെ പിടിച്ചിട്ട് ഇതുകണ്ട് രസിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് മുഹമ്മദ് റഫീഖ് പറഞ്ഞത്.
“വെള്ളത്തിന് പകരം മൂത്രം കുടിപ്പിച്ചു. നഗ്നനാക്കി നിര്‍ത്തി മറ്റു പ്രതികളുടെ സ്വകാര്യ ഭാഗങ്ങള്‍ നക്കിച്ചു. അടിവസ്ത്രത്തില്‍ എലിയെ കടത്തിവിട്ടു. പൊലീസുകാര്‍ രസിച്ച് ചിരിക്കുകയും മൊബൈല്‍ ഫോണുകളില്‍ എന്റെ നഗ്നഫോട്ടോ എടുക്കുകയും ചെയ്തു.”” 2008ല്‍ അദ്ദേഹം കോടതിയില്‍ പറഞ്ഞു.
“സഹായമഭ്യര്‍ത്ഥിച്ച് കരഞ്ഞപ്പോഴെല്ലാം തന്നോടു പറഞ്ഞത് എല്ലാ കശ്മീരികളും തീവ്രവാദികളാണെന്നാണ്.” എന്നും അദ്ദേഹം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
“എന്റെ മതവികാരത്തെ വ്രണപ്പെടുത്താന്‍ ചെറിയൊരു പന്നിയെ കൊണ്ടുവന്ന എന്റെ ശരീരം മുഴുവന്‍ സ്പര്‍ശിപ്പിച്ചു. ഒരു സെല്ലില്‍ ആ പന്നിക്കൊപ്പം എന്നെയും അടച്ചിട്ടു.”” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദല്‍ഹി സ്‌ഫോടന പരമ്പരക്കേസില്‍ 12 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷമാണ് മുഹമ്മദ് റഫീഖ് ഷായെ നിരപരാധിയെന്നു കണ്ട് കോടതി വെറുതെ വിട്ടത്. സ്‌ഫോടനം നടന്ന ഒക്ടോബര്‍ 5ന് ശ്രീനഗറിലെ കോളജില്‍ ക്ലാസ്മുറിയിലായിരുന്നു ഷാ.
ഇതുസംബന്ധിച്ച രേഖകള്‍ റഫീഖിന്റെ പ്രഫസര്‍മാര്‍ തുടക്കത്തില്‍ തന്നെ ഹാജരാക്കിയിരുന്നു. ഇക്കാര്യം പരിശോധിക്കാതെ പൊലീസ് കേസുമായി മുന്നോട്ടുപോകുകയായിരുന്നു. ഇക്കാരണം കൊണ്ടാണ് 11വര്‍ഷം റഫീഖിന് തടവില്‍ കഴിയേണ്ടി വന്നത്.