ഫലസ്തീനും, ബാബരിയും, മണിപ്പൂരും; വേദികള്‍ക്ക് പേര് നല്‍കി പാലാ സെന്റ് തോമസ് കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍
Kerala News
ഫലസ്തീനും, ബാബരിയും, മണിപ്പൂരും; വേദികള്‍ക്ക് പേര് നല്‍കി പാലാ സെന്റ് തോമസ് കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2024, 4:48 pm

കോട്ടയം: യുവജനോത്സവത്തിന്റെ വേദികള്‍ക്ക് നല്‍കിയ പേരുകളില്‍ വ്യക്തമായ നിലപാടുകള്‍ പറഞ്ഞുകൊണ്ട് പാലാ സെന്റ് തോമസ് കോളേജ് യൂണിയന്‍. കോളേജ് യൂണിയന് ‘അമോഘ കോളേജ് യൂണിയന്‍ 2024’ എന്നാണ് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ നല്‍കിയ പേര്. അമോഘ എന്ന വാക്കിന്റെ അര്‍ത്ഥമെന്നത് കുറിക്ക് കൊള്ളുന്നത്, വിലയേറിയത്, നിരര്‍ഘമായ എന്നിങ്ങനെയാണ്.

യൂണിയന് നല്‍കിയ പേരിന് പുറമെ ശ്രദ്ധേയമാവുന്നത് യുവജനോത്സവത്തിനായി ഒരുക്കിയ വേദികള്‍ക്ക് നല്‍കിയ പേരുകളാണ്. വേദി ഒന്നിന് ഫലസ്തീനെന്നും, വേദി രണ്ടിന് ബാബരിയെന്നും, വേദി മൂന്നിന് മണിപ്പൂരെന്നും പേര് നല്‍കി പാലാ സെന്റ് തോമസ് കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍ ശക്തമായ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കോളേജിന്റെ പോസ്റ്ററുകളെ അനുകൂലിച്ച് നിരവധി ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം നടത്തുകയുണ്ടായി. നിലവില്‍ യൂണിയന്‍ നല്‍കിയ പേരുകളോടൊപ്പം അടുത്ത വര്‍ഷത്തില്‍ ഗ്യാന്‍വാപിയും താജ്മഹലും ഇടം പിടിക്കുമെന്നും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈലി ഭരണകൂടം ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ജനതക്ക് പാലാ സെന്റ് തോമസ് കോളേജ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര കലാപങ്ങള്‍ നടന്നിട്ടും മണിപ്പൂരിലെ വിഷയങ്ങളില്‍ മൗനം പാലിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയും പാലാ സെന്റ് തോമസ് കോളേജ് പ്രതിരോധമുയര്‍ത്തുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം പണിത ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടിയേയും പാലാ സെന്റ് തോമസ് കോളേജ് തുറന്നുകാണിക്കുന്നു.

അതേസമയം കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കേരളത്തിലെ പ്രധാന കോളേജുകളില്‍ ഒന്നായിരുന്നു പാലാ സെന്റ് തോമസ് കോളേജ്.

Content Highlight: The SFI Union of Pala St. Thomas College has named the festival venues as Palestine, Babri and Manipur