| Thursday, 8th February 2024, 7:43 pm

കളിക്കണമോ എന്ന് അവന് തീരുമാനിക്കാം; മൂന്നാം മത്സരത്തിന് മുമ്പ് സൂപ്പര്‍ താരത്തിന് സെലക്ടര്‍മാരുടെ വമ്പന്‍ ഓഫര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ കളിക്കണമോ അതോ വിശ്രമിക്കണോ എന്ന കാര്യത്തില്‍ തീരുമാനം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വിട്ടുനല്‍കി സെലക്ടര്‍മാര്‍.

അവസാന രണ്ട് മത്സരത്തില്‍ താരം പൂര്‍ണ ഫിറ്റായി ടീമിനൊപ്പം ചേരണമെന്നതിനാല്‍ മൂന്നാം മത്സരത്തില്‍ ബുംറക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം ബുംറയോട് തന്നെ തീരുമാനിക്കാനാണ് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.പി.എല്ലും ടി-20 ലോകകപ്പും വരാനിരിക്കെ പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ കുറയ്ക്കുന്നതിന്റെ കൂടി ഭാഗമായാണ് ടെസ്റ്റില്‍ ബുംറക്ക് വിശ്രമം അനുവദിക്കുന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിച്ചത്. മെഡിക്കല്‍ ടീം ബുംറയുടെ ഫിറ്റ്‌നെസ് സംബന്ധിച്ച റിപ്പോര്‍ട്ട് സെലക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്.

രണ്ടും മൂന്നും ടെസ്റ്റുകള്‍ക്കിടെ പത്ത് ദിവസത്തെ ഇടവേളയുള്ളതിനാല്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബുംറ തന്നെ തീരുമാനമെടുക്കുന്നതാവും നല്ലതെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്.

വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് മികവിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയ ബുംറ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടിയിരുന്നു. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബുംറ തന്നെ.

പരമ്പരയിലിതുവരെ 15 വിക്കറ്റാണ് ബുംറ നേടിയത്. ഇതിനൊപ്പം 150 ടെസ്റ്റ് വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്റ്റോണും ബൂം ബൂം പിന്നിട്ടിരുന്നു. ഈ പ്രകടനത്തിന് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ബുംറ ഒന്നാം സ്ഥാനത്തെത്തുകയും ചെയിതിരുന്നു.

മൂന്നാം ടെസ്റ്റില്‍ ബുംറക്ക് വിശ്രമം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഹര്‍ഷ ഭോഗ്ലയടക്കമുള്ളവര്‍ തങ്ങളുടെ അഭിപ്രായം പങ്കുവിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം നല്‍കരുതെന്നായിരുന്നു ഭോഗ്ലെ പറഞ്ഞത്.

‘ഇന്ത്യന്‍ ടീം ബുംറക്ക് വിശ്രമം നല്‍കണമെങ്കില്‍ ടീമിലുള്ള മറ്റു ബൗളര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തണം. ഒരു നല്ല ബാറ്റിങ് ട്രാക്കില്‍ ബുംറയുടെ കഴിവുകള്‍ ആവര്‍ത്തിക്കപ്പെടുക എന്നുള്ളത് അസാധ്യമാണ്.

രാജ്‌കോട്ട് നല്ല ബാറ്റിങ് ട്രാക്കുള്ള പിച്ചാണ്. അതുകൊണ്ടുതന്നെ ബുംറ രാജ്‌കോട്ടില്‍ കളിക്കണം എന്നിട്ട് റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ അവന് വിശ്രമം അനുവദിക്കണം. അതിനുശേഷം ധര്‍മശാലയില്‍ നടക്കുന്ന അവസാന മത്സരത്തില്‍ അവന്‍ ഇറങ്ങണം. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അത് മികച്ച ഒരു തീരുമാനമായിരിക്കും,’ ഹര്‍ഷ എക്‌സില്‍ കുറിച്ചു.

ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content highlight: The selectors left the decision Jasprit Bumrah whether to play or rest in the third match of England’s tour of India.

We use cookies to give you the best possible experience. Learn more