| Tuesday, 13th September 2022, 1:27 pm

അവനെ കൊണ്ട് പന്തെറിയാന്‍ പറ്റ്വോ? ഇല്ലല്ലോ? പിന്നെ ടീമിലെടുക്കണോ? സഞ്ജുവിനെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ടി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറെ നിരാശരാക്കിയത് മലയാളി താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണിന്റെ അഭാവമായിരുന്നു. മെയ്ന്‍ സ്‌ക്വാഡിലോ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലോ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല.

മികച്ച ഫോമില്‍ തുടരുന്ന സഞ്ജുവിനെ പുറത്തിരുത്തി ഇന്ത്യ പരിഗണിച്ചിരിക്കുന്നത് അത്രകണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാത്ത ദിനേഷ് കാര്‍ത്തിക്കിനെയും റിഷബ് പന്തിനെയുമായിരുന്നു.

ഏഷ്യാ കപ്പില്‍ ഇരു താരങ്ങളുടെയും പ്രകടനം മോശമായിരുന്നു. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഇരുവരും പരാജയമായിരുന്നു. സഞ്ജു ടീമിന് വേണ്ടി പുറത്തെടുക്കുന്ന ഇംപാക്ട് ഒരു കളിയില്‍ പോലും ഇവര്‍ക്ക് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ എന്നതിനേക്കാളുപരി താനൊരു മികച്ച ഫീല്‍ഡറാണെന്ന് സഞ്ജു പലതവണ തെളിയിച്ചതുമാണ്. ആക്രോബാക്ടിക് ക്യാച്ചുകളുമായും ഡയറക്ട് ഹിറ്റുകളുമായും സഞ്ജു തന്റെ ഫീല്‍ഡിങ് പാടവം താരം പലതവണ പുറത്തെടുത്തതുമാണ്.

എന്നാല്‍ ബൗള്‍ ചെയ്യാന്‍ താരത്തിനാവില്ല എന്ന കാരണം മുന്‍നിര്‍ത്തിയാണ് സഞ്ജുവിന് ടി-20 ലോകകപ്പില്‍ സ്ഥാനം ലഭിക്കാതിരുന്നതെന്ന് പറയുകയാണ് സെലക്ഷന്‍ കമ്മിറ്റി അംഗം.

ഇന്ത്യക്ക് വേണ്ടിയിരുന്നത് ബാറ്റിങ്ങിനൊപ്പം ബൗളിങ്ങും കൈമുതലായ ഒരു താരത്തെയാണെന്നും ഇക്കാരണം കൊണ്ടാണ് ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ഇയാള്‍ പറയുന്നത്.

‘തീര്‍ച്ചയായും സഞ്ജു സാംസണ്‍ ലോകത്തിലെ തന്നെ മികച്ച താരങ്ങളില്‍ ഒരാളാണ്. ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷനിലേക്കു വരികയാണെങ്കില്‍, നമ്മുടെ ടോപ് ഓര്‍ഡര്‍ അതിശക്തമാണ്. പക്ഷെ ടോപ്പ് ഫൈവിലെ ആരും തന്നെ ബൗള്‍ ചെയ്യാറില്ല.

മത്സരത്തിനിടെ ടീമിലെ ഏതെങ്കിലുമൊരാള്‍ക്കു ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അതു നമ്മള്‍ക്ക് തിരിച്ചടിയായി മാറും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നോ രണ്ടോ ഓവര്‍ എറിയാന്‍ സാധിക്കുന്ന ഒരാളെയാണ് ടീമിന് ആവശ്യം. ആ ആവശ്യം നിറവേറ്റാന്‍ സാധിക്കുന്ന താരമാണ് ദീപക് ഹൂഡ.

സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയത് നിര്‍ഭാഗ്യകരമാണ്. വളരെയധികം പ്രതിഭയുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെയാണ് സഞ്ജുവിനെ ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

പക്ഷേ, ടീം കോമ്പിനേഷനാണ് എല്ലാത്തിലുമുപരി നമ്മള്‍ നോക്കേണ്ടത്. വിക്കറ്റ് കീപ്പര്‍മാരായി ഇതിനകം റിഷബ് പന്തും ദിനേഷ് കാര്‍ത്തികും നമ്മുടെ ടീമിലുണ്ട്. അതുകൊണ്ടു തന്നെ മറ്റൊരു വിക്കറ്റ് കീപ്പറെക്കൂടി ഓസ്ട്രേലിയയിലേക്കു കൊണ്ടുപോവുന്നതില്‍ അര്‍ത്ഥമില്ല.

എന്നിരുന്നാലും സഞ്ജു ടീമിന്റെ പ്ലാനിന്റെ ഭാഗമല്ല എന്ന് ഇതുകൊണ്ട് പറയാന്‍ കഴിയില്ല. ഏകദിനങ്ങളിലും ഭാവിയില്‍ ടി-20യിലും സഞ്ജുവിന് അവസരം ലഭിക്കും,’ സെലക്ഷന്‍ കമ്മിറ്റി അംഗം പറഞ്ഞു.

അതേസമയം, സഞ്ജുവിന് അവസരം ലഭിക്കാതെ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സഞ്ജു ടീമില്‍ അവസരം അര്‍ഹിച്ചിരുന്നുവെന്നും അര്‍ഹതയില്ലാത്ത പലരുമാണ് ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നുമാണ് ആരാധകരുടെ വിമര്‍ശനം.

Content Highlight: The selector explained the omission of Sanju in T20 World Cup squad

We use cookies to give you the best possible experience. Learn more