| Wednesday, 13th December 2023, 8:16 pm

ലോകകപ്പിലെ മിന്നും ഫോം; ആ താരത്തിന് വലിയ ബഹുമതി നല്‍കാനൊരുങ്ങി ഇന്ത്യന്‍ കായികലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് രാജ്യത്തെ ഏറ്റവും അഭിമാനകരമായ അര്‍ജുന അവാര്‍ഡ് നല്‍കാനൊരുങ്ങി സെലക്ഷന്‍ കമ്മിറ്റി.
കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് ഷമിക്ക് ഈ അവാര്‍ഡ് നല്‍കാന്‍ ഒരുങ്ങുന്നത്.

ലോകകപ്പില്‍ ആദ്യ നാലു മത്സരങ്ങളില്‍ ഷമി കളിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പരിക്കു മൂലം ലോകകപ്പില്‍ നിന്നും പിന്മാറിയതിനു പിന്നാലെയാണ് താരത്തിന് ഇന്ത്യന്‍ ലോകകപ്പ് ടീമിന്റെ വാതില്‍ തുറന്നത്. തനിക്ക് ലഭിച്ച ഈ സുവര്‍ണ്ണ അവസരം കൃത്യമായി മുതലെടുക്കാന്‍ ഇന്ത്യന്‍ പേസര്‍ക്ക് സാധിച്ചു.

ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 24 വിക്കറ്റുകളാണ് ഷമി പിഴുതെടുത്തത്. ഈ മിന്നും പ്രകടനത്തോടെ ഒരുപിടി മികച്ച റെക്കോഡുകളും ഷമി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഒരു ലോകകപ്പില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന അവിസ്മരണീയമായ നേട്ടം ഷമി സ്വന്തമാക്കിയിരുന്നു. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മുഹമ്മദ് ഷമിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.

ഈ മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോക്ക് കായിക മേഖലയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതി നല്‍കാന്‍ ഒരുങ്ങുന്നതെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതിയാണ് അര്‍ജുന അവാര്‍ഡ്. 2021ല്‍ ഇന്ത്യന്‍ ബാറ്റര്‍ ശിഖര്‍ ധവാന്‍ ആയിരുന്നു ഈ അവാര്‍ഡ് സ്വന്തമാക്കിയ അവസാനത്തെ ക്രിക്കറ്റ് താരം. ധവാന് ശേഷം ആ അവിസ്മരണീയമായ പുരസ്‌കാരം ശമിയും സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യയ്ക്കായി ഒരു മത്സരത്തില്‍ പോലും ഷമി പന്തെറിഞ്ഞിട്ടില്ല. ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് നിരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഷമിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിക്കുകയായിരുന്നു.

ഡിസംബര്‍ 26 മുതല്‍ ആരംഭിക്കുന്ന സൗത്താഫ്രിക്കക്കെതിരെയുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഷമി തിരിച്ചെത്തും.

അതേസമയം ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം സൗത്ത് ആഫ്രിക്ക ഡക്ക്- വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ നിയമപ്രകാരം അഞ്ചു വിക്കറ്റുകള്‍ക്ക് വിജയിക്കുകയുമായിരുന്നു.

Content Highlight: The selection committee is ready to award Arjuna Award to Mohammad Shami.

We use cookies to give you the best possible experience. Learn more