ന്യൂദല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായും പരിഷ്‌കരിച്ചുകൊണ്ടുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. 1860 ലെ ഇന്ത്യന്‍ പീനല്‍ കോഡിന് പകരം ഭാരതീയ നിയമ സംഹിത നിലവില്‍ വരും. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യയും വരും. ബില്‍ അവലോകത്തിനായി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു.
സായുധ കലാപം, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ പരാമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതക്കും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ എന്നിവയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യദ്രോഹ നിയമം റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. രാജ്യദ്രോഹം എന്ന വാക്ക് നിര്‍ദ്ദിഷ്ട നിയമത്തിലില്ല. ഇതിന് പകരമായി സെഷന്‍ 150 ആണുള്ളത്. പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതക്കും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ക്കെതിരായ നിയമമാണിത്.
‘ആരെങ്കിലും ആസൂത്രിതമായോ അറിഞ്ഞുകൊണ്ടോ, വാക്കുകളിലൂടെയോ, എഴുത്തിലൂടെയോ, ആശയവിനിമയത്തിലൂടെയോ, ആംഗ്യത്തിലൂടെയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ, അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗത്തിലൂടെയോ, സായുധ കലാപത്തിലൂടെയോ, വിഘനവാദ പ്രവര്‍ത്തനത്തിനായി പ്രോത്സാഹിപ്പിക്കുകയോ, ഇന്ത്യയുടെ പരാധികാരത്തിനും അഖണ്ഡതക്കും ഐക്യത്തിനും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയോ, അതില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ ജിവപര്യന്തം ശിക്ഷയോ, ഏഴ് വര്‍ഷം തടവും പിഴയും അനുഭവിക്കേണ്ടി വരും,’ നിയമത്തില്‍ പറയുന്നു.
ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ വധശിക്ഷ നല്‍കുന്ന വ്യവസ്ഥയും കൊണ്ടുവരുമെന്ന് അമിത് ഷാ അറിയിച്ചു. കൂട്ടബലാത്സംഗത്തിന് 20 വര്‍ഷ തടവും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ ജീവപര്യന്തവുമാണ് മറ്റ് ശിക്ഷകള്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കാണ് പുതിയ ബില്‍ പ്രാധാന്യം നല്‍കുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായുള്ള പുതിയ ശിക്ഷകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് ശ്രമിക്കുന്നതെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. ‘അസാധുവാക്കപ്പെടുന്ന നിയമങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുന്നതും അവര്‍ക്ക് ശക്തിപകരുന്നതുമായിരുന്നു. നീതി ഉറപ്പാക്കുക എന്നതായിരുന്നില്ല ശിക്ഷിക്കുക എന്നുള്ളതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇന്ത്യന്‍ പൗരന്റെ അവകാശത്തെ സംരക്ഷിക്കുന്നതാണ് പുതിയ മൂന്ന് നിയമങ്ങളും,’ അമിത് ഷാ പറഞ്ഞു.
Content Highlights: The sedition law has been repealed : amit shah