ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ ദല്‍ഹി എ.കെ.ജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അതിനിടെ സംസ്ഥാനത്ത് തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തിലാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവെപ്പിന് ശേഷം നായകളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും.
കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവെപ്പ്. തെരുവ് നായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് തുടരാനാണ് സന്നദ്ധ പ്രവര്‍ത്തകരുടെ തീരുമാനം.
അതേസമയം, സംസ്ഥാനത്തെ 170 പ്രദേശങ്ങള്‍ തെരുവ് നായ ഹോട്ട്സ്പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയത്.
ജനുവരി മുതല്‍ ആഗസ്റ്റ് വരെ ചികിത്സ തേടിയവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍. ചികിത്സയ്‌ക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതില്‍ കൂടുതലോ സംഭവം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളാണ് ഹോട്ട്സ്പോട്ടായി കണക്കാക്കുന്നത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയത്. 28 പ്രദേശങ്ങള്‍ പട്ടികയിലുണ്ട്. ജില്ലയിലെ 17 ഇടങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. 26 ഹോട്ട്സ്പോട്ടുകളോടെ പാലക്കാടാണ് പട്ടികയില്‍ രണ്ടാമത്.
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ മാത്രം 641 കേസുണ്ട്. അടൂര്‍, അരൂര്‍, പെര്‍ള എന്നിവിടങ്ങളില്‍ 300ല്‍ അധികമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഒരു ഹോട്ട്സ്പോട്ടുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ്.
പരമാവധി തെരുവുനായകള്‍ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അഞ്ചു ലക്ഷം വാക്സിനുകള്‍ തെരുവ് നായകള്‍ക്ക് കുത്തിവെക്കാനായി എത്തിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടര്‍മാര്‍ ഇല്ലാത്ത ആശുപത്രികളില്‍ തൊട്ടടുത്ത പഞ്ചായത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. കൂടുതല്‍ ഡോക്ടര്‍മാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.