കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂക്കിന്‍ തുമ്പത്താണ് 34 പേര്‍ക്ക് അതിദാരുണമായി കൊല്ലപ്പെടേണ്ടി വന്ന സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പൊലീസുകാര്‍ നോക്കി നില്‍ക്കെ നിരവധി മനുഷ്യരാണ് നിസഹായരായി നിലവിളിച്ചത്. ഇന്ത്യയുടെ മതേതര അടിത്തറയ്ക്ക് വലിയ വിള്ളല്‍ ഉണ്ടാകുമോ എന്ന് രാജ്യം ഭയന്ന ദിവസങ്ങള്‍. എന്നാല്‍ ദല്‍ഹി സംഘര്‍ഷം നിയന്ത്രണ വിധേയമായി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ നാടിന് കാവലായി മതങ്ങള്‍ കൊണ്ട് മനസില്‍ അതിര്‍ത്തി വരച്ചിട്ടില്ലാത്ത ചില മനുഷ്യരുണ്ട് ഈ നാട്ടിലെന്നും കൂടി വിളിച്ചു പറയുന്നുണ്ട് ദല്‍ഹി.
സംഘര്‍ഷമേഖലയിലെ സ്‌കൂളില്‍ നിന്ന് പുറത്ത് വന്ന വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ കൈ ചേര്‍ത്ത് പിടിച്ച് കവചം തീര്‍ത്ത് വീടുകളിലെത്തിച്ചതും, വീട് വിട്ട് പാലായനം ചെയ്ത മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗുരുദ്വാരകള്‍ അഭയ കേന്ദ്രമായതും, നമ്മളൊന്നാണ് എന്ന് ഉറക്കെ പറഞ്ഞ് മനുഷ്യര്‍ ഐക്യ റാലി നടത്തിയതും നമ്മള്‍ കേട്ടതാണ്. അക്രമികള്‍ മതം തെരഞ്ഞുപിടിച്ച് വീട് കേറി അക്രമം നടത്തിയപ്പോള്‍ രക്ഷിക്കാന്‍ എത്തിയവര്‍ മതം നോക്കിയില്ല എന്ന വാര്‍ത്ത ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നവര്‍ക്കും രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കും നല്‍കുന്ന ആശ്വാസം ചെറുതല്ല.
തന്റെ അയല്‍വാസിയായ ആറംഗ മുസ്ലീം കുടുംബത്തെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒരു ഹിന്ദു യുവാവിനെ കുറിച്ചുള്ള വാര്‍ത്ത മതേതര ഇന്ത്യയ്ക്ക് അഭിമാനം കൂടിയാണ്്.അയല്‍വാസിയുടെ വീട് അക്രമികള്‍ തീയിട്ടതു കണ്ടതോടെയാണ് അവിടെയുണ്ടായിരുന്ന ആറ് പേരെ രക്ഷിക്കാനായി പ്രേംകാന്ത് ബാഗേല്‍ എന്ന യുവാവ് എത്തിയത്. രക്ഷാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയിലാണ്.വീടിനുള്ളില്‍ കുടുങ്ങിയ തന്റെ സുഹൃത്തിന്റെ പ്രായമായ അമ്മയെ രക്ഷിക്കുന്നതിനിടെയാണ് പ്രേംകാന്തിന് പൊള്ളലേറ്റത്.ശിവ് വിഹാറില്‍ ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ ഐക്യത്തോടെയാണ് ജീവിക്കുന്നതെങ്കിലും കലാപം മറ്റൊരു രീതിയിലേക്കാണ് തങ്ങളെ കൊണ്ടുപോയത് എന്ന സത്യം കൂടി പ്രേം കാന്ത് പറയുന്നുണ്ട്.
ദല്‍ഹിയിലെ തന്നെ യമുന വിഹാറിലെ ജനങ്ങള്‍ അക്രമത്തെ ചെറുത്തത് ഹിന്ദു, മുസ്‌ലിം ഐക്യറാലി നടത്തിയാണ്. മതതിന്റെ പേരില്‍ മനുഷ്യരെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് തങ്ങളുടെ റാലിയെന്ന്് പ്രദേശവാസിയായ മുഹമ്മദ് സജിദ് പറയുന്നത് ദല്‍ഹി വിഷയത്തില്‍ ഒരു വാക്ക് പോലും മിണ്ടാത്ത ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കേള്‍ക്കണം. വിഭാഗീയത പ്രചരിപ്പിക്കാന്‍ യുമുന വിഹാറിലെത്തിയവര്‍ക്ക് താക്കീത് നല്‍കി നാട്ടുകാര്‍ വിട്ടയക്കുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യമുന വിഹാറില്‍ നിന്ന് തന്നെയാണ് സ്‌കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പ്രദേശവാസികള്‍ കൈ ചേര്‍ത്ത് പിടിച്ച് സുരക്ഷയൊരുക്കി എന്ന വാര്‍ത്ത പുറത്ത് വന്നതും. സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടോടി വന്ന മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗുരുദ്വാരകളും ക്രിസ്ത്യന്‍ പള്ളികളും തങ്ങളുടെ വാതിലുകള്‍ തുറന്ന് കൊടുത്തതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ഭജന്‍പുരയില്‍ ജയ്ശ്രീറാം വിളിച്ചെത്തിയ അക്രമത്തിന് ആഹ്വാനം ചെയ്ത യുവാവിനെ ഒരു സംഘം മുസ്‌ലിം യുവാക്കള്‍ പിടികൂടി വിട്ടയക്കുന്ന ദൃശ്യം ഹൈദരാബാദ് എം.പി അസൗദുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മനുഷ്യത്വം ഉയര്‍ത്തിപിടിച്ച യുവാക്കളെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ഒവൈസിയുടെ ട്വീറ്റ്. വടിവാളും ഹോക്കിസ്റ്റിക്കുകളും ഉയര്‍ത്തി സഹജീവിയെന്ന പരിഗണന പോലും നല്‍കാതെ ഒരു വശത്ത് അക്രമം നടക്കുമ്പോള്‍ ഇത്തരം അനുകരണീയ മാതൃകള്‍ കൂടി ഉണ്ടാകുന്നു എന്നത് അഭിമാനമുണ്ടാക്കുന്നത് തന്നെയാണ്.
അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ഹിന്ദു കുടുംബമാണ് സഹായിച്ചതെന്നാണ് ദല്‍ഹി സ്വദേശി മുഹമ്മദ് സലീം പറയുന്നത്. ഹിന്ദു കുടുംബക്കാര്‍ താമസിച്ചിരുന്ന വീടിന്റെ ടെറസില്‍ ഒളിച്ചിരുന്നാണ് താന്‍ ജീവന്‍ സംരക്ഷിച്ചതെന്നും മുഹമ്മദ് സലിം പറയുന്നു. സംഭവത്തെക്കുറിച്ച് മുഹമ്മദ് സലീം പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്ന അദ്ദേഹത്തിന്റെ പരാതിയും ഗൗരവകതരമാണ്. പൊലീസ് ദല്‍ഹി സംഘര്‍ഷത്തെ എത്ര നിഷ്‌ക്രിയമായാണ് സമീപിച്ചത് എന്ന് ് വിളിച്ചോതുന്നത് കൂടിയാണ് മുഹമ്മദ് സലീമിന്റെ പ്രസ്താവന.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹിയില്‍ സംഘര്‍ഷം ആളികത്തിയപ്പോഴും മതമല്ല മനുഷ്യത്വമാണ് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നമ്മളൊന്നാണ് എന്ന് ഉറക്കെ പറഞ്ഞ് സഹജീവിയ്ക്ക് കരുതലും സഹായവും നല്‍കി നിരവധി പേര്‍ നിലകൊണ്ടു എന്ന വാര്‍ത്ത ആശ്വാസത്തോടുകൂടി വായിക്കാം. മതേതര ഇന്ത്യയുടെ അടിത്തറ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഉറച്ച ബോധ്യമുള്ള മനുഷ്യര്‍ കൂടി ഇവിടെയുണ്ടെന്നാണ് ഈ അനുഭവ കഥകള്‍ നമ്മോട് പറയുന്നത്.