| Monday, 17th July 2023, 8:15 am

24 പാര്‍ട്ടികള്‍, 49 നേതാക്കള്‍; പ്രതിപക്ഷ ഐക്യനിരയെ സ്വീകരിക്കാന്‍ ബെംഗളൂരു ഒരുങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഐക്യ യോഗം ഇന്ന് മുതല്‍ ബെംഗളൂരുവില്‍ നടക്കും. താജ് വെസ്റ്റ്എന്‍ഡ് ഹോട്ടലില്‍ രണ്ട് ദിവസമാണ് യോഗം. നേരത്തെ പട്‌നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ ജൂണ്‍ 23ന് ചേര്‍ന്ന ആദ്യ യോഗത്തില്‍ 15 കക്ഷികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവരണത്തെ യോഗത്തില്‍ 24 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ പാര്‍ട്ടികളില്‍ നിന്ന് 49 നേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ എത്തും എന്നാണ് കണക്കുകൂട്ടുന്നത്.

ദല്‍ഹി ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ആം ആദ്മി പാര്‍ട്ടിയും യോഗത്തിനെത്തും. കര്‍ണാടകയിലെ കോണ്‍ഗ്രസാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. വൈകീട്ട് ആറ് മുതല്‍ എട്ട് വരെയാണ് ആദ്യ യോഗം. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കുന്ന വിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും.

 ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിന്‍, നിതീഷ് കുമാര്‍, ഹേമന്ദ് സോറന്‍, മമത ബാനര്‍ജി പാര്‍ട്ടി നേതാക്കളായ ശരദ് പവാര്‍(എന്‍.സി.പി), സീതാറാം യെച്ചൂരി (സി.പി.ഐ.എം), ലാലു പ്രസാദ് യാദവ്(ആര്‍.ജെ.ഡി), ഡി. രാജ (സി.പി.ഐ),
കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതുകൂടാതെ കഴിഞ്ഞ യോഗത്തില്‍ ഇല്ലാതിരുന്ന മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ്(ജോസഫ്) എന്നീ പാര്‍ട്ടികളും യോഗത്തിനെത്തും.

ഇതിനിടെ ബെംഗളൂരുവില്‍ പ്രതിപക്ഷ നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ഓപോസിഷന്‍ പാര്‍ട്ടീസ് വി മീറ്റ്. യുണൈറ്റഡ് വി സ്റ്റാന്‍ഡ്’ എന്ന അടിക്കുറിപ്പിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

നാളെയാണ് പ്രധാന യോഗം. രാവിലെ 11 മുതല്‍ വൈകീട്ട് വരെ ഈ യോഗം തുടരും. പ്രതിപക്ഷ ഐക്യനിരയ്ക്ക് പേര് വേണമോ, ചെയര്‍മാനെ നിശ്ചയിക്കണോ എന്നൊക്കെയുള്ള കാര്യത്തില്‍ ഇന്നും നാളെയും നടക്കുന്ന ചാര്‍ച്ചകളില്‍ തീരുമാനമാകും.

ഇന്ന് രാവിലെ യോഗ നടപടികള്‍ വിശദീകരിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഉച്ചയോടുകൂടി എല്ലാ നേതാക്കളും ബെംഗളൂരുവില്‍ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി ഇന്നത്തെ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നാളത്തെ പ്രധാന ചര്‍ച്ചകളില്‍ അവര്‍ പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട്.

Content Highlight: The second unity meeting of the opposition parties will be held in Bengaluru from today

We use cookies to give you the best possible experience. Learn more