ന്യൂദല്‍ഹി: ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഐക്യയോഗം മാറ്റിവച്ചു. ജൂലായ് 13, 14 തീയതികളില്‍ ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റിവെച്ചത്. മാറ്റിവെച്ച തീയതി അറിയിച്ചിട്ടില്ല.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് ശേഷം അടുത്ത യോഗം ചേരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ്, കര്‍ണാടകയിലെ ബജറ്റ് സമ്മേളനം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിയതെന്ന് ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി അറിയിച്ചു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ബെംഗളൂരു സമ്മേളനം മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബിഹാറിലെ മറ്റൊരു പാര്‍ട്ടിയായ ജെ.ഡി.യുവും സമാന ആവശ്യം ഉന്നയിച്ചിരുന്നു. കര്‍ണാടകയിലെ നേതാക്കളും അസൗകര്യം അറിയിച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ജൂലൈ 13, 14 തീയതികളില്‍ ബെംഗളൂരുവിലായിരിക്കും നടക്കുകയെന്നത് എന്‍.സി.പി നേതാവ് ശരദ് പവാറാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നത്. രണ്ടാം യോഗം ഷിംലയില്‍ നടക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.