Film News
ടോട്ടല്‍ കണ്‍ഫ്യൂഷന്‍; ഗോള്‍ഡിന്റെ പുതിയ പോസ്റ്ററില്‍ മള്‍ട്ടിപ്പിള്‍ പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 27, 07:44 am
Saturday, 27th August 2022, 1:14 pm

ഈ ഓണത്തിന് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലെത്തുന്ന ഗോള്‍ഡ്. പ്രേമം എന്ന ചിത്രത്തിന് ശേഷമെത്തുന്ന അല്‍ഫോണ്‍സ് ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയുമാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം കൗതുകമുണര്‍ത്തുന്നതായിരുന്നു. കഥാപാത്രങ്ങള്‍ വട്ടത്തില്‍ നേരെയും ചെരിഞ്ഞും തല കുത്തനെയുമെല്ലാം നില്‍ക്കുന്ന രീതിയിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. വാഴത്തോട്ടത്തില്‍ നിന്നും രാത്രി ഇറങ്ങി കലിപ്പ് മോഡില്‍ പൃഥ്വിരാജ് നടന്നുവരുന്ന ടീസറും ട്രെന്‍ഡിങ്ങായിരുന്നു.

രണ്ടാമത് പുറത്ത് വിട്ട പോസ്റ്ററും ശ്രദ്ധ നേടുകയാണ്. കണ്‍ഫ്യൂഷനോടെയും ആശങ്കയോടെയും നടന്നുവരുന്ന പൃഥ്വിരാജിന്റെ പല ഭാവങ്ങളാണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പോസ്റ്റര്‍ പങ്കുവെച്ചു.

സെപ്റ്റംബര്‍ എട്ടിനാണ് ഗോള്‍ഡ് റിലീസ് ചെയ്യുന്നത്. സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍, മല്ലിക സുകുമാരന്‍, സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, തമിഴ്‌നാട്ടില്‍ റെക്കോഡ് വിതരണാവകാശ തുകയാണ് ഗോള്‍ഡിന് ലഭിച്ചത്. എസ്.എസ്. ഐ പ്രൊഡക്ഷന്‍സ് 1.25 കോടിക്കാണ് ഗോള്‍ഡിന്റെ വിതരണാവകാശം നേടിയത്. ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് റിലീസ് ചെയ്ത പ്രേമം ഉണ്ടാക്കിയ ഇമ്പാക്റ്റ് ആണ് ഇതിന് പ്രധാന കാരണം. കേരളത്തിനൊപ്പം അല്ലെങ്കില്‍ കേരളത്തിനേക്കാള്‍ ജനപ്രീതി നേടിയിരുന്നു പ്രേമം തമിഴ്‌നാട്ടില്‍. ചിത്രം 275 ദിവസങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു.

Content Highlight: The second released poster of gold movie is gaining attention