|

കടുവയുടെ രണ്ടാം ഭാഗം ആലോചനയിലുണ്ട്, മെഗാസ്റ്റാറുകളില്‍ ആരെങ്കിലും ഒരാള്‍ ചെയ്യണമെന്നാണ് ആഗ്രഹം; തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്. ഇപ്പോഴിതാ കടുവയുടെ രണ്ടാം ഭാഗം ആലോചനായിലുണ്ട് എന്നാണ് ചിത്രത്തിന്റെ തിരക്കഥകൃത്തായ ജിനു വി. ഏബ്രഹാം പറയുന്നത്. ദീപകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിനു ഇക്കാര്യം വ്യക്തമാക്കിയത്.

‘കടുവയുടെ ഒരു പ്രീക്വല്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതായത് കടുവയുടെ അപ്പന്‍ കടുവയുടെ കഥ. കടുവാക്കുന്നേല്‍ കോരുത് മാപ്പിളയുടെ കഥ.

അന്‍പതുകളിലെയും അറുപതുകളിലെയും പാലാ, മുണ്ടക്കയത്തിന്റെ കഥയാണത്. കുടിയേറ്റത്തിന്റെ കഥയാണത്. നമ്മുടെ മെഗാസ്റ്റാറുകളില്‍ ആരെങ്കിലും ഒരാള്‍ ആ ക്യാരക്ടര്‍ ചെയ്താല്‍ കൊള്ളാമെന്ന വലിയ ആഗ്രഹവും എനിക്കുണ്ട്. പക്ഷേ, ആ കഥ സെറ്റാവണം. അവരോട് അതു പറയണം, അവര്‍ക്ക് അത് ഇഷ്ടപ്പെടണം. അങ്ങനെ ഒരുപാടു കടമ്പകളുണ്ട്. ഈ സിനിമയില്‍ തന്നെ കടുവാക്കുന്നേല്‍ കോരുത് മാപ്പിള എന്ന എന്ന കഥാപാത്രത്തെക്കുറിച്ച് ചില പരാമര്‍ശങ്ങളുണ്ട്. അയാള്‍ ചെയ്തിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചുള്ള പറച്ചിലുകളുണ്ട്. അതില്‍ നിന്ന് മനസിലാക്കാം എത്രമാത്രം ശക്തമായ കഥാപാത്രമാണ് അതെന്ന്.
കടുവയ്ക്ക് ഒരു സീക്വലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. കടുവയുടെ അവസാന സീന്‍ കാണുമ്പോള്‍ ഇതിനൊരു സീക്വല്‍ വളരെയധികം ഡിമാന്‍ഡ് ചെയ്യുന്നതായി നിങ്ങള്‍ക്ക് മനസിലാവും. അത്തരത്തിലുള്ള പ്ലാനിങും എന്റെ മനസിലുണ്ട്.’ ; ജിനു വി. ഏബ്രഹാം പറയുന്നു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവേക് ഒബ്രോയ് ചിത്രത്തില്‍ വില്ലനായ ഡി.ഐ.ജിയെ അവതരിപ്പിക്കുന്നു. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight : The second part of Kaduva is under discussion my wish is one of the megastars to do the role says  Jinu v Abraham

Video Stories