Kerala News
കെട്ടകാലത്ത് വെളിച്ചമാകാന്‍ എഴുത്തിനാകട്ടെയെന്ന് വി.ഡി. സതീശന്‍; പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റ് രണ്ടാം എഡിഷന്‍ സമാപിച്ചു
കോഴിക്കോട്: പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ രണ്ടാം എഡിഷന്‍ സമാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്നുവന്നിരുന്ന കള്‍ച്ചറല്‍ ഫെസ്റ്റിനാണ് സമാപനം കുറിച്ചിരിക്കുന്നത്. എഴുത്തുകാരനായ കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.ഇ. അനിതയാണ് സമാപന സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചത്.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്, എന്‍.ഇ. ബാലകൃഷ്ണമാരാരുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പിന്തിരിഞ്ഞോടാന്‍ ശ്രമിക്കുമ്പോള്‍ നമ്മെ കൈപിടിച്ചു ഉയര്‍ത്തുന്ന മനുഷ്യരാണ് എഴുത്തുകാര്‍. താനുള്‍പ്പെടെയുള്ളവരെ എഴുത്തുകള്‍ വളരെയധികം സ്വാധീനിക്കുന്നുവെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ പുനരാവര്‍ത്തനമാണ് 21ാം നൂറ്റാണ്ടിലും നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഹിറ്റ്‌ലര്‍, മുസോളിനി അടക്കമുള്ളവര്‍ ഏകാധിപതികളായി ഭരണം നടത്തിയ കാലമായിരുന്നു ഇരുപതാം നൂറ്റാണ്ട്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആ പഴയ ഏകാധിപത്യം മറ്റൊരു രൂപത്തില്‍ വ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സമൂഹത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ക്ലൗഡ് മീഡിയകളാണെന്നും വി.സി. സതീശന്‍ പറഞ്ഞു. ടെക്‌നോളജി മുഖേന നമുക്ക് താത്പര്യമുള്ളതെല്ലാം നമ്മളിലേക്ക് എത്തിച്ച് ഒരു വിഭാഗം ആളുകള്‍ സമൂഹത്തെ നിയന്ത്രിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ചിന്താശക്തിയില്ലാത്ത വസ്തുക്കളാണ് തോക്കുകളും ബോംബുകളും. എന്നാല്‍ പുതിയ ടെക്‌നോളജിയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മറ്റൊരു രീതിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റില്‍ ഒരു തൊഴില്‍ ബില്‍ പാസാക്കുകയാണെങ്കില്‍, അത് ഈ രാജ്യത്തെ തൊഴിലാളികള്‍ക്ക് വേണ്ടിയായിരിക്കും. എന്നാല്‍ ഇന്ന്, തൊഴില്‍ സമയം എട്ട് മണിക്കൂറില്‍ നിന്ന് പത്തിലേക്ക് മാറ്റുമ്പോള്‍ ഒരാളുപോലും സംസാരിക്കാന്‍ ഈ രാജ്യത്തിലെന്നതാണ് വസ്തുതയെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ഒരു രീതിയിലും സുരക്ഷിതരല്ല. തന്റെ ഫോണ്‍ തിരുവനന്തപുരത്ത് നിന്നാണോ ദല്‍ഹിയില്‍ നിന്നാണോ ടാപ്പ് ചെയ്യുന്നതെന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ മൊസാദിനെ വരെ പേടിക്കേണ്ടതുണ്ട്. ഇതെല്ലം ദുഃഖത്തിലാഴ്ത്തുന്ന വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
‘പണ്ട് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്കുറപ്പായിരുന്നു എന്റെ കാലത്തും എന്റെ മകളുടെ കാലത്തും ഒരു മോശമായ കാലാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരില്ലെന്ന്. എന്നാല്‍ ഇന്നത്തെ കാലാവസ്ഥ മനുഷ്യന് ഭീഷണിയായി മാറിയിരിക്കുന്നു,’ എന്നും വി.ഡി. സതീശന്‍ പറഞ്ഞു.
വംശഹത്യ നടത്തുന്ന എല്ലാ അധികാരികളും ഭീരുക്കളാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മാറിമാറി വരുന്ന കാലങ്ങളെ വിശകലനം ചെയ്തുകൊണ്ട് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നവരാണ് എഴുത്തുകാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കള്‍ ഉൾപ്പെടെയുള്ളവർക്ക് എഴുത്തുകാര്‍ ഒരു പിടിവള്ളിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ കെട്ടകാലത്ത് വെളിച്ചമാകാന്‍ എഴുത്തുകാര്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കോഴിക്കോടിന്റെ രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണെന്ന് മുന്‍ എം.എല്‍.എ പ്രദീപ് കുമാര്‍ പറഞ്ഞു. അത് കോഴിക്കോട് നടന്ന തൊഴിലാളി സമരങ്ങളില്‍ നിന്നും ദേശീയ-നവോന്ഥാന സമരങ്ങളില്‍ നിന്നുമുണ്ടായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോടിന് ലഭിച്ചിരിക്കുന്ന അന്താരാഷ്ട്ര പദവി നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്. അതിനായി കൂടുതല്‍ സാംസ്‌കാരിക വേദികളും സദസുകളും ചര്‍ച്ചകളും ജില്ലയില്‍ ഉണ്ടാകണമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
സാംസ്‌കാരിക നഗരമെന്ന പദവി നിലനിര്‍ത്താന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വിവേചനമില്ലാതെ ശ്രദ്ധ ചെലുത്തണമെന്നും മുന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഈ പദവി നിലനിര്‍ത്തുക എന്നത് എഴുത്തുകാരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എഴുത്തുകാരായ രമേശ് കാവില്‍, എം.എസ്. ബനേഷ് എന്നിവരെഴുതിയ പുസ്തകങ്ങള്‍ എഴുത്തുകാരി എച്ച്മുക്കുട്ടിക്ക് കൈമാറി വി.ഡി. സതീശന്‍ പ്രകാശനം ചെയ്യുകയും ചെയ്തു. രമേശ് കാവില്‍, എം.എസ്. ബനേഷ് എന്നിവര്‍ക്ക് പൂര്‍ണ ഉറൂബ് നോവല്‍ അവാര്‍ഡ് നൽകുകയുമുണ്ടായി. മുന്‍ ഡോ. വി. വേണുവാണ് പുരസ്‌കാരം കൈമാറിയത്. പൂർണയുടെ മാനേജിങ് പാർട്ണർ എൻ.ഇ. മനോഹർ സമാപന സമ്മേളനത്തിൽ നന്ദി അറിയിക്കുകയും ചെയ്തു.
Content Highlight: The second edition of Purna Cultural Fest has concluded