ബിഗ് ബോസ് വീട്ടില്‍ വഴക്ക്.... ജാതി അധിക്ഷേപം, നടപടി എടുക്കാനൊരുങ്ങി ദേശീയ പട്ടികജാതി കമ്മീഷന്‍
Entertainment news
ബിഗ് ബോസ് വീട്ടില്‍ വഴക്ക്.... ജാതി അധിക്ഷേപം, നടപടി എടുക്കാനൊരുങ്ങി ദേശീയ പട്ടികജാതി കമ്മീഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th December 2022, 12:37 pm

സംപ്രക്ഷണം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദി ബിഗ് ബോസ് സീസണ്‍ 16നെതിരെ ജാതി അധിക്ഷേപത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ ഒരുങ്ങി ദേശീയ പട്ടികജാതി കമ്മീഷന്‍. കഴിഞ്ഞ ദിവസം പരിപാടിയില്‍ ഒരു താരം മറ്റൊരു മത്സരാര്‍ത്ഥിക്കെതിരെ നടത്തിയ അധിക്ഷേപത്തിലാണ് ഇത്തരത്തിലൊരു നടപടിയൊരുക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

ബുധനാഴ്ചത്തെ എപ്പിസോഡിലാണ് പ്രശ്‌നങ്ങള്‍ക്ക് ആസ്പദമായ സംഭവമുണ്ടായത്. വികാസ് മണക്തല എന്ന മത്സരാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ (എന്‍.സി.എസ്.സി) ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

സഹമത്സരാര്‍ത്ഥിയായ അര്‍ച്ചന ഗൗതമിനെ വികാസ് മണക്തല ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് ഉയര്‍ന്നുവരുന്ന പരാതി. വിഷയത്തില്‍ എന്‍.സി.എസ്.സി, മഹാരാഷ്ട്ര സര്‍ക്കാര്‍, സംസ്ഥാന പൊലീസ്, പ്രക്ഷേപണ മന്ത്രാലയം, ഷോ പ്രൊഡ്യൂസര്‍മാരായ എന്റിമോള്‍ ഷൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കളേര്‍സ് ടി.വി എന്നിവര്‍ക്കാണ് ദേശീയ പട്ടിക ജാതി കമ്മീഷന്‍ നോട്ടീസ് അയച്ചത്.

എന്‍.സി.എസ്.സി നല്‍കിയ നോട്ടീസ് പ്രകാരം വികാസ് മണക്തലയുടെ പരാമര്‍ശം ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും എസ്.സി, എസ്.ടി നിയമപ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 338 പ്രകാരം കമ്മീഷന്റെ അധികാരം ഉപയോഗിച്ച് ഇതില്‍ അന്വേഷണം നടത്തുമെന്നും പറയുന്നു. വിഷയത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.

അര്‍ച്ചനയും വികാസും തമ്മില്‍ ബുധനാഴ്ചത്തെ എപ്പിസോഡില്‍ തര്‍ക്കം നടക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ ജാതി അതിക്ഷേപം നടത്തുന്നത്. അടുക്കളയില്‍ പാചകവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിക്കുന്നത്. താന്‍ പാചകം ചെയ്യുന്നത് തടസപ്പെടുത്താന്‍ വികാസ് ശ്രമിച്ചപ്പോള്‍ അര്‍ച്ചന അദ്ദേഹത്തോട് ദേഷ്യപ്പെട്ടിരുന്നു.

ഈ സംഭാഷണങ്ങള്‍ വലിയ തര്‍ക്കത്തിലേക്ക് നീളുകയും ചെയ്തു. തുടര്‍ന്നാണ് വികാസ് ജാതി അധിക്ഷേപം നടത്തിയത്. ഇതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയും അര്‍ച്ചന വെള്ളം നിറച്ച പാത്രം തട്ടിമറിക്കുകയും ചെയ്തിരുന്നു.

content highlight: the schedule caste commission took up the case against hindi bigg boss