നന്‍പകല്‍ നേരത്ത് മയക്കത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായ രംഗമായിരുന്നു താന്‍ സുന്ദരമെന്ന വ്യക്തിയാണെന്ന് വാദിക്കാന്‍ ശ്രമിക്കുന്ന ജെയിംസ്. തിയേറ്ററുകളില്‍ വലിയ സ്വീകാര്യതയാണ് ഈ രംഗത്തിന് ലഭിച്ചത്. ഈ രംഗം ചിത്രീകരിക്കുന്നത് നേരിട്ട് കണ്ട അനുഭവം പങ്കുവെക്കുകയാണ് നടന്‍ രാജേഷ് ശര്‍മ. ജെയിംസിന്റെ രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ സെറ്റില്‍ വലിയ കയ്യടിയുണ്ടായെന്ന് രാജേഷ് ശര്‍മ പറഞ്ഞു. ഡൂള്‍ന്യൂസ് പ്രതിനിധി അമൃത ടി. സുരേഷിന് നല്‍കിയ അഭിമുഖത്തിലാണ് നന്‍പകലിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ രാജേഷ് ശര്‍മ പങ്കുവെച്ചത്.
‘ഒരു ആക്ടര്‍ അഭിനയത്തിന്റെ തുടര്‍ച്ച അനുഭവിക്കുന്നത് സിങ്കിളായ ഷോട്ടിലാണ്. ആ പെര്‍ഫോമന്‍സിന്റെ റിസള്‍ട്ട് സെറ്റില്‍ തന്നെയുണ്ടായി. അവിടെ കൂടിനിക്കുന്നവര്‍ അത് കഴിഞ്ഞപ്പോള്‍ കയ്യടിച്ചു. ആ കയ്യടിയുടെ തുടര്‍ച്ചയാണ് തിയേറ്ററിലും സംഭവിച്ചത്. അത് കണ്ട് അനുഭവിച്ച കാര്യമാണ്. ആ സീനില്‍ ഒന്നോ രണ്ടോ ആങ്കിളുകളേ ഉപയോഗിച്ചിട്ടുള്ളൂ. ആ മൂന്ന് ഷോട്ടില്‍ പെര്‍ഫോമന്‍സ് ഉണ്ടായിരുന്നു. ആ ഡയലോഗുകളെല്ലാം മമ്മൂക്ക ബൈഹാര്‍ട്ടാക്കി തന്നെയാണ് പറഞ്ഞത്. എട്ട് മണിക്കും ഒമ്പത് മണിക്കുമിടയിലാണ് ആ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. രണ്ട് ദിവസം കൊണ്ടാണ് എടുത്തത്.
മുപ്പത് ദിവസവും സെറ്റില്‍ തന്നെയായിരുന്നു. ഇതുവരെ കാണാത്ത ഒരു സൗഹൃദം അവിടെ കാണാന്‍ സാധിച്ചു. ഇതുവരെ കാണാത്ത ഒരു മമ്മൂക്കയെ അവിടെ കണ്ടു. അദ്ദേഹം മുഴുവന്‍ സമയം കാരവാനില്‍ പോയിരിക്കുന്ന അവസ്ഥ ഒന്നുമില്ല. ഞങ്ങളുടെ കൂടെ തന്നെ നില്‍ക്കുകയും ഇരിക്കുകയും എന്തെങ്കിലും കൊണ്ടുവന്നാല്‍ ഞങ്ങള്‍ക്ക് തരുകയും ചെയ്തു. ഞങ്ങളോട് തമാശ പറയുകയും അദ്ദേഹത്തിന്റെ എക്സ്പീരിയന്‍സ് പറയുകയും ഒരു കൊച്ചുകുട്ടിയെ പോലെ അവിടെ ഇരുന്ന് കേള്‍ക്കുകയും ചെയ്തു. മാത്രമല്ല, എല്ലാവരും അവരവരുടേതായ അഭിപ്രായങ്ങള്‍ അദ്ദേഹത്തോട് പറയുന്നുണ്ടായിരുന്നു,’ രാജേഷ് ശര്‍മ പറഞ്ഞു.
ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ പറ്റിയും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് ശര്‍മ പങ്കുവെച്ചു.
‘ഇതിന് മുമ്പ് ഒന്നുരണ്ട് പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ലിജോ എന്ന സംവിധായകന്റെ മാജിക്കിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ട് എനിക്ക് കിട്ടിയ അവസരമാണിത്. അങ്ങനെയൊരു അവസരം കൊതിച്ചിരുന്നു. ലിജോയുടെ അസോസിയേറ്റായ ടിനു പാപ്പച്ചന്റെ സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ എന്ന ചിത്രത്തില്‍ ലിജോയ്ക്കൊപ്പം ഒരു കോമ്പിനേഷന്‍ സീനില്‍ അഭിനയിച്ചിട്ടുണ്ട്. ടിനുവിന്റെ പടം അദ്ദേഹം എന്തായാലും കണ്ടിട്ടുണ്ടാവാം.
ഞാന്‍ ഒരു നാടകപ്രവര്‍ത്തകനാണ്. ഈ ചിത്രത്തിലേക്ക് വരാന്‍ എനിക്കവിടെ ഒരു മെറിറ്റ് ഉണ്ട്. എന്നാലും ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ തന്നെ വേണമെന്നില്ലായിരുന്നു. എനിക്കായിരുന്നു ആ റോള്‍ ആവശ്യം. ഡ്രൈവറുടെ റോള്‍ വന്നപ്പോള്‍ ടിനു എന്റെ പേര് സജസ്റ്റ് ചെയ്തിട്ടുണ്ടാവും. അല്ലാതെ ലിജോയുടെ മുമ്പിലേക്ക് എന്റെ പേര് വരാനുള്ള സാധ്യതയില്ല. എന്റെ ക്യാരക്ടര്‍ ഫിക്സ്ഡ് ആയിട്ടില്ലെന്നും സജസ്റ്റ് ചെയ്യപ്പെട്ടിട്ടേയുള്ളൂവെന്നും ആ സെറ്റിലെ എന്റെ ചില സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞിരുന്നു.
ഞാന്‍ നന്നായി വണ്ടി ഓടിച്ചാലേ എനിക്ക് ആ കഥാപാത്രം കിട്ടുകയുള്ളൂ. മമ്മൂട്ടിക്ക് അഭിനയം പോലെ തന്നെ താത്പര്യമുള്ളതാണ് ഡ്രൈവിങ്. അദ്ദേഹത്തെ ഇരുത്തി വണ്ടി ഓടിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് ശരിയാവില്ല. അതുകൊണ്ട് ആലുവയിലെ എന്റെ ഒരു സുഹൃത്തിന്റെ ഡ്രൈവിങ് സ്‌കൂളിലെ ബസ് ഞാന്‍ എടുത്ത് ഓടിച്ചു. സിനിമയില്‍ വളരെ വേഗത്തില്‍ വണ്ടി ഓടിക്കണമെന്ന് ഉറപ്പായിരുന്നു. എയര്‍പോര്‍ട്ടിന്റെ അടുത്തുള്ള വഴിയിലൂടെയും ടൗണില്‍ കൂടിയും വളരെ വേഗത്തില്‍ വണ്ടി ഓടിക്കുന്നതിന്റെ വീഡിയോ എടുത്തു. ആ കഥാപാത്രം ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. വീഡിയോ ടിനുവിന് അയച്ചുകൊടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ ടിനു തിരിച്ച് ഒരു തമ്പ്സ് അപ്പ് ഇട്ടു.
വഴിയിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ തന്നെയാണ് സിനിമ ഷൂട്ട് ചെയ്തത്. അതായിരുന്നു അവര്‍ക്ക് വേണ്ടത്. ഡ്യൂപ്പ് ഒന്നുമുണ്ടാകില്ലെന്ന് ടിനു നേരത്തെ തന്നെ പറഞ്ഞിരുന്നു,’ രാജേഷ് പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: The scene was shot in two days, and the set was applauded when it was over; Rajesh Sharma on Mammootty’s One Shot Performance