| Friday, 26th April 2024, 2:48 pm

'ഞാൻ ധോണിയാണ് വീട്ടിൽ പോവാൻ പണമില്ല, ഒരു 600 രൂപ തരുമോ?' ക്രിക്കറ്റ് ലോകം ഞെട്ടലിൽ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഇതിഹാസനായകന്‍ എം.എസ് ധോണിയുടെ പേരില്‍ ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്താന്‍ ശ്രമം. ധോണിയുടെ പേരില്‍ പണം ചോദിച്ചുകൊണ്ട് ഒരു വ്യാജ അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാരന്‍ സന്ദേശം അയക്കുകയായിയിരുന്നു.

വീട്ടിലേക്ക് തിരിച്ചു വരാന്‍ പണമില്ലാതെ റാഞ്ചിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും 600 രൂപ ആവശ്യമാണെന്നുമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ധോണിയുടെ പേരില്‍ സന്ദേശം അയച്ചത്.

‘ഹായ് ഞാന്‍ എം.എസ് ധോണിയാണ്. എന്റെ സ്വകാര്യ അക്കൗണ്ടില്‍ നിന്നാണ് ഞാന്‍ നിങ്ങള്‍ക്ക് സന്ദേശമയക്കുന്നത് ഞാന്‍ റാഞ്ചിയില്‍ ആണിപ്പോള്‍ ഉള്ളത്. എനിക്ക് വീട്ടില്‍ എത്താന്‍ എനിക്ക് 600 രൂപ ആവശ്യമാണ്. ആ പണം കിട്ടിയാല്‍ എനിക്ക് ബസ്സില്‍ വീട്ടിലേക്ക് പോകാം. വീട്ടിലെത്തിയ ഉടന്‍തന്നെ പണം ഞാന്‍ തിരികെ അയക്കും,’ എന്നാണ് തട്ടിപ്പുകാരന്‍ ധോണിയുടെ പേരില്‍ സന്ദേശം അയച്ചത്.

ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ ആണ് ഈ വിഷയം ചര്‍ച്ചയായി മാറിയത്. ഇതിനു പിന്നാലെ ഇത്തരം തട്ടിപ്പുകാരെ സൂക്ഷിക്കാന്‍ ആളുകളോട് ആവശ്യപ്പെട്ടുകൊണ്ട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയ്യുകയും ചെയ്തു.

‘നിങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന തട്ടിപ്പുകാരെ സൂക്ഷിക്കുക. ബസ് ടിക്കറ്റുകള്‍ ആവശ്യപ്പെട്ടുക്കൊണ്ട് ഇതിഹാസതാരം ധോണിയുടെ പേരില്‍ സന്ദേശം അയക്കുന്നത് നിങ്ങളെ ട്രാപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ ഇത്തരക്കാരില്‍ നിന്നും നിങ്ങള്‍ക്ക് സന്ദേശം ലഭിച്ചാല്‍ അവരെ സൂക്ഷിക്കുക,’ ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എക്സില്‍ പോസ്റ്റ് ചെയ്തു.

അതേസമയം 2024 ഐ.പി.എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിക്കറ്റിന് പിന്നിലും ബാറ്റിങ്ങിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ധോണി നടത്തുന്നത്. ഇതിനോടകം 8 മത്സരങ്ങളില്‍ നിന്നും 91 റണ്‍സാണ് ധോണി ചെന്നൈയുടെ വാലറ്റത്തിറങ്ങി അടിച്ചെടുത്തത്.

നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും നാലു വീതം വിജയവും തോല്‍വിയുമായി എട്ടു പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 28ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ സ്റ്റേഡിയമാണ് വേദി.

Content Highlight: The scammer sent a message from a fake account asking for money in the name of MS Dhoni

We use cookies to give you the best possible experience. Learn more