'അവരെന്റെ പ്രതിശ്രുത വരനെ കൊന്നു'; ന്യൂകാസ്റ്റില്‍ യുണൈറ്റഡ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏറ്റെടുക്കുന്നതിനെതിരെ ജമാല്‍ ഖഷോഗ്ജിയുടെ വധു
World News
'അവരെന്റെ പ്രതിശ്രുത വരനെ കൊന്നു'; ന്യൂകാസ്റ്റില്‍ യുണൈറ്റഡ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏറ്റെടുക്കുന്നതിനെതിരെ ജമാല്‍ ഖഷോഗ്ജിയുടെ വധു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 8:08 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സൗദി അറേബ്യ ഏറ്റെടുക്കുന്നതിനെതിരെ വിമര്‍ശനവുമായി കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധുവായിരുന്ന ഹാറ്റിസ് സെന്‍ഗിസ്.

തന്റെ വരനായിരുന്ന ജമാല്‍ ഖഷോഗ്ജിയെ സൗദി സര്‍ക്കാര്‍ ഏജന്റുമാര്‍ കൊലപ്പെടുത്തിയതാണെന്നും സി.ഐ.എയുടെയും യു.എന്നിന്റെയും റിപ്പോര്‍ട്ടില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് തെളിഞ്ഞെന്നും ഇവര്‍ പറയുന്നു. ദ ഗാര്‍ഡിയന് നല്‍കിയ ലേഖനത്തിലാണ് പ്രതികരണം.

‘ ന്യൂ കാസ്റ്റില്‍ യുണൈറ്റഡ് ആരാധകര്‍ ഒരിക്കലും ക്രൂരമായ അടിച്ചമര്‍ത്തലുകളുടെ ശില്‍പിയായ ഒരാള്‍ അവരുടെ ക്ലബ് പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കില്ലെന്നതില്‍ എനിക്കൊരു സംശയവുമില്ല,’ ലേഖനത്തില്‍ പറയുന്നു.

ഖഷോഗ്ജിയുടെ വധത്തിന് ശേഷം ആഗോളതലത്തില്‍ തകര്‍ന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതിഛായ തിരിച്ചു പിടിക്കാന്‍ വേണ്ടി ഇപ്പോള്‍ ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള കമ്പനികളുടെ ഒരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ലേഖനത്തില്‍ പറയുന്നു.

‘ സൗദി അറേബ്യ ബോക്‌സിംഗ് മത്സരത്തിനും ഒരു ഗോള്‍ ഇവന്റിനും ആതിഥേയത്വം വഹിച്ചു, ഗുസ്തി സംഘടനയായ ഡബ്ല്യു.ഡബ്ല്യു.ഇയുമായുള്ള ദീര്‍ഘകാല കരാര്‍ ഉണ്ട്. ഈ ഇവന്റുകള്‍ ബിന്‍ സല്‍മാന്റെ ഭരണത്തിലുള്ള വിശ്വാസം തിരികെ കൊണ്ടു വരാനുള്ള കേവലം പ്രദര്‍ശനം മാത്രമാണ്. സൗദി ജനങ്ങള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം നല്‍കുന്നതല്ല,’

‘ലോകത്തിലെ ഏറ്റവും ആദരണീയമായ ഫുട്‌ബോള്‍ മത്സരത്തില്‍ കുറ്റവാളികളെയും സ്വേഛാധിപതികളെയും സ്വാഗതം ചെയ്യുന്നില്ലെന്ന് പ്രീമിയര്‍ ലീഗിന് വ്യക്തമാക്കാനുള്ള ഒരവസരമനാണിത്. ഇതുപയോഗിച്ചില്ലെങ്കില്‍ സ്വന്തം പ്രശസ്തി കളങ്കപ്പെടും. ന്യൂകാസ്റ്റില്‍ ഏറ്റെടുക്കാന്‍ പോവുന്നവരുടെ കൈയ്യില്‍ രക്തമുണ്ടെന്ന് ഉറപ്പ്,’ ഹാറ്റിസ് സെന്‍ഗിസ് പറയുന്നു.

ഒപ്പം ഈയടുത്ത് സൗദിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാജകുടുംബാംഗങ്ങളെപറ്റിയും ഇവര്‍ ലേഖനത്തില്‍ പറയുന്നുണ്ട്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് ( പി.ഐ.എഫ്) ആണ് 375 മില്യണ്‍ ഡോളറിന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക