| Tuesday, 6th September 2022, 7:32 pm

ഷമിയെ മുസ്‌ലിം തീവ്രവാദിക്കാക്കിയവര്‍ തന്നെ അര്‍ഷ്ദീപിനെ ഖലിസ്ഥാനിയുമാക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്ങിനെ ഖലിസ്ഥാനിയാക്കാനുള്ള ഒരു കൂട്ടം ആളുകളുടെ സ്ഥാപിതമായ ശ്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. അതിന് ശ്രമിച്ചവരൊക്കെ തന്നെയും ഒരു പ്രത്യേക പ്രത്യയശാസ്ത്രം പിന്തുടരുന്നവരുമാണ്.

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെയായിരുന്നു അര്‍ഷ്ദീപ് സിങ്ങിനെതിരെ വന്‍ തോതിലുള്ള സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നുകള്‍ ഉയര്‍ന്നുവന്നത്.

പാക് താരം ആസിഫ് അലിയുടെ ക്യാച്ച് ഡ്രോപ് ചെയ്തതിനാണ് ഇത്തരക്കാര്‍ അര്‍ഷ്ദീപിനെ കുരിശില്‍ തറക്കാന്‍ ഒരുങ്ങിയത്. ഇന്ത്യ തോല്‍ക്കാന്‍ കാരണം അര്‍ഷ്ദീപ് തന്നെയാണെന്നാണ് ഇവര്‍ വാദിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞ താരമാണ് അര്‍ഷ്ദീപ്. യുവതാരമായ രവി ബിഷ്‌ണോയിയും അര്‍ഷ്ദീപും മാത്രമാണ് ബൗളിങ്ങില്‍ പാകിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തത്.

സീനിയര്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാറും യുസ്വേന്ദ്ര ചഹലും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും റണ്‍ വഴങ്ങിയതാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം. ഇവര്‍ മൂന്ന് പേരുടെയും എക്കോണമി 10ന് മുകളിലായിരുന്നു.

എന്നാല്‍ ഇതെല്ലാം മറന്നുകൊണ്ടാണ് ഇവര്‍ അര്‍ഷ്ദീപിനെ ടാര്‍ഗെറ്റ് ചെയ്യുന്നതും ഖലിസ്ഥാനിയാക്കാന്‍ ശ്രമിക്കുന്നതും.

കളിയെ കളിയായി കാണാന്‍ സാധിക്കാത്ത, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്നത് യുദ്ധമല്ല, മറിച്ച് ക്രിക്കറ്റാണെന്ന് മനസിലാക്കാന്‍ സാധിക്കാത്ത ഒരു കൂട്ടം ആളുകളാണ് അര്‍ഷ്ദീപിനെതിരെയുള്ള സംഘടിത ആക്രമത്തിന് പിന്നില്‍.

അര്‍ഷ്ദീപിന് ഇന്ത്യയില്‍ നില്‍ക്കാനുള്ള അവകാശം പോലുമില്ലെന്ന് ഇക്കൂട്ടര്‍ ഇതിനോടകം തന്നെ പ്രസ്താവിച്ചു കഴിഞ്ഞു.

ഇതാദ്യമായല്ല ഒരു താരത്തിനെതിരെ ഇത്തരത്തിലുള്ള സംഘടിത ആക്രമണമുണ്ടാവുന്നത്. കഴിഞ്ഞ ടി-20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിനുള്ള കാരണമായി അന്ന് ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാട്ടിയത് മുഹമ്മദ് ഷമിയെ ആയിരുന്നു.

ഷമിയുടെ മുസ്‌ലിം ഐഡന്‍ഡിറ്റിയെ ആയിരുന്നു അവര്‍ അന്ന് ടാര്‍ഗെറ്റ് ചെയ്തത്. മുഹമ്മദ് ഷമി പാകിസ്ഥാന്‍ ചാരനാണെന്നും മുസ് ലിം തീവ്രവാദിയാണെന്നുമായിരുന്നു അന്ന് പറഞ്ഞുനടന്നത്.

എന്നാല്‍ ഷമിയെ പോലെ അല്ല അര്‍ഷദീപ് സിങ്. മുഹമ്മദ് ഷമിക്കെതിരെ ഈ ആക്രമണം ഉണ്ടായപ്പോള്‍ അദ്ദേഹം ഓള്‍റെഡി എസ്റ്റാബ്ലിഷ്ഡ് ആയ താരമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കായി വിക്കറ്റുകള്‍ വീഴ്ത്തിയും മത്സരങ്ങള്‍ ജയിപ്പിച്ചും പേരെടുത്ത താരമായിരുന്നു ഷമി.

എന്നാല്‍ അര്‍ഷ്ദീപ് അങ്ങനെയല്ല. യുവതാരമാണ്, ഇന്ത്യയുടെ കരിനീല കുപ്പായത്തിലേക്ക് എത്തിയിട്ട് അധികനാളായിട്ടില്ല. അതിനാല്‍ തന്നെ സമ്മര്‍ദ്ദങ്ങളും ഏറെയായിരിക്കും. ഒരുപക്ഷേ അവന്റെ കരിയര്‍ തന്നെ ഇല്ലാതാവാനും ഈ ആക്രമണം കാരണമാവുമായിരുന്നു.

എന്നാല്‍ അന്ന് ഷമിക്ക് നല്‍കിയ അതേ പിന്തുണ ഇന്ന് ക്രിക്കറ്റ് ലോകം അര്‍ഷദീപിനും നല്‍കുന്ന കാഴ്ചയാണ് കണ്ടത്. ‘നിന്റെ ചോരക്കായി കുരക്കുന്ന വേട്ടപ്പട്ടികള്‍ അവിടുന്ന് കുരക്കട്ടേ… നിന്നെ ഞങ്ങള്‍ കൈയൊഴിയില്ല’ എന്ന തരത്തില്‍ കോഹ്‌ലിയും ഹര്‍ഭജനും ഷമിയും ക്രിക്കറ്റിന് പുറത്തുള്ള വിജേന്ദര്‍ സിങ് അടക്കമുള്ള താരങ്ങളാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഈ സിഖുകാരന് പിന്തുണയുമായെത്തിയത്.

അവര്‍ക്കും പറയാനുള്ളത് ക്രിക്കറ്റിനെ കളിയായി മാത്രം കാണണമെന്നായിരുന്നു. ഇത് നമ്മള്‍ പറയും പോലെ നോര്‍ത്തില്‍ മാത്രമുള്ള പ്രശ്‌നമല്ല, ഇങ്ങ് കേരളത്തിലും കളിയെ കളിയായി കാണാന്‍ സാധിക്കാത്ത ഒട്ടേറെ ആളുകളുണ്ട്. മലയാളത്തിലെ പല ക്രിക്കറ്റ് ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റുകളും അത് അടിവരയിട്ടുറപ്പിക്കുന്നുമുണ്ട്.

ജയപരാജയങ്ങള്‍ കളിയുടെ ഭാഗം തന്നെയാണ്. ഒരു കളി തോറ്റതുകൊണ്ട് ആരും മോശം താരമാവുന്നില്ല.

കളിയെ കളിയായി തന്നെ കാണാം, ക്രിക്കറ്റ് ഒരു ജെന്റില്‍മെന്‍സ് ഗെയിമായി തന്നെ തുടരട്ടെ…

Content Highlight: The same people who made Shami a Muslim terrorist make Arshdeep a Khalistani

We use cookies to give you the best possible experience. Learn more