| Friday, 2nd August 2019, 7:52 pm

'ആര്‍.എസ്.എസ് സൈനിക സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ പഠിക്കുക ആള്‍ക്കൂട്ട കൊലപാതകവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും'; അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍.എസ്.എസ് സ്ഥാപിക്കുന്ന സൈനിക സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ പഠിക്കുക ആള്‍ക്കൂട്ട കൊലപാതകവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷവുമാണെന്ന് യു.പി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്. സര്‍ക്കാര്‍ തന്നെ സൈനിക സ്‌കൂളുകള്‍ നടത്തുമ്പോള്‍ എന്തിനാണ് വേറെ ഇത്തരം സ്‌കൂളുകളെന്നും അഖിലേഷ് ചോദിച്ചു.

സര്‍ക്കാര്‍ നടത്തുന്നതില്‍ നിന്ന് മാറി 40 കോടി രൂപ ചെലവില്‍ സ്വകാര്യ സെനിക സ്‌കൂളുകള്‍ നടത്തുന്നതിന്റെ പിന്നിലെ കാര്യമെന്താണ്?. ആര്‍.എസ്.എസ് സ്ഥാപിക്കുന്ന സൈനിക സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ പഠിക്കുക ആള്‍ക്കൂട്ട കൊലപാതകവും സാമ്യൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷവുമായിരിക്കും. കാരണം ആര്‍.എസ്.എസ് ഈ സ്‌കൂളുകള്‍ ആരംഭിക്കുന്നത് തന്നെ അവരുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം തുടങ്ങുന്ന സ്‌കൂളിലെ ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളാകും ഉണ്ടാകുക. ആര്‍.എസ്.എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ തുടങ്ങുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് സ്‌കൂള്‍ തുടങ്ങുന്നതെന്നും ഭാവിയില്‍ മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും വിദ്യാ ഭാരതി റീജ്യണല്‍ കണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞിരുന്നു.

മുന്‍ ആര്‍.എസ്.എസ് തലവന്‍ രാജേന്ദ്ര സിങ്ങിന്റെ നാടായ ബുലന്ദേശ്വരിലാണ് രാജു ബയ്യ സൈനിക് വിദ്യാമന്ദിര്‍ വരുന്നത്. മുന്‍ സൈനികന്റെ സ്വകാര്യ സ്ഥലത്താണ് സ്‌കൂള്‍ നിര്‍മിക്കുന്നത്.

ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‌കൂളിന്റെ പണികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. സി.ബി.എസ്.സി സിലബസില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിക്കുക.

‘അടുത്തമാസം അഡ്മിഷനുള്ള അപേക്ഷ ക്ഷണിക്കും. 160 കുട്ടികളെയാണ് ആറാം ക്ലാസിലേക്ക് എടുക്കുന്നതെന്നും സൈനിക രക്തസാക്ഷികളുടെ മക്കള്‍ക്ക് 56 സീറ്റുകളില്‍ സംവരണം ഉണ്ടാകുമെന്നും ഗോയല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more