| Sunday, 8th December 2024, 6:21 pm

സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ് രാജ്യം വിട്ടതായി സ്ഥിരീകരിച്ച് റഷ്യ. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വഴങ്ങിയെന്നും ആസാദ് എവിടെയാണെന്നതില്‍ വ്യക്തതയില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഷ്യ ചര്‍ച്ചയില്‍ പങ്കാളിയായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വിമത മുന്നേറ്റത്തിന് പിന്നാലെ ആസാദ് രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

ആസാദ് രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകളിൽ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2015ലെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇടപെട്ട റഷ്യ ആസാദിന് ഭരണത്തില്‍ തുടരാന്‍ പിന്തുണ നല്‍കിയിരുന്നു. നിലവില്‍ സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് റഷ്യ അറിയിച്ചു. രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

സംഘര്‍ഷത്തില്‍ തങ്ങളുടെ പൗരന്മാര്‍ സുരക്ഷിതരാണെന്നും റഷ്യ അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരത്തോളം തടവുകാരുള്ള ഡമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള വലിയ സൈനിക തടവറയായ സെദ്നയ വിമതര്‍ കൈയടക്കിയിരുന്നു. ഇതിനുപിന്നാലെ വിമതര്‍ തടവുകാരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

‘വിമത സംഘ’വും സൈന്യവും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ 200ലധികം പേരാണ് ഇതുവരെ സിറിയയില്‍ കൊല്ലപ്പെട്ടത്. 2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്.

ഒരാഴ്ച്ചയുടെ ഇടവേളയില്‍ സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്. ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോംസിന്റെ പൂര്‍ണ നിയന്ത്രണവും വിമതര്‍ കൈക്കലാക്കുകയായിരുന്നു.

സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്‌ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്‍ അല്‍-ഷാം.

സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങളെല്ലാം എച്ച്.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.

Content Highlight: The Russian Foreign Ministry has confirmed that the Syrian president has left the country

We use cookies to give you the best possible experience. Learn more