| Monday, 4th December 2023, 4:36 pm

മിസോറാമില്‍ ഭരണമുറപ്പിച്ച് സോറം പീപ്പിള്‍സ് മൂവ്മെന്റ്; അടിപതറി മിസോ നാഷണല്‍ ഫ്രണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐസ്വാള്‍: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ 27 സീറ്റുകളും നേടി സംസ്ഥാനത്ത് ഭരണമുറപ്പിച്ച് സോറം പീപ്പിള്‍സ് മൂവ്മെന്റ്. കേവലഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ ആവശ്യമുള്ളിടത്താണ് അതിനെ മറികടന്നുകൊണ്ട് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിനെ സോറം പീപ്പിള്‍സ് മൂവ്മെന്റ് ഭരണത്തില്‍ നിന്ന് താഴെയിറക്കിയത്. 40 സീറ്റുകളില്‍ ബി.ജെ.പി രണ്ടും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. അതേസമയം ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് പത്ത് സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു.

തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം, തിങ്കളാഴ്ച മിസോറാമിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി പുറത്തുവന്നപ്പോള്‍ സംഭവിച്ചത് മറ്റൊരു ചരിത്രം കൂടിയാണ്.

മിസോറാമില്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക അംഗീകാരത്തോടെ മത്സരിച്ച പുതിയ പ്രാദേശിക പാര്‍ട്ടിയായ ലാല്‍ദുഹോമയുടെ സോറം പീപ്പിള്‍സ് മൂവ്മെന്റ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിനെതിരെ ഉജ്ജ്വല വിജയമാണ് കൈവരിച്ചിരിക്കുന്നത്.

2017ല്‍ ആറ് ചെറിയ പ്രാദേശിക പാര്‍ട്ടികളുടെയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെയും ഒരു പൊതു വേദിയായാണ് സോറം പീപ്പിള്‍സ് മൂവ്മെന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെന്ന അംഗീകാരം ഇസഡ്.പി.എമ്മിന് ലഭിച്ചിരുന്നില്ല.

എന്നാല്‍ പൊതുസമൂഹത്തിന്റെ പിന്തുണയോടെ 38 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നു. അവരില്‍ എട്ട് പേര്‍ എം.എല്‍.എ സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ഇത് ഇസഡ്.പി.എമ്മിനെ മിസോറാമിലെ നിര്‍ണായക ഘടകമാക്കി മാറ്റുകയായിരുന്നു.

സോറം പീപ്പിള്‍സ് മൂവ്മെന്റ് തലവനായ ലാല്‍ദുഹോമ സെര്‍ച്ചിപ്പ് സീറ്റില്‍ 2,982 വോട്ടുകള്‍ക്ക് വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിയും എം.എന്‍.എഫ് സ്ഥാനാര്‍ത്ഥിയുമായ ആര്‍. ലാല്‍താംഗ്ലിയാന സൗത്ത് ടുപുയി സീറ്റില്‍ ഇസഡ്.പി.എമ്മിന്റെ ജെജെ ലാല്‍പെഖ്ലുവയോട് പരാജയപ്പെട്ടു. ഐസ്വാള്‍ വെസ്റ്റ്-II മണ്ഡലത്തില്‍ സംസ്ഥാന കാബിനറ്റ് മന്ത്രി ലാല്‍റുത്കിമയെ പരാജയപ്പെടുത്തി ഇസഡ്.പി.എമ്മിലെ ലാല്‍ച്ചന്‍സോവ വിജയിച്ചു.

മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍ മൂവ്മെന്റും കോണ്‍ഗ്രസും 40 നിയമസഭാ സീറ്റുകളിലും മത്സരിച്ചപ്പോള്‍ ബി.ജെ.പി 23 സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. മിസോറാം നിയമസഭയിലേക്ക് 80.43 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സോറംതംഗ തിങ്കളാഴ്ച വൈകിട്ട് നാലിന് ഗവര്‍ണറെ കണ്ടേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കനത്ത സുരക്ഷയില്‍ മിസോറാമിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചു.

Content Highlight: The ruling Mizo National Front suffered a crushing defeat in the Mizoram assembly elections

We use cookies to give you the best possible experience. Learn more