75 വർഷം മുമ്പ് യുദ്ധം ആരംഭിച്ചത് ഇസ്രഈലായിരിക്കാം; എന്നാൽ വിജയിക്കാൻ പോകുന്നത് ഫലസ്തീൻ: ജൂയിഷ് സംഘടന
Israel–Palestinian conflict
75 വർഷം മുമ്പ് യുദ്ധം ആരംഭിച്ചത് ഇസ്രഈലായിരിക്കാം; എന്നാൽ വിജയിക്കാൻ പോകുന്നത് ഫലസ്തീൻ: ജൂയിഷ് സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2023, 9:48 am

ജറുസലേം: ഇസ്രഈലിന്റെ വർണവിവേചനവും അധിനിവേശവും അടിച്ചമർത്തലിൽ യു.എസിന്റെ പങ്കുമാണ് കലാപത്തിന്റെ ഉറവിടമെന്ന് ജൂയിഷ് മനുഷ്യാവകാശ സംഘടന ജൂയിഷ് വോയ്‌സ് ഓഫ് പീസ്.

ഇസ്രഈൽ സർക്കാർ യുദ്ധം പ്രഖ്യാപിച്ചത് ഇപ്പോഴാണെങ്കിലും ഫലസ്തീനുമായുള്ള യുദ്ധം അവർ ആരംഭിച്ചിട്ട് 75 വർഷമായെന്നും അവർ പറഞ്ഞു. അതേസമയം എല്ലായിടത്തും അവസാനം വിജയിക്കുക അടിച്ചമർത്തപ്പെടുന്നവരാണ് എന്നും ജൂയിഷ് സംഘടന പറയുന്നു.

സൈനിക ഫണ്ടുകൾ ലഭ്യമാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഫലസ്തീനികളുടെ മേലെ ഇസ്രഈൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണമെന്നും യു.എസിനോട് സംഘടന ആവശ്യപ്പെട്ടു.

ജൂത ആധിപത്യത്തിന്റെ പേരിൽ ഇസ്രഈലിന്റെ ചരിത്രത്തിലെ ഏറ്റവും വംശീയ, മതമൗലിക, തീവ്ര വലതുപക്ഷമായിട്ടുള്ള സർക്കാർ, സൈന്യത്തെ ഉപയോഗിച്ച് ഫലസ്തീനിൽ ക്രൂരമായ കയ്യേറ്റം നടത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി. ഫലസ്തീനിൽ കൂട്ടക്കൊലയും വീടുകൾ തകർക്കുകയും അഭയാർത്ഥി ക്യാമ്പുകളിൽ റെയ്ഡ് നടത്തുകയും ചെയ്യുകയാണെന്നും ജറുസലേമിലെ മുസ്‌ലിം പുണ്യ സ്ഥലങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്നും ജൂയിഷ് വോയ്‌സ് ഓഫ് പീസ് പറഞ്ഞു.

കഴിഞ്ഞ 16 വർഷമായി ഗാസയിലെ ജനജീവിതം ദുസ്സഹമാക്കിയ ഇസ്രഈൽ സർക്കാർ ആളുകളെ തടങ്കലിലാക്കുകയും 20 ലക്ഷത്തോളം പേരെ പട്ടിണിക്കിടുകയും വൈദ്യ സഹായം നിഷേധിച്ചുവെന്നും അവർ കുറ്റപ്പെടുത്തി.

ക്യാമ്പുകളിലെ ഏഴ് വലിയ ബോംബാക്രമണങ്ങൾ കാരണം 10 വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ ഈ കുറഞ്ഞ പ്രായത്തിനുള്ളിൽ ട്രോമയിലാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഫലസ്തീനിലെ കുട്ടികളെ അതിരാവിലെ കിടക്കയിൽ നിന്ന് പിടിച്ചുവലിച്ചുകൊണ്ടുപോയി ഇസ്രഈലി സൈനികർ കരണമൊന്നുമില്ലാതെ തടവറയിൽ അടക്കുകയാണെന്നും നാട് വിട്ട് പോകുവാൻ ഫലസ്തീനിലെ ജനങ്ങൾ നിർബന്ധിതരാകുകയാണ് എന്നും അവർ പറഞ്ഞു.

കഴിഞ്ഞ 75 വർഷമായ രക്തചൊരിച്ചിലിന് യു.എസിന് നേരിട്ടുള്ള പങ്കുണ്ടെന്നും അവർ ആരോപിച്ചു. സൈനിക ഫണ്ടിങ്ങിലൂടെയും നയതന്ത്ര സുരക്ഷയൊരുക്കിയും കോടിക്കണക്കിന് സ്വകാര്യ ഡോളറുകളുടെ ഒഴുക്കുമെല്ലാം ഇസ്രഈലിനെ കൂടുതൽ വർണവിവേചന രാഷ്ട്രമാക്കിമാറ്റിയെന്നും അവർ വിലയിരുത്തി.

സ്വകാര്യ ഫൗണ്ടേഷനുകളിൽ നിന്നും ഇസ്രഈലിന്റെ ആയുധശേഖരത്തിന് ഫണ്ടുകൾ ഒഴുകുന്നത് തടയാൻ തങ്ങൾ പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

Content Highlight: The Root of Violence Is Oppression from Israel and complicity of US