പേട്ട മെട്രോ സ്‌റ്റേഷനിലെ മതചടങ്ങുകള്‍; തൊഴിലാളിയുടെ കുറിപ്പ് ചര്‍ച്ചയായി, മതനിരപേക്ഷ സമൂഹത്തിന് വിരുദ്ധമാണ് ചടങ്ങുകളെന്ന് പ്രതികരണങ്ങള്‍
Kerala News
പേട്ട മെട്രോ സ്‌റ്റേഷനിലെ മതചടങ്ങുകള്‍; തൊഴിലാളിയുടെ കുറിപ്പ് ചര്‍ച്ചയായി, മതനിരപേക്ഷ സമൂഹത്തിന് വിരുദ്ധമാണ് ചടങ്ങുകളെന്ന് പ്രതികരണങ്ങള്‍
ആല്‍ബിന്‍ എം. യു
Saturday, 30th May 2020, 7:04 pm

തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട സ്‌റ്റേഷന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞു. പണി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഹോമവും പൂജയും നടത്തി. ഇതിനെതിരെ സ്റ്റേഷന്‍ നിര്‍മ്മാണ തൊഴിലില്‍ പങ്കെടുത്ത പ്രദീപ് ഞാണൂരാന്‍ എന്ന തൊഴിലാളി ഫേസ്ബുക്കില്‍ കുറിച്ചത് സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.

പ്രദീപ് ഞാണൂരാന്റെ കുറിപ്പ് ഇങ്ങനെയാണ്

ആധിപത്യം..

പേട്ട മെട്രോ സ്റ്റേഷന്‍ യാത്രക്ക് ഒരുങ്ങി കഴിഞ്ഞു.
മെട്രോസ്റ്റേഷന്‍ ന്റെ നിര്‍മാണത്തില്‍ ഞാനും ഒരു ചെറിയ കരാറുകാരനായിരുന്നു. ആദ്യം മുതല്‍ അവസാന മിനുക്ക് പണി വരെ ഞാനും എന്നോടൊപ്പം ഉള്ള തഴിലാളികളും ഉണ്ടായിരുന്നു..ഒറീസ്സ, ബീഹാര്‍, യു പി രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ആണ് ജോലി മുഴുവന്‍ ചെയ്തത്…
ഇന്നലെ അവസാന മിനുക്കു പണി കഴിഞ്ഞ് അവസാനം ഇറങ്ങിയത് ഞങ്ങളാണ്..

തുടര്‍ന്ന് പൂണൂല്‍ ധാരികളെ വിളിച്ച് വരുത്തി , ഹോമവും പൂജയും.
അങ്ങിനെ അസ്പൃശ്യരായവരുടെ അദ്ധ്വാനം മൂലം ഉണ്ടായ ദോഷങ്ങള്‍ മുഴുവന്‍ കഴുകി കളഞ്ഞു

വിദ്യാ സമ്പന്നരായ ; എഞ്ചിനീറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള മെട്രോ അധികാരികള്‍ .. തങ്ങളുടെ അക്കാദമിക് യോഗ്യതകളൊക്കെ ഒരു പൂണൂല്‍ ധാരിക്ക് അടിയറവ് വച്ച് ;
തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് ദൈവം പാര പണിയാതിരിക്കാന്‍..
ഹോമം നടത്തി
സുരക്ഷിതമായെന്ന് ഉറപ്പിക്കുന്നു

കാര്യം ഞാന്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളു എങ്കിലും..
ഇവരേക്കാള്‍ എത്രയോ ഭേദമാണ് ഞാന്‍ എന്ന് എനിക്ക് അഭിമാനം തോന്നുന്നു.

പൊതു സ്ഥാപനങ്ങളില്‍ ഹോമവും പൂജയും നടത്തേണ്ടതുണ്ടോ എന്ന ചര്‍ച്ചക്കാണ് ഈ പോസ്റ്റ് തുടക്കമിട്ടത്. ഇത്തരം ഹോമവും പൂജയും നടത്തേണ്ടതുണ്ടോ എന്നും ഒരു പ്രത്യേക മതത്തിന്റെ പൂജാ ചടങ്ങുകള്‍ ഒരു മതേതര-ജനാധിപത്യ രാഷ്ട്രത്തിലെ പൊതു സ്ഥാപനങ്ങളില്‍ നടത്തുന്നത് ശരിയാണോ എന്ന ചര്‍ച്ചയും ഉടലെടുത്തു.

മെട്രോയില്‍ നടന്ന പൂജാകര്‍മ്മം കുറ്റകരമാണെന്നും ഭരണഘടനവിരുദ്ധമാണെങ്കില്‍ ആ നടപടിയ്‌ക്കെതിരെ പൊലീസ് ഐ.പി.സി അടിസ്ഥാനമാക്കി ശിക്ഷാ നടപടി സ്വീകരിക്കണമെന്നും യുക്തിവാദി സംഘം നേതാവും വള്ളിക്കുന്ന് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ യു. കലാനാഥന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. മതേതരത്വം ഇന്ത്യയുടെ അടിസ്ഥാന പ്രമാണമാണെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്ന് ദേശീയ ലക്ഷ്യങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി പ്രിയാംബിള്‍ എന്ന് പറയുന്ന ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പറഞ്ഞുവെച്ചിട്ടുള്ളത്. അതിലൊന്ന് സോഷ്യലിസമാണ്, രണ്ടാമത്തേത് സെക്കുലറിസമാണ്, മൂന്നാമത്തേത് ജനാധിപത്യമാണ്. ഈ മൂന്ന് അടിസ്ഥാനപരമായ അടിക്കല്ലിന്‍മേലാണ് ഇന്ത്യയുടെ ഭരണഘടന നമ്മുടെ ജനാധിപത്യ-മതനിരപേക്ഷ സംസ്‌കാരത്തെ വളര്‍ത്തിയെടുത്തത്’

ഇത്തരമൊരു ഭരണഘടനയ്ക്ക് കീഴില്‍ ഭരണകൂടം തന്നെ മതപരമായ കര്‍മ്മങ്ങള്‍ നടത്തുന്നതിന് സൗകര്യം ചെയ്തുകൊടുക്കുന്നത് മതനിരപേക്ഷ തത്വത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അത് ഉയര്‍ന്ന ലെവലിലായും, താഴ്ന്ന ലെവലിലായാലും. കേന്ദ്രമന്ത്രിമാരുടെ ലെവലിലായാലും ഒരു കോണ്‍ട്രാക്ടറുടെ ലെവലിലായാലും. അത് ഒരു പൊതുസ്ഥാപനത്തിന്റെ പരിപാടിയാണെങ്കില്‍, പൊതുഫണ്ട് കൊണ്ടാണ് അത് നിര്‍വഹിച്ചതെങ്കില്‍, തീര്‍ച്ചയായും ആ പരിപാടി നടത്താന്‍ പാടില്ല.’

പൊതുഫണ്ട് കൊണ്ട് നടത്തുന്ന ഒരു സ്വകാര്യ വിദ്യാലയത്തില്‍, പൊതുഫണ്ട് ഉപയോഗിക്കുന്ന ഒരു വിദ്യാലയങ്ങളില്‍ മതവിദ്യാഭ്യാസം നടത്താന്‍ പാടില്ലെന്ന് ഭരണഘടനയുടെ 28ാം വകുപ്പ് അടിവരയിട്ട് പറയുന്നുണ്ട്. പൊതുഫണ്ട് ഉപയോഗിക്കുന്നുണ്ടോ, അവിടെ മതപരമായ വിദ്യാഭാസം ചെയ്യാന്‍ പാടില്ല. എന്നാല്‍ അതിനവിടെ രക്ഷാകര്‍ത്താക്കളുടെ പ്രത്യേക സമ്മതത്തോടെ, സമ്മതമുണ്ടെങ്കില്‍ പ്രത്യേക അനുമതി വാങ്ങി നടത്താം എന്ന അയഞ്ഞ വ്യവസ്ഥയും അതേ വകുപ്പില്‍ പറയുന്നുണ്ടെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പക്ഷെ അതിന്റെ പൊതുതത്വ പ്രകാരം പൊതുഫണ്ട് ചെലവഴിക്കുന്ന ഒരു സ്ഥലത്തില്‍ മതകര്‍മ്മങ്ങള്‍ നടത്താന്‍ പാടില്ലെന്ന അടിസ്ഥാന പ്രമാണം ഭരണഘടനയുടെ 28ാം വകുപ്പിന്റെ ആദ്യ ആശയമാണ്. ആ ആശയമാണ് ഇവിടെ കൊച്ചിയിലെ മെട്രോ സ്റ്റേഷനിലെ പണി പൂര്‍ത്തിയായതിന് ശേഷം മതചടങ്ങുകള്‍ നടത്തിയിട്ടുള്ളത് ഭരണഘടന വിരുദ്ധമായ ഒരു പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ ഭരണകൂടം മതനിരപേക്ഷ ഭരണകൂടമാണ് എന്ന് അവകാശപ്പെടാറുണ്ടെങ്കിലും പല കാര്യങ്ങളിലും പല വിട്ടുവീഴ്ചകളും ചെയ്യാറുണ്ട്. ഒരു പക്ഷെ രാഷ്ട്രീയത്തില്‍ അത് ആവശ്യമായിരിക്കാം. മതവോട്ടുകള്‍ ഉറപ്പിക്കുന്നതിന് വേണ്ടി, മതപ്രീണനത്തിന്റെ ഭാഗമായാണ് അത്തരം അപചയങ്ങള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നടക്കം പലപ്പോളും വന്നിട്ടുള്ളത്. ആ രീതി ഭരണഘടനവിരുദ്ധമാണ്. ഇടതുപക്ഷ സംസ്‌കാരത്തിന് വിരുദ്ധമാണ്- കലാനാഥന്‍ പറഞ്ഞു.

 

മെട്രോയില്‍ മാത്രമല്ല സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പല സ്ഥാപനങ്ങളുടെയും നിര്‍മ്മാണ ഉദ്ഘാടന ചടങ്ങുകളിലും പൂജയും ഹോമവുമൊക്കെ സ്ഥിരമായ ഒരു കാര്യമായി മാറിയെന്ന് പലരും ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിപ്രായം രേഖപ്പെടുത്തി. ഇത് ഒരു സാധാരണമായ കാര്യമായി മാറിയെന്നും ഇനിയെങ്കിലും ഇതിനെ കുറിച്ച് സംസാരിച്ചു തുടങ്ങണമെന്നും പലരും അഭിപ്രായപ്പെട്ടു.

‘നമ്മുടെ മതേതര മണ്ഡലത്തിനകത്ത് ഒരുപാട് ഹിന്ദുത്വ സംഗതികള്‍ ഒളിഞ്ഞു കിടപ്പുണ്ട്. അതൊരു മതേതര പൊതുമണ്ഡലത്തിന് ചേര്‍ന്നതല്ല എന്ന് പലപ്പോളും ആളുകള്‍ ചിന്തിക്കലില്ല. റെയില്‍വേ സ്‌റ്റേഷനോടനുബന്ധിച്ച് ആരാധനാലയങ്ങള്‍, കേരളം വിട്ടുകഴിഞ്ഞാലുള്ള പൊതു ബസ്സുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ ഉപയോഗിക്കുന്നത് കാണാം’- മലയാള ഐക്യവേദി പ്രവര്‍ത്തകന്‍ ഷിജു ദിവ്യ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വിദ്യാലയങ്ങളെ സരസ്വതി ക്ഷേത്രങ്ങള്‍ എന്നൊക്കെ വിളിക്കുന്നതൊക്കെ. ചില കാര്യങ്ങളൊക്കെ പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതേ സമയത്ത് കൃത്യമായിട്ടും വര്‍ണ്ണാശ്രമ ആദര്‍ശങ്ങളെ പിന്‍പറ്റുന്നതും സാധൂകരിക്കുന്നതുമായ സംഗതികളെ മതേതര ജനാധിപത്യ സമൂഹമെന്ന നിലയില്‍ കൈയ്യൊഴിയേണ്ടതുണ്ട്.

നമ്മുടെ ഭരണഘടന തന്നെ ഇന്ത്യയെ നിര്‍വചിക്കുന്ന മതേതര രാഷ്ട്ര സങ്കല്‍പ്പനത്തിന് വിരുദ്ധമാണത്. എല്ലാ മതങ്ങള്‍ക്കും അവരുടെ ആരാധനകള്‍ക്കും വിശ്വാസങ്ങള്‍ക്കും ഉള്ള സ്വാതന്ത്യമുണ്ട്. എന്നാല്‍ ഒരു ഭരണകൂടം അതിന്റെ സ്ഥാപനങ്ങളില്‍ ഇതിന് സ്ഥാനം നല്‍കുന്നത് ഗുണകരമല്ലെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രദീപ് ഞാണൂരാന്റെ കുറിപ്പ് ചര്‍ച്ചയായതിനെ തുടര്‍ന്ന് പലയിടങ്ങളിലായി നടന്ന ഇത്തരം ചടങ്ങുകളുടെ ചിത്രങ്ങളും പലരും കമന്റായി രേഖപ്പെടുത്തി. കുറിപ്പില്‍ ഇപ്പോഴും ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്.

കൊച്ചി മെട്രോ സര്‍വ്വീസ് പേട്ടയിലേക്ക് നീട്ടുകയാണ്. തൈക്കുടം മുതല്‍ പേട്ട വരെയുള്ള സര്‍വ്വീസ് ഉടനെ തന്നെ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അടുത്ത മാസം സര്‍വ്വീസ് ആരംഭിക്കുമെന്നാണ് വിവരം. തൈക്കുടം മുതല്‍ പേട്ട വരെ സര്‍വ്വീസ് ആരംഭിച്ചാല്‍ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

 

ആല്‍ബിന്‍ എം. യു
സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.