കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന്‍ ഒരുങ്ങുന്നതിനിടെ പ്രതിഷേധവുമായി അഫ്ഗാന്‍ സ്ത്രീകള്‍. വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവകാശം നല്‍കണമെന്ന് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയ സ്ത്രീകള്‍ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലാണ് അമ്പതിലധികം വരുന്ന സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സര്‍ക്കാരില്‍ സ്ത്രീകളെ ഭാഗമാക്കണം. ജോലി ചെയ്യാനും വിദ്യഭ്യാസം നേടാനും സുരക്ഷയ്ക്കും സ്ത്രീകള്‍ക്ക് അവകാശം വേണം എന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
തങ്ങള്‍ക്ക് ഭയമില്ല. ഏക സ്വരത്തോടെയാണ് തങ്ങള്‍ ഇത് ആവശ്യപ്പെടുന്നത്. എന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ബസീറ ടഹേരി പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുമെങ്കിലും അവരെ ക്യാബിനറ്റിലോ ഏതെങ്കിലും ഉയര്‍ന്ന പദവിയിലോ ഉള്‍പ്പെടുത്തില്ലെന്നാണ് ആദ്യ താലിബാന്‍ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സ് നേരത്തെ പറഞ്ഞത്.
നേരത്തെ കാബൂളിലെ വാസിര്‍ അക്ബര്‍ ഖാന്‍ മേഖലയിലും പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത് എത്തിയിരുന്നു. നിയമ നിര്‍മാണത്തിലും രാഷ്ട്രീയത്തിലും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും തുല്യമായ അവകാശങ്ങള്‍ വേണമെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമായിരുന്നു ഉണ്ടായിരുന്നത്. ഇസ്‌ലാമിക നിയമസംഹിതയായ ശരീഅത്ത് പ്രകാരമുള്ള ഭരണമാണ് താലിബാന്‍ നടത്തിയിരുന്നത്. ഈ നിയമപ്രകാരം സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാനും ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങാനും പാടില്ല എന്നും താലിബാന്റെ നിഷ്‌കര്‍ഷയുണ്ടായിരുന്നു.
സോര്‍ വിപ്ലവാനന്തരം കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പിലാക്കിയ എല്ലാ നിയമ സംവിധാനങ്ങളും മുഴുവനായി അട്ടിമറിക്കപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ പൊതുവിടങ്ങളിലെ ജോലിയും അവരുടെ വോട്ടവകാശവും എല്ലാം തന്നെ താലിബാന്‍ അവസാനിപ്പിച്ചിരുന്നു. ഈ അവകാശങ്ങള്‍ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്.
ഇതിനിടെ താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക രാജ്യം വിട്ടിരുന്നു. ടോളോ ന്യൂസിലെ ബെഹസ്ത അര്‍ഗന്ദാണ് അഫ്ഗാന്‍ വിട്ടത്. ആഗസ്റ്റ് 17 നാണ് ബെഹസ്ത താലിബാന്‍ നേതാവിന്റെ അഭിമുഖം ചെയ്തത്. ഇതോടെ അഫ്ഗാന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി ഒരു താലിബാന്‍ നേതാവിന്റെ അഭിമുഖമെടുത്ത ആദ്യ മാധ്യമപ്രവര്‍ത്തക എന്ന നേട്ടവും ബെഹസ്ത സ്വന്തമാക്കിയിരുന്നു.
അഭിമുഖത്തില്‍ തലസ്ഥാനമായ കാബൂളില്‍ വീടുതോറുമുള്ള തിരച്ചിലുകളെക്കുറിച്ചും താലിബാന്റെ ഭാവി പദ്ധതികളെക്കുറിച്ചും ബെഹസ്ത നേതാവിനോട് ചോദിച്ചിരുന്നു.
24 വയസ് മാത്രമുള്ള ബെഹസ്തയുടെ അഭിമുഖം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ പേടിയുള്ളതിനാലാണ് രാജ്യം വിടുന്നതെന്നാണ് ബെഹസ്ത സി.എന്‍.എന്നിനോട് പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
The right to education and employment should be included, and women should be included in government; Afghan women protest against Taliban