| Sunday, 21st October 2018, 10:35 pm

ആ ഉടമ്പടിയില്‍ നടയടക്കാനുള്ള അവകാശത്തെ കുറിച്ചു പറയുന്നില്ല; ശശികുമാര വര്‍മ്മയുടെ വാദം തള്ളി കെ.പി ശങ്കരദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല ക്ഷേത്രം അടച്ചിടാന്‍ കഴിയുമെന്ന പന്തളം കുടുംബത്തിന്റെ വാദം നിഷേധിച്ച് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ്. പന്തളം കൊട്ടാരത്തിന്റെ അധികാരത്തെ പറ്റിയോ മേല്‍ശാന്തി നിയമനത്തെ പറ്റിയോ കവനന്റ് ഉടമ്പടിയില്‍ പരാമര്‍ശിക്കുന്നില്ലെന്നും ശങ്കരദാസ് പറഞ്ഞു.

1949 ല്‍ തിരുവിതാംകൂര്‍ രാജാവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകുമെന്നായിരുന്നു പന്തളം കുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞത്. എന്നാല്‍ കവനന്റ് ഉടമ്പടിയില്‍ അത്തരം അവകാശങ്ങളെ കുറിച്ച് പറയുന്നില്ലെന്നാണ് ശങ്കരദാസ് പറയുന്നത്.


Read Also : നടയടക്കണമെന്ന് പറയാനുള്ള അവകാശം പന്തളം കൊട്ടാരത്തിന് തന്നെയെന്ന് ശശികുമാര വര്‍മ്മ


1949 ജൂലൈ 1 നാണ് കവനന്റ് ഉടമ്പടി രൂപീകരിച്ചതെന്നും തിരുവിതാംകൂര്‍-കൊച്ചി സംയോജനവുമായി ബന്ധപ്പെട്ടതാണ് ഈ ഉടമ്പടിയെന്നും വ്യക്തമാക്കിയ ശങ്കരദാസ പന്തളം കുടുംബത്തിന്റെ അധികാരത്തെ പറ്റിയോ മേല്‍ശാന്തി നിയമനത്തെ പറ്റിയോ ഈ ഉടമ്പടിയില്‍ പരാമര്‍ശിക്കുന്നില്ലെന്നും പന്തളം കുടുംബ പ്രതിനിധിയുടെ കയ്യില്‍ രേഖയുണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും പറഞ്ഞു.

“കൊല്ലവര്‍ഷം 96 ല്‍ പന്തളം കൊട്ടാരത്തിന് കീഴിലുളള 48 ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിന് കൈമാറിയതായാണ് രേഖ. 48 ക്ഷേത്രങ്ങളും പരിപാലിക്കുന്നതില്‍ പന്തളം കൊട്ടാരത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ക്ഷേത്രം തിരുവിതാംകൂര്‍ കൊട്ടാരത്തിന് കൈമാറിയത്. കടബാധ്യതകളെ തുടര്‍ന്നായിരുന്നു ഭൂമിയും ക്ഷേത്രവും തിരുവിതാംകൂര്‍ കൊട്ടാരാത്തിന് നല്‍കിയത്. ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങള്‍ പിന്നീട് തിരുവിതാംകൂറിനായിരുന്നുവെന്നാണ് ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നത്”: ശങ്കരദാസ് വ്യക്തമാക്കി.

“കവനന്റ് ഉടമ്പടി വരുന്നതും ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതും 1949 ലാണ്. പിന്നീട് ക്ഷേത്രത്തില്‍ അധികാരം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിപ്പോയി. കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ കമ്മീഷനെ കോടതി നിയമിച്ചു. ജ.തോമസ് കമ്മീഷന്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിയെ നറുക്കിട്ട് നിയമിക്കുമ്പോള്‍ അതിലേക്ക് പന്തളം കൊട്ടാരത്തില്‍നിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചു.”ശങ്കര്‍ ദാസ് പറയുന്നു.

മേല്‍ശാന്തിമാരുടെ നറുക്കെടുപ്പിന് മേല്‍നോട്ടം വഹിയ്ക്കാന്‍ ഒരു പ്രതിനിധിയെ അയയ്ക്കാമെന്നല്ലാതെ അടച്ചിടാന്‍ അവകാശമുണ്ടെന്നതിന് രേഖകളില്ലെന്നും ശങ്കര്‍ദാസ് കൂട്ടിച്ചേര്‍ത്തു.

കടയടക്കുന്നതുപോലെ നടയടക്കാന്‍ പറ്റുമോയെന്ന് കഴിഞ്ഞദിവസം മന്ത്രി ജി സുധാകരന്‍ ചോദിച്ചിരുന്നു. ഈ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്നും ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പന്തളം കുടുംബത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം മണിയും രംഗത്തെത്തിയിരുന്നു. രാജഭരണം കഴിഞ്ഞുപോയെന്നത് പന്തളം രാജകുടുംബം മറന്ന് പോയിരിക്കുകയാണെന്നും ഇപ്പോള്‍ ജനാധിപത്യം ആണുള്ളതെന്നും എം.എം മണി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more