|

തടവുകാരുടെ എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗം; നിരാഹാരസമരത്തിനൊരുങ്ങി മവോയിസ്റ്റ് നേതാവ് രൂപേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതിയാവശ്യപ്പെട്ട് നിരാഹാരസമരത്തിനൊരുങ്ങി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ്. രൂപേഷിന്റെ പങ്കാളി പി.എ. ഷൈനയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

രൂപേഷ് നോവല്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി അപേക്ഷ നല്‍കി ഒരു മാസത്തിനു ശേഷവും ജയില്‍ വകുപ്പ് ഔദ്യോഗികമായി ഒരു തീരുമാനവുമെടുക്കാത്തതിലും വാക്കാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ല എന്നറിയിച്ചതിനാലുമാണ് ഈ വരുന്ന മാര്‍ച്ച് രണ്ട് മുതല്‍ (സ: രാജന്‍ രക്തസാക്ഷി ദിനം) അനിശ്ചിതകാല നിരാഹാരമാരംഭിക്കുന്നതെന്നും ഷൈന അറിയിച്ചു. അധികൃതരുടെ നിയമ നിഷേധത്തിനെതിരേയുള്ള രൂപേഷിന്റെ പോരാട്ടത്തിനോട് ഐക്യപ്പെടുവാന്‍ എല്ലാ ജനാധിപത്യവാദികളോടും അഭ്യര്‍ത്ഥിക്കുന്നതായും ഷൈന പറഞ്ഞു.

രൂപേഷിന്റെ രണ്ടാമത്തെ നോവല്‍ പൂര്‍ണമായും ജയിലില്‍ വെച്ചെഴുതിയതാണെന്നും ഈ നോവല്‍ പ്രസിദ്ധീകരിക്കുന്നതിന് ജയില്‍ വകുപ്പില്‍ നിന്നും അനുമതി തേടി അപേക്ഷ നല്‍കിയെങ്കിലും ഇതിന് അനുമതി നല്‍കാന്‍ സാധ്യമല്ലെന്ന് ജയില്‍ അധികൃതര്‍ വാക്കാല്‍ അറിയിക്കുകയുണ്ടായെന്നും ഷൈന പറഞ്ഞു.

ജയിലിനകത്ത് വെച്ച് എഴുതപ്പെട്ട ഈ നോവലില്‍ ജയില്‍, യു.എ.പി.എ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കുന്നതിന് പറയപ്പെട്ട കാരണങ്ങളെന്നും ഷൈന കൂട്ടിച്ചേര്‍ത്തു.

‘ഒരാളുടെ എഴുത്തില്‍ അയാള്‍ ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളുടെ പ്രതിഫലനം ഉണ്ടാകും എന്നതൊരു സാമാന്യമായ സംഗതിയാണ്. തടവുകാരുടെ അവകാശങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ക്വില്‍ ഫൗണ്ടേഷന്‍ റിസര്‍ച്ചറായ ബാല്‍ജിത് കൗര്‍ ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ (ഇ.പി.ഡബ്ല്യൂ) എഴുതിയ ലേഖനത്തില്‍ ജയിലിനെ കുറിച്ചും അവിടത്തെ അന്തരീക്ഷത്തെ കുറിച്ചും പൊതു സമൂഹത്തിന് അവബോധം സൃഷ്ടിക്കാന്‍ തടവുകാരുടെ എഴുത്തുകള്‍ സഹായിക്കുകയും അത് ജയില്‍ നവീകരണത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു,’ ഷൈന കുറിച്ചു.

നിരവധി വിധിന്യായങ്ങളില്‍ സുപ്രീം കോടതി തടവുകാരുടെ എഴുതാനും വായിക്കാനും എഴുതിയത് പ്രസിദ്ധീകരിക്കാനുമുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് എടുത്തു പറയുന്നുണ്ടെന്നും ഷൈന പറഞ്ഞു.

സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്രയും പ്രഭാകര്‍ പാണ്ഡുരങ്കും തമ്മിലുള്ള കേസില്‍ തടവുകാര്‍ക്കും ഭരണഘടനയുടെ 21ാം അനുഛേദത്തില്‍ പറയുന്ന ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മറ്റു മൗലികാവകാശങ്ങളോടൊപ്പം അനുഭവ വേദ്യമാക്കണമെന്ന് 1966ല്‍ തന്നെ സുപ്രീം കോടതി പറയുന്നുണ്ടെന്നും ഷൈന കൂട്ടിച്ചേര്‍ത്തു. ഈ കേസില്‍ ഒരു തടവുകാരന്‍ ജയിലില്‍ കഴിയുന്ന സമയം എഴുതിയ പുസ്തകം പ്രകാശനം ചെയ്യാന്‍ ഭാര്യക്ക് കൈമാറുന്നതിനെ പ്രിസണ്‍ അധികാരികള്‍ തടഞ്ഞത് നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചുവെന്നും ഷൈന കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ നിരവധി കേസുകളില്‍ ജയിലില്‍ നിന്നും പുസ്തകമെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും നിരവധി കേസുകള്‍ അതിന് ഉദാഹരണമാണെന്നും പറഞ്ഞ ഷൈന ഇന്നും പ്രിസണ്‍ ഓഫീസര്‍ ഇത്തരം കാര്യങ്ങള്‍ക്ക് തടയിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

സാധാരണ ഗതിയില്‍ ജയിലില്‍ തടവുകാര്‍ക്കെഴുതാന്‍ വേണ്ട നോട്ടുപുസ്തകങ്ങളും പേനകളും ലഭിക്കുകയെന്നത് തന്നെ എളുപ്പമല്ലെന്നും നിയമപരമായി ഇതിനെല്ലാം തടവുകാര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും സൂപ്രണ്ടിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന ജയില്‍ ചട്ടം കൂട്ടുപിടിച്ച് ഇതെല്ലാം നിഷേധിക്കുന്ന പ്രവണതയാണ് മിക്കവാറും ജയിലുകളില്‍ കണ്ടുവരുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കോടതികളില്‍ പരാതിപ്പെട്ടോ ജയില്‍ അധികൃതരുടെ തടവുകാര്‍ എഴുതുന്ന കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി ആവശ്യപ്പെടുമ്പോള്‍ അത് പലവിധ കാരണങ്ങള്‍ കാണിച്ച് നിഷേധിക്കുകയോ അനന്തമായി വെച്ചുതാമസിപ്പിക്കുകയോ ചെയ്യുന്നതാണ് ജയിലിലെ സ്ഥിരം രീതിയെന്നും ഷൈന പറഞ്ഞു.

രൂപേഷിന്റെ നോവലിന്റെ അവസ്ഥയും വ്യത്യസ്തമല്ലെന്നും എഴുതാനും വായിക്കാനും ആത്മപ്രകാശനത്തിന്റെ സര്‍ഗാത്മക മേഖലകളില്‍ ഇടപെടാനുമുള്ള തടവുകാരുടെ ജനാധിപത്യ അവകാശത്തിന് ഒപ്പം നില്‍ക്കേണ്ടത് ഓരോ ജനാധിപത്യവാദിയുടേയും കടമയാണെന്നും ഷൈന കൂട്ടിച്ചേര്‍ത്തു.

‘ജനാധിപത്യത്തിന്റേയും സര്‍ഗാത്മകതയുടേയും നാമ്പുകളെ അറുത്തു മാറ്റുന്ന, ബുദ്ധിജീവികളേയും എഴുത്തുകാരേയും കലാകാരന്മാരേയും തുറുങ്കിലടക്കുന്ന ഒരു ഏകാധിപത്യ ഫാസിസ്റ്റ് ഭരണവാഴ്ചയോടുള്ള സന്ധിയില്ലാ സമരത്തിന്റെ ഒരു തലം കൂടി ഇതിലുള്‍ച്ചേരുന്നുണ്ട്. നെല്‍സണ്‍ മണ്ടേല ചൂട്ടിക്കാട്ടിയതു പോലെ ഒരു രാജ്യത്തെ ജനാധിപത്യത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ ഏറ്റവും താഴ്ന്ന പദവിയിലുള്ള വ്യക്തിയോട് അത് എങ്ങനെ പെരുമാറുന്നു എന്നതാണ്. ഒരു സമൂഹത്തിലെ ഏറ്റവും താഴ്ന്ന പദവിയില്‍ നില്‍ക്കുന്ന പൗരനാണ് തടവുകാരന്‍ എന്ന തിരിച്ചറിവില്‍ ഇത് ഏറെ സംഗതമായിത്തീരുന്നു,’ ഷൈന ചൂണ്ടിക്കാട്ടി.

ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാഗാന്ധി തുടങ്ങി, അന്റോണിയോ ഗ്രാംഷി, നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ജൂലിയസ് ഫ്യൂചിക് തുടങ്ങി ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രമുഖരായ രാഷ്ട്രീയ തടവുകാര്‍ ജയിലില്‍ നിന്നും നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടെന്നും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇവര്‍ക്കൊക്കെ അവകാശം നിഷേധിച്ചിരുന്നില്ലെന്നും ഷൈന ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. നിലവില്‍ രൂപേഷ് വിയ്യൂര്‍ ജയിലില്‍ കഴിയുകയാണ്.

Content Highlight: The right of prisoners to write and publish is part of the fundamental right; Maoist leader Rupesh prepares for a hunger strike