| Wednesday, 17th July 2024, 8:55 am

കുടുംബഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞ് റവന്യൂ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അട്ടപ്പാടി: കുടുംബഭൂമിയിൽ കൃഷിയിറക്കാനെത്തിയ ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മയെ തടഞ്ഞ് റവന്യൂ വകുപ്പ്. ആദിവാസി ഭൂമി നിയമപ്രകാരം വിധിയായ ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. നഞ്ചിയമ്മയെയും കുടുംബാംഗങ്ങളെയും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തടഞ്ഞുവെച്ചത്.

അഗളിയിലെ പ്രധാന റോഡിന് സമീപത്തുള്ള നാല് ഏക്കര്‍ ഭൂമി ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കാനെത്തിയ നഞ്ചിയമ്മയെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തനിക്ക് ആവശ്യപ്പെട്ട ഭൂമിയില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കൃഷിയിറക്കുമെന്നാണ് നഞ്ചിയമ്മയുടെ തീരുമാനം.

അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും അഗളി പൊലീസുമാണ് നഞ്ചിയമ്മയെ തടഞ്ഞത്. നിലവില്‍ ഭൂമിയില്‍ ഉടമസ്ഥാവകാശം അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു.

കന്തസ്വാമി എന്നയാളും തന്റെ പങ്കാളിയും തമ്മിലാണ് കേസ് ഉണ്ടായിരുന്നത്. 2021ല്‍ തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടായെന്നും നഞ്ചിയമ്മ പ്രതികരിച്ചു. കേസ് നിലനില്‍ക്കെ വ്യാജരേഖ ചമച്ച് ഭൂമിയില്‍ ഉടമസ്ഥാവകാശമുറപ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ചിലരെ സഹായിച്ചുവെന്നും നഞ്ചിയമ്മ പറഞ്ഞു.

കൃഷിയിറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നഞ്ചിയമ്മ വ്യക്തമാക്കി. തലമുറകളായി കൈമാറിവന്ന തങ്ങളുടെ അട്ടപ്പാടി ഭൂമി തിരിച്ചുനല്‍കണമെന്ന് നഞ്ചിയമ്മ ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം ആദിവാസി ഭൂമി നിയമപ്രകാരമുള്ള കേസുകളെയും വിധികളെയും ഉദ്യോഗസ്ഥരും കോടതികളും പരിഗണിക്കുന്നില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കിയ ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കണ്‍വീനര്‍ ടി.ആര്‍. ചന്ദ്രന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലസംബന്ധമായ തീരുമാനങ്ങള്‍ വ്യാഴാഴ്ച കൂടിയാലോചിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlight: The revenue department stopped Nanchiamma who came to cultivate the tribal land

We use cookies to give you the best possible experience. Learn more