| Wednesday, 15th March 2023, 10:32 am

ബ്രഹ്‌മപുരം ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കോര്‍പറേഷന്റേത്; മാലിന്യങ്ങള്‍ നീക്കിയില്ലെങ്കില്‍ വീണ്ടും തീപിടിത്തമുണ്ടാകും: ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കൊച്ചി കോര്‍പറേഷന്റേതെന്ന് ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. ബയോമൈനിങ് പൂര്‍ണ പരാജയമാണെന്നും ഇത് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ യന്ത്രങ്ങള്‍ പ്ലാന്റിലില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ വീണ്ടും തീപിടിത്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ബ്രഹ്‌മപുരം പ്ലാന്‍ില്‍ മാലിന്യം കത്തിക്കാന്‍ വേണ്ട സൗകര്യങ്ങളില്ല. ആകെയുള്ളത് ഒരു ഷെഡ് മാത്രമാണ്. മതിയായ യന്ത്രങ്ങളും ഇവിടെയില്ല. പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടക്കുന്നില്ലെന്നും കൊണ്ടുവരുന്ന മാലിന്യത്തിന്റെ അളവ് കുറക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് എ. വി രാമകൃഷ്ണപിള്ളയാണ് സമിതിയുടെ ചെയര്‍മാന്‍. മാര്‍ച്ച് 13നായിരുന്നു ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച റിപ്പോര്‍ട്ട് സമിതി ഹരിത ട്രൈബ്യൂണലിന് കൈമാറുന്നത്. പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ള സ്ഥലമില്ലെന്ന് ഹൈക്കോടതി നിയോഗിച്ച സമിതിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേര്‍ഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ചത്. ഇന്ന് കൊച്ചി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ കൊച്ചി കോര്‍പറേഷന്‍ പ്രതിനിധികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

Content Highlight: The responsibility of brahmapuram waste plant fire belongs to kochi coporation says report

We use cookies to give you the best possible experience. Learn more