| Friday, 9th September 2022, 3:14 pm

വമ്പന്‍ ഹൈപ്പിലെത്തിയ ബ്രഹ്മാസ്ത്ര തിയേറ്ററുകളില്‍; പ്രേക്ഷക പ്രതികരണങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ പ്രതീക്ഷകളുയര്‍ത്തിയ ബ്രഹ്മാസ്ത്ര തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

ബോയ്‌കോട്ട് ബോളിവുഡ് ക്യാമ്പെയ്‌നിടയിലും തുടര്‍ച്ചയായ പരാജയങ്ങളിലും തളര്‍ന്നിരുന്ന ബോളിവുഡിനെ ബ്രഹ്മാസ്ത്ര കൈ പിടിച്ച് ഉയര്‍ത്തുമോ എന്നായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിയുമ്പോള്‍ സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ബ്രഹ്മാസ്ത്ര മികച്ച അനുഭവമാണ് സമ്മാനിച്ചതെന്ന് ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആലിയയും രണ്‍ബീറും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ഔട്ടായെന്നും ഗംഭീരമായ വിഷ്വല്‍സാണ് കണ്ടതെന്നും പ്രേക്ഷകര്‍ പറയുന്നു. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിനും പ്രേക്ഷകര്‍ കയ്യടിക്കുന്നു. വി.എഫ്.എക്‌സിനും മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന് എല്ലാവരും ഒരുപോലെ കയ്യടിക്കുന്നുണ്ട്.

അതേസമയം ചിത്രം ഭേദപ്പെട്ടതാണെന്നും ദുരന്തമാണെന്നും പറയുന്നവരുമുണ്ട്. പ്രതീക്ഷക്കൊത്ത് ചിത്രം ഉയര്‍ന്നില്ലെന്നും അഭിപ്രായങ്ങളുയരുന്നു. റിലീസിന് മുന്നോടിയായി 1.31 ലക്ഷം ടിക്കറ്റുകളാണ് ഇന്ത്യയെമ്പാടും വിറ്റു പോയത്.

അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രഹ്മാസ്ത്രയുടെ റിലീസിന് മുന്നേ രണ്‍ബീര്‍ കപൂര്‍ ബീഫ് ഇഷ്ടമാണെന്ന് പറയുന്ന വീഡിയോ ക്ലിപ് പ്രചരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിനെതിരെ ബോയ്‌കോട്ട് ക്യാമ്പെയ്ന്‍ നടന്നിരുന്നു. തുടര്‍ന്ന് ഉജ്ജെയിനിലെ മഹാകാലേശ്വര ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ ആലിയയേയും രണ്‍ബീറിനേയും ബജ്‌റഗ് ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് വിവാദമായിരുന്നു.

Content Highlight: The response from the audience is mixed for brahmastra 

We use cookies to give you the best possible experience. Learn more