| Friday, 19th March 2021, 5:22 pm

റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നാല്‍ ട്രംപിന്റെ പാര്‍ട്ടി എന്നല്ല അര്‍ത്ഥം, പക്ഷെ മാധ്യമങ്ങള്‍ക്കിപ്പോഴും അദ്ദേഹത്തെ മതിയായിട്ടില്ല: ട്രംപ് ക്യാംപെയ്ന്‍ ഉപദേഷ്ടാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് അധികാരക്കൈമാറ്റം നടത്താന്‍ തയ്യാറാകാത്തതും ക്യാപിറ്റോള്‍ ആക്രമണവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രംപ് അനുകൂലികളും പ്രതികൂലികളുമായ രണ്ട് പക്ഷങ്ങള്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവരികയാണെന്നും സൂചനയുണ്ടായിരുന്നു.

ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവും ട്രംപിന്റെ ക്യാംപെയ്ന്‍ ഉപദേഷ്ടാവുമായിരുന്ന ജാക്ക് കിംഗ്സ്റ്റണ്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നാല്‍ ട്രംപ് ആണെന്ന ധാരണ ശരിയല്ലെന്നും പാര്‍ട്ടി അടുത്ത തവണ അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും ജാക്ക് കിംഗ്സ്റ്റണ്‍ പറഞ്ഞു.

‘പാര്‍ട്ടി ഇപ്പോള്‍ മികച്ച നിലയിലാണ്. പാര്‍ട്ടിയിലെ ട്രംപ് അനുകൂലികളും പ്രതികൂലികളുമായുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ഉടന്‍ പരിഹരിക്കും. ജനപ്രതിനിധി സഭയും സെനറ്റും പാര്‍ട്ടി തിരികെ പിടിക്കും. ചരിത്രം അങ്ങനെയാണ്. ബുഷ്-ട്രംപ്-ഒബാമ-ക്ലിന്റണ്‍ എല്ലാവരുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്,’ കിംഗ്സ്റ്റണ്‍ പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നാല്‍ ട്രംപിന്റെ പാര്‍ട്ടി എന്നല്ല. അങ്ങനെയുള്ള വാദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം പാര്‍ട്ടിയിലെ ശക്തനായ നേതാവ് തന്നെയാണ്. ട്രംപിനെ പുറത്താക്കാന്‍ പിന്തുണച്ച് വോട്ട് ചെയ്തവര്‍ക്കെതിരെ ഇപ്പോള്‍ പാര്‍ട്ടിയില്‍ മത്സരം നടക്കുകയാണെന്നും ജാക്ക് കിംഗ്സ്റ്റണ്‍ പറഞ്ഞു.

‘ട്രംപിനേക്കാള്‍ വലുതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, പക്ഷെ മാധ്യമങ്ങള്‍ അങ്ങനെയല്ല. അവര്‍ ഇപ്പോഴും ട്രംപിനെ കുറിച്ച് പറഞ്ഞ് മതിയായിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

ജോ ബൈഡന്റെ വിജയത്തെയും ജാക്ക് കിംഗ്‌സ്റ്റണ്‍ പൂര്‍ണ്ണമായും അംഗീകരിച്ചു. ജോ ബൈഡന്‍ വിജയിച്ചു എന്ന് തന്നെ പറയേണ്ടി വരും. ജനങ്ങളുടെ വോട്ട് നേടുക എന്ന കാലങ്ങളായി തുടരുന്ന മാര്‍ഗത്തിലൂടെ തന്നെയാണ് ബൈഡന്‍ ജയിച്ചത്. അത് എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് ശരിയാണ്. പക്ഷെ അദ്ദേഹം ജയിച്ചു എന്നതില്‍ തര്‍ക്കമില്ലെന്നും കിംഗ്സ്റ്റണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: The Republican Party is bigger than Trump: Trump 2020 campaign advisor

We use cookies to give you the best possible experience. Learn more