| Friday, 12th July 2019, 8:26 am

മാധ്യമസ്ഥാപനങ്ങളില്‍ കോടികളുടെ അഴിമതിയെന്ന റിപ്പോര്‍ട്ട് തള്ളി ജമാഅത്തെ ഇസ്‌ലാമി ശൂറ; തീരുമാനത്തില്‍ എതിര്‍പ്പും ഭിന്നതയും ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വന്തം മാധ്യമ സ്ഥാപനങ്ങളില്‍ കോടികളുടെ അഴിമതി നടന്നതായുള്ള അന്വേഷണ റിപ്പോര്‍ട്ട് തള്ളി ജമാഅത്തെ ഇസ്‌ലാമി നേതൃത്വം. സംസ്ഥാന ഉന്നതാധികാര സമിതിയായ ശൂറ കൗണ്‍സിലാണ് റിപ്പോര്‍ട്ട് തള്ളിയത്. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംഘടനയുടെ മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അന്വേഷിക്കാന്‍ ശൂറ സമിതിയെ നിയോഗിച്ചിരുന്നു. അബ്ദുള്‍ ഹക്കീം നദ്‌വി, കൂട്ടില്‍ മുഹമ്മദലി, കെ.എസ് യൂസഫ് ഉമരി, ടി മുഹമ്മദ് വേളം എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. സമിതി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് മെയ് ഒമ്പതിന് ചേര്‍ന്ന ശൂറാ യോഗം ചര്‍ച്ച ചെയ്തിരുന്നു. മാധ്യമത്തില്‍ സ്ഥലമെടുപ്പ്, യന്ത്രങ്ങള്‍ വാങ്ങല്‍ എന്നിവയില്‍ വിവിധ തട്ടുകളില്‍ കോടികളുടെ ക്രമക്കേട് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ശൂറ അംഗവും മുന്‍ സംഘടനാ കാര്യ സെക്രട്ടറിയുമായ ഖാലിദ് മൂസ നദ്വിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് തള്ളിയത്. ഇതിന് പകരം സംസ്ഥാന അമീര്‍ എം.എസ് അബ്ദുള്‍ അസീസ് മറ്റൊരു റിപ്പോര്‍ട്ടുണ്ടാക്കി. ഇതാണ് ശൂറ കൗണ്‍സില്‍ അംഗീകരിച്ചത്. റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതില്‍ താഴെ തട്ടിലിലെ സംഘടന പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമം ദിനപത്രത്തിലും മീഡിയവണ്‍ ചാനലിലും സാമ്പത്തിക അഴിമതി നടക്കുന്നതായി തൊഴിലാളി യൂനിയനുകളടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു. ജമാഅത്ത് നേതാക്കള്‍ ഉള്‍പ്പെട്ട സംഘം നടത്തുന്ന അഴിമതിയും പിടിപ്പുകേടുമാണ് പ്രതിസന്ധിക്കു കാരണമെന്നും ആരോപണമുയര്‍ന്നിരുന്നു. അതിനിടെ, ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്, മാധ്യമം എംപ്ലായീസ് യൂനിയന്‍ സംഘടനാ നേതൃത്വത്തിന് കത്തു നല്‍കി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പരാതികളാണ് പ്രത്യേക സമിതി അന്വേഷിച്ചിരുന്നത്.

ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാധ്യമം ദിനപത്രത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ശമ്പളം ഏറെ വൈകുന്നത് പതിവാണ്. നിരവധി കരാര്‍ തൊഴിലാളികളെ പിരിച്ചു വിട്ടു.മാനേജ്‌മെന്റിന്റെ പിടിപ്പുകേടും സാമ്പത്തിക ധൂര്‍ത്തുമാണ് കമ്പനി നഷ്ടത്തിലാകാന്‍ കാരണമെന്ന് ജീവനക്കാരുടെ യൂനിയന്‍ ജമാഅത്ത് നേതാക്കള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more