ഈപ്പന്‍ പാപ്പച്ചി മുതല്‍ സേതു വരെ; പൊലീസ് വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന ഇന്ദ്രജിത്
Entertainment news
ഈപ്പന്‍ പാപ്പച്ചി മുതല്‍ സേതു വരെ; പൊലീസ് വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന ഇന്ദ്രജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th May 2022, 12:13 pm

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്, അതിഥി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്ത പത്താം വളവ് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

ഒരു ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം തന്നെയാണ് പ്രേക്ഷകര്‍ എടുത്ത് പറയുന്നത്. ഒപ്പം അതിഥി രവിയുടെയും ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച റോളുകളിലൊന്നായി പത്താം വളവിലെ സീത എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നുണ്ട്.

എന്നാല്‍ ഇന്ദ്രജിത്തിന്റെ ആവര്‍ത്തിക്കപ്പെടുന്ന പൊലീസ് വേഷങ്ങളും ഇതിനൊപ്പം തന്നെ ചര്‍ച്ചയാകുന്നുണ്ട്.

മീശ മാധവനിലെ വില്ലനായ എസ്.ഐ ഈപ്പന്‍ പാപ്പച്ചിയില്‍ തുടങ്ങിയതാണ് ഇന്ദ്രജിത്തിന്റെ പൊലീസ് വേഷങ്ങള്‍. പിന്നീട് റണ്‍വേ, പൊലീസ്, ഫിംഗര്‍ പ്രിന്റ്, അച്ഛനുറങ്ങാത്ത വീട്, ചേകവര്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മസാല റിപബ്ലിക്ക്, ഏയ്ഞ്ചല്‍സ്, വേട്ട, കാട് പൂക്കുന്ന നേരം, കുറുപ്പ്, നൈറ്റ് ഡ്രൈവ്, എന്നീ സിനിമകളിലൂടെയും ഇന്ദ്രജിത് പൊലീസ് വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

ഇതില്‍ തന്നെ ഏറ്റലുമൊടുവില്‍ തുടര്‍ച്ചയായി താരത്തിന്റേതായി വന്ന തിയേറ്റര്‍ റിലീസുകളായ കുറുപ്പ്, നൈറ്റ് ഡ്രൈവ്, പത്താം വളവ് എന്നീ മൂന്ന് സിനിമകളിലും താരം ചെയ്യുന്നത് പൊലീസ് വേഷങ്ങള്‍ തന്നെയാണ്.

ഇതില്‍ കുറുപ്പില്‍ ദുല്‍ഖര്‍ നായകനായും ഇന്ദ്രജിത് സഹനടനായും ആണ് എത്തുന്നതെങ്കില്‍ നൈറ്റ് ഡ്രൈവിലും പത്താം വളവും തുല്യ പ്രാധാന്യമുള്ള രണ്ട് നായക കഥാപാത്രങ്ങളിലൊരാളായാണ് താരം എത്തുന്നത്.

കുറുപ്പില്‍ ഡി.വൈ.എസ്.പി കൃഷ്ണദാസിനെയാണ് ഇന്ദ്രജിത് വെള്ളിത്തിരയിലെത്തിക്കുന്നത്. നൈറ്റ് ഡ്രൈവില്‍, എസ്.ഐ ബെന്നി മൂപ്പന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത് എത്തുന്നത്. തുടക്കത്തില്‍ വില്ലന്‍ ടച്ചുള്ള മുരടനായ ഒരു പൊലീസുകാരന്റെ ഇമേജിലാണ് നൈറ്റ് ഡ്രൈവില്‍ ഇന്ദ്രജിത് എത്തുന്നതെങ്കിലും പിന്നീട് ഈ കഥാപാത്രത്തിന്റെ നല്ല വശമാണ് ചിത്രം കാണിച്ച് തരുന്നത്.

അന്ന ബെന്നും റോഷന്‍ മാത്യുവും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഒരു മിഷനില്‍ അവരെ സഹായിച്ചുകൊണ്ട് അവര്‍ക്കൊപ്പം ചേരുകയാണ് പിന്നീട് ബെന്നി മൂപ്പന്‍. ബെന്നി മൂപ്പന്റെ ഫാമിലി ഇമോഷണല്‍ ത്രെഡുകളും ചിത്രത്തില്‍ പറഞ്ഞ് പോകുന്നുണ്ടായിരുന്നു.

നൈറ്റ് ഡ്രൈവിന് ശേഷം ഇറങ്ങിയ ഇന്ദ്രജിത് ചിത്രം എന്നതുകൊണ്ട് കൂടിയായിരിക്കാം പത്താം വളവ് കണ്ടിറങ്ങുമ്പോഴും ചില സ്ഥലങ്ങളിലെങ്കിലും ഇതേ ഫീല്‍ തന്നെ താരം അവതരിപ്പിച്ച സേതു എന്ന പൊലീസുകാരനില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചേക്കാം.

പത്താം വളവിലെ ഇന്ദ്രജിത്തിന്റെ പൊലീസ് കഥാപാത്രം തുടക്കം മുതലേ സൗമ്യനായ ഒരാളാണ്. എങ്കിലും ഫാമിലി ഇമോഷന്‍സ് പറയുന്ന ഈ ചാത്രത്തില്‍ സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രതികാരത്തില്‍ ഒപ്പം നില്‍ക്കുന്ന പൊലീസുകാരനായാണ് സിനിമയുടെ ക്ലൈമാക്‌സ് ആകുമ്പോഴേക്കും സേതു പ്ലേസ് ചെയ്യപ്പെടുന്നത്. ഈ പോയിന്റ് ചൂണ്ടിക്കാണിച്ചും നൈറ്റ് ഡ്രൈവിലെ ബെന്നി മൂപ്പനുമായി പ്രേക്ഷകര്‍ സേതുവിനെ താരതമ്യം ചെയ്യുന്നുണ്ട്.

അഭിലാഷ് പിള്ളയാണ് നൈറ്റ് ഡ്രൈവിന്റെയും പത്താം വളവിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ആവര്‍ത്തിക്കപ്പെടുന്ന തന്റെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ച് ഇന്ദ്രജിത് തന്നെ നേരത്തെ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി പൊലീസ് വേഷങ്ങള്‍ തന്നെ വരുന്ന പശ്ചാത്തലത്തില്‍ വീട്ടില്‍ ഒരു പൊലീസ് യൂണിഫോം തുന്നിവെക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് ഇന്ദ്രജിത്ത് എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് തമാശ രൂപേണ പറഞ്ഞത്.

”ഞാന്‍ ചെയ്യുന്ന മിക്ക കഥാപാത്രങ്ങളും പൊലീസ് വേഷങ്ങളാണെങ്കിലും ഓരോന്നും ഓരോ കഥാപാത്രങ്ങള്‍ ആണല്ലോ. അവരുടെ കഥകള്‍ വ്യത്യസ്തമാണ്. അവരുടെ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അവരുടെ ഫാമിലി വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അതിന്റേതായ വ്യത്യാസം ഈ പറഞ്ഞ വേഷങ്ങളിലെല്ലാം ഉണ്ട്.

ഇതിന് മുമ്പ് ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി തന്നെ ചെയ്ത ഒരു കഥാപാത്രമാണ് പത്താം വളവിലെ സേതു എന്ന കഥാപാത്രം. വളരെ സോഫ്റ്റ് ആയിട്ടുള്ള പൊലീസ് ഓഫീസറാണ്.

നൈറ്റ് ഡ്രൈവിലൊക്കെ കണ്ടപോലെ ഫയര്‍ബ്രാന്റ് പൊലീസ് ഓഫീസറല്ല. കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസിലാവുന്ന, എല്ലാത്തിലും നന്മ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.

കുറുപ്പില്‍ ചെയ്ത കൃഷ്ണദാസില്‍ നിന്നും നൈറ്റ് ഡ്രൈവില്‍ ചെയ്ത ബെന്നിയില് നിന്നും വ്യത്യസ്തനാണ് സേതു. അത് ഒരു ആക്ടറെ സംബന്ധിച്ച് ചലഞ്ചിങ്ങാണ്. അടുപ്പിച്ചടുപ്പിച്ച് പൊലീസ് വേഷം ചെയ്യുമ്പോള്‍ അത് എങ്ങനെ വ്യത്യസ്തമാക്കുന്നു എന്നത് ചാലഞ്ചിങ് ആണ്,” എന്നായിരുന്നു ഇന്ദ്രജിത് അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ ഇന്ദ്രജിത് അവകാശപ്പെടുന്ന ഈ വ്യത്യസ്ത ഓരോ സിനിമകളിലെയും പൊലീസ് വേഷങ്ങളെ ഉടനീളം നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നില്ല എന്നാണ് ചില പ്രേക്ഷകരില്‍ നിന്നുമുയരുന്ന വിമര്‍ശനം.

ഇനി റിലീസ് ചെയ്യാനിരിക്കുന്ന തീര്‍പ്പ്, അനുരാധ, തമിഴ് ചിത്രം മോഹന്‍ദാസ് എന്നീ സിനിമകളിലും താന്‍ പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നതെന്നും ഇന്ദ്രജിത് വ്യക്തമാക്കിയിരുന്നു. ഇത് എത്രത്തോളം വ്യത്യസ്തമായിരിക്കും എന്നാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: The Repeating police roles of Indrajith in the movies Kurupp, Night Drive, Patham Valavu and the upcoming ones