| Sunday, 13th May 2012, 6:40 pm

പാര്‍ട്ടിയെ വെറും കുലം ആക്കുന്നവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സി. ആര്‍ നീലകണ്ഠന്‍

സഖാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചക്കുവന്ന ഒരു വിഷയമാണ് കുലംകുത്തികള്‍. ടി.പി ചന്ദ്രശേഖരന്‍ അടക്കമുള്ളവരെ മുമ്പ് പിണറായി വിജയന്‍ വിളിച്ചതാണ് ഈ പേര്. അതിന്റെ ധാര്‍മ്മികതകളെക്കുറിച്ചല്ല, ഈ വാക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി എങ്ങനെ ബന്ധപ്പെടുത്താനാകുന്നുവെന്നാണിവിടെ ചര്‍ച്ച ചെയ്യുന്നത്. കുലം, ഗോത്രം, കുടുംബം തുടങ്ങിയവയെല്ലാം ഒരു മനുഷ്യന് ജന്മം കൊണ്ട് കിട്ടുന്നതാണ്. അതുമാറ്റാന്‍ നമുക്കവകാശമില്ല.[]

കുലത്തിന്റെ ഐക്യം, സംരക്ഷണം എന്നിവ ഓരോ അംഗത്തിന്റെയും കടമയാണ്. ഓരോ അംഗത്തെയും സംരക്ഷിക്കാന്‍ കുലത്തലവനും തിരിച്ച് കുലംത്തലവനെ സംരക്ഷിക്കാന്‍ ഓരോ അംഗത്തിനും ബാധ്യതയുണ്ട്. ഇതിലാരെങ്കിലും തെറ്റു ചെയ്താല്‍ കുലത്തിനകത്ത് അതു ചര്‍ച്ച ചെയ്യാമെന്നതല്ലാതെ, പുറത്താകുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കുലത്തെ പ്രതിരോധിക്കണം.

രാമായണത്തില്‍ രാവണനെപ്പറ്റി പറഞ്ഞ് രാമപക്ഷം ചേര്‍ന്ന് വിഭീഷണനും മഹാഭാരത യുദ്ധത്തില്‍ എതിര്‍പക്ഷം ചാടിയ യുയുത്സുവുമടക്കമുള്ളവര്‍ “കുലംകുത്തി”കളാണ്. രാവണന്‍ എത്രവലിയ തെറ്റുചെയ്താലും അതിനെ ന്യായീകരിക്കാനുള്ള ബാധ്യത കുലത്തിലെ അംഗങ്ങള്‍ക്കുണ്ടല്ലോ. ഈ വാദമാണ് യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ ഇവിടെ ഉന്നയിക്കുന്നത്. ന്യായീകരിക്കാന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്. (ഇതാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതിയുടെ വ്യാഖ്യാനം) ഇതു ചെയ്യാത്തവര്‍ ശത്രുപക്ഷത്താണ്. പാര്‍ട്ടിദ്രോഹിയാണ്. കേരളത്തിലെ രാഷ്ട്രീയം ഇത്തരം രണ്ടുകുലങ്ങള്‍ (സി.പി.ഐ.എമ്മിനകത്തുള്ളവരും എതിരെയുള്ളവരും) തമ്മിലുള്ള പോരാട്ടമായി പ്രചരിപ്പിക്കാനാണ് സി.പി.ഐ.എം എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പാര്‍ട്ടി നേതാവിനെ എതിര്‍ക്കുന്നവര്‍, ശിക്ഷക്കുവിധേയരാകണമെന്നുപോലും കരുതുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നാണ് ചന്ദ്രശേഖരന്‍ സംഭവം കാണിക്കുന്നത്.

പക്ഷെ ഒരു ജനാധിപത്യ സമൂഹത്തില്‍ പാര്‍ട്ടിയെന്നത് കുലമല്ലെന്ന വസ്തുത അംഗീകരിക്കാന്‍ സി.പി.ഐ.എം നേതാക്കള്‍ക്കാകുന്നില്ലെന്നിടത്താണ്  പ്രശ്‌നം . ഒരാള്‍ ഒരു കക്ഷിയില്‍ അംഗമാകുന്നത് ഇതുകൊണ്ടല്ല. ( പക്ഷെ ഇവിടെ അതാണ് രീതി, പാര്‍ട്ടി കുടുംബം, പാര്‍ട്ടി ഗ്രാം, ഇതൊക്കെ ഇതുകൊണ്ട് കമ്മ്യൂണിസ്റ്റാകുന്നവരുടേതാണ്) സമൂഹത്തെ എങ്ങനെ മാറ്റണം എന്നത് സംബന്ധിച്ചുള്ള നിലപാടാണ് ഒരു പ്രത്യയശാസ്ത്രം. അതു നടപ്പിലാക്കാനുമുള്ള ഒരു ഉപകരണം ആണ് പാര്‍ട്ടി. ചുരുക്കത്തില്‍ പ്രത്യയശാസ്ത്രമാണ്, രാഷ്ട്രീയ നയങ്ങളാണ് ഒരു പാര്‍ട്ടിയുടെ അടിത്തറ. ഓരോ വ്യക്തിക്കും വളരാനുള്ള രാഷ്ട്രീയം സംബന്ധിച്ച് അതിന്റേതായ നിലപാടുകളെടുക്കാം. മാതാപിതാക്കലുടെ രാഷ്ട്രീയം കുട്ടിക്കുണ്ടാകണമെന്നില്ല. ( കുലം, ജാതി, മതം, ഗോത്രം ഇവ പോലെയല്ലെന്നര്‍ത്ഥം), സ്വന്തം ചിന്താശക്തിയും അനുഭവങ്ങളും വച്ച് തീരുമാനിക്കേണ്ടതാണ് രാഷ്ട്രീയം. പക്ഷെ ഇത് അംഗീകരിക്കാന്‍ സി.പി.ഐ.എം തയ്യാറല്ല. ഒരു വീട്ടിലെ നാലുപേര്‍ നാല് വ്യത്യസ്ത കക്ഷികളില്‍ പ്രവര്‍ത്തിക്കുന്നവരാകാമല്ലോ. ഭാര്യയും ഭര്‍ത്താവും രണ്ടുകക്ഷികളില്‍ അംഗങ്ങളാവാം. തനിക്കുവിയോജിപ്പുതോന്നുന്ന ഘട്ടത്തില്‍ ആര്‍ക്കും ഏതു പാര്‍ട്ടിയെയും വിമര്‍ശിക്കാം. കുലത്തിലും കുടുംബത്തിലും ഇതിനു കഴിയില്ല. കാരണം അവയുടെ അടിത്തറ രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല. ബന്ധങ്ങളാണ്. ഇതുതന്നെയാണ് സി.പി.ഐ.എം എപ്പോഴും പറയുന്നത്. അവര്‍ക്കിപ്പോള്‍ പാര്‍ട്ടി പ്രത്യയശാത്രവുമായി ബന്ധമില്ലാത്ത ഒരു സംഘടനയാണ്. സ്ഥാപനമാണ്. അതിന്റെ നേതാക്കളേയും സ്ത്രീകളേയും സംരക്ഷിക്കാന്‍ ഓരോ അംഗവും ബാധ്യസ്ഥരാണ്. സമൂഹത്തിലെ ജനങ്ങള്‍ എന്തുകരുതിയാലും ഇവര്‍ക്കു പ്രശ്‌നമില്ല.

പാര്‍ട്ടി അംഗങ്ങളെ, അണികളെ, കൂടെ നിര്‍ത്തിയാല്‍ ഇതിന് പാര്‍ട്ടി നയം മാറ്റുന്നതിനെ വിമര്‍ശിക്കുന്നത് കുലദ്രോഹം ആകുന്നതെങ്ങനെയാണ്? നയമല്ല സംഘടനയാണ് പ്രധാനം. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ വേണ്ടി സ്വീകരിച്ച ലെനിനിസ്റ്റ് സംഘടനാ രീതി, മാര്‍ക്‌സിസം ഉപേക്ഷിച്ചപ്പോള്‍ വെറും ഫാഷിസ്റ്റ് ആയി. ഇതിനെക്കുറിച്ച് തന്റെ “അരവും കത്തിയും” എന്ന ലേഖത്തില്‍ എം.എന്‍ വിജയന്‍മാഷ് പറഞ്ഞു. ( പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ ഇടപെടരുത്, പാര്‍ട്ടിനയം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാത്രം എന്നു പറയുമ്പോള്‍) പാര്‍ട്ടിയുടെ ജൈവഘടന സങ്കോചിക്കുകയാണ്, പാര്‍ട്ടി അതിന്റെ ഭരണഘടന മാത്രമായി തീരുകയാണ്. ആള്‍ അസ്ഥികൂടത്തിലെ അച്ചുതണ്ടാകുന്നതുപോലെയാണിത് എന്ന്.  ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റ പാര്‍ട്ടിയല്ലാ സി.പി.ഐ.എം എന്നു കരുതുന്നതിലാണ് ഈ പാര്‍ട്ടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്കൊരുചുക്കും അറിയില്ലെന്ന് സെക്രട്ടറി പറഞ്ഞത്.

പക്ഷെ ഒരു ജനാധിപത്യ സമൂഹത്തില്‍ പാര്‍ട്ടിയെന്നത് കുലമല്ലെന്ന വസ്തുത അംഗീകരിക്കാന്‍ സി.പി.ഐ.എം നേതാക്കള്‍ക്കാകുന്നി ല്ലെന്നിടത്താണ്  പ്രശ്‌നം .

സി.പി.ഐ.എം ഒരു പാര്‍ട്ടിയാണോ കുലമോ ഗോത്രമോ ആണോ എന്നതാണ് ചര്‍ച്ച ചെയ്യേണ്ട വിഷയം. കുലമാണെങ്കില്‍ പിണറായി വിജയന്‍ പറഞ്ഞതാണ് ശരി. ആ പ്രത്യയശാസ്ത്രാടിസ്ഥാനത്തില്‍ ജൈവമായ പാര്‍ട്ടിയാണെങ്കില്‍ അതിങ്ങനെ പോരാ. പക്ഷെ നയങ്ങള്‍ക്കിടമപ്പെട്ട പാര്‍ട്ടിയില്‍ അണികളെക്കൂടെ നിര്‍ത്താന്‍ പ്രത്യയശാസ്ത്രത്തിന്റെ പശ പോര, മറിച്ച് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഫെവിക്കോള്‍ തന്നെ വേണം. അണികളും നേതാക്കളും തമ്മിലുള്ള ബന്ധം ഇന്ന് പരസ്പരാശ്രയത്തിന്റേതാണ്. പാര്‍ട്ടി ഉപജീവനമാര്‍ഗമായി കാണുന്നത വലിയൊരു കൂട്ടമുണ്ടവിടെ. അവരാണ് അടിത്തറ. നേതാവിനെ അവര്‍ രക്ഷിക്കും. തിരിച്ചും. ഇതിനെ ചോദ്യം ചെയ്യുന്നവര്‍ അവരെത്ര വലിയ നേതാവായാലും വധിശിക്ഷകര്‍ഹരാണ്. അതുകൊണ്ടാണ് വി.എസിന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിച്ച യുവനേതാവിനെതിരെ ഒരാള്‍പോലും മിണ്ടാത്തത്. കാരണം പ്രത്യയശാസ്ത്രപ്രശ്‌നങ്ങള്‍ ഉന്നയിച്ച് വി.എസ് കുലത്തിന്റെ ഐക്യം തകര്‍ക്കുകയാണ്. പക്ഷെ ഇവിടെ ഒരൊറ്റ പ്രശ്‌നമേയുള്ളൂ. സാധാരണക്കാര്‍ക്ക് രണ്ടു ഗോത്രങ്ങളില്‍ ഒന്നിനെ സ്വീകരിക്കേണ്ടിവരുന്ന രാഷ്ട്രീയ കാലാവസ്ഥയുള്ളതിനാലാണ് ഇന്ന് ഇരുമുന്നണികളും രക്ഷപ്പെട്ടു നില്‍ക്കുന്നത്. പ്രത്യയശാസ്ത്രപരമായി ഇരുകൂട്ടരും തുല്യരാണ്. പക്ഷെ ഇവരണ്ടിനുമപ്പുറത്ത് ലോകം ജനാധിപത്യരാഷ്ട്രീയത്തിന്റെ പുതിയപാതകള്‍ ഉണ്ടെന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ അന്നു തീര്‍ന്നു ഇവരുടെ കുലംകളി. അതിനു ശ്രമിക്കുകയായിരുന്നു ടി.പി ചന്ദ്രശേഖരന്‍ എന്നതാണ് യഥാര്‍ത്ഥ പ്രശ്്‌നം. അവസാനമായി വിജയന്‍മാഷിനെ ഒരിക്കല്‍കൂടി ഉദ്ധരിക്കട്ടെ, പാര്‍ട്ടി ഇത്തരത്തില്‍ പോയാല്‍ പാര്‍ട്ടിയുണ്ടാകും, പിന്നില്‍ ജനങ്ങള്‍ ഉണ്ടാകില്ല” ആ ജനങ്ങള്‍ കുലത്തില്‍ വിശ്വസിച്ച് പാര്‍ട്ടി സ്വീകരിക്കുന്നവരല്ല.

Latest Stories

We use cookies to give you the best possible experience. Learn more