ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കേസ് പരിഗണിക്കവേയുള്ള സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം വിമര്‍ശിക്കപ്പെടുന്നു. പ്രതികള്‍ ചെയ്ത കുറ്റം ഭീകരമാണെന്ന് കരുതി മാത്രം മോചനം നല്‍കുന്നത് തടയാന്‍ കഴിയുമോ എന്നാണ് ജസ്റ്റിസ് രസ്‌തോഗി ചോദിച്ചത്.
കേസ് പരിഗണിക്കവെ ബില്‍ക്കീസ് ബാനുവിനായി ഹാജരായ അഡ്വ. കപില്‍ സിബലിനോടായിരുന്നു രസ്‌തോഗിയുടെ ചോദ്യം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി.
‘അവളുടെ(ബില്‍ക്കീസ് ബാനു) കുടുംബത്തിലെ പത്തിലധികം പേരെ അവര്‍ കൊന്നതുകൊണ്ടു മാത്രം, അവര്‍ അവളെയും അവളുടെ അമ്മയെയും അവളുടെ ബന്ധുവിനെയും കൂട്ടബലാത്സംഗം ചെയ്തതുകൊണ്ടു മാത്രം, അവര്‍ അവളുടെ മൂന്ന് വയസുള്ള മകളെ അടിച്ചുകൊന്നതുകൊണ്ടു മാത്രം. ഇത്രമാത്രമേ പ്രതികള്‍ ചെയ്തിട്ടുള്ളു,’ എന്നാണ് കോടതിയുടെ പരാമര്‍ശത്തെ പരിഹസിച്ച് റാണ അയ്യൂബ് ട്വീറ്റ് ചെയ്തത്.
അതേസമയം, കേസില്‍ ഇളവ് നല്‍കി വിട്ടയച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് നല്‍കി.
വിശദമായ മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 11 പ്രതികളെയും കേസില്‍ കക്ഷിചേര്‍ക്കാന്‍ കോടതി ഹരജിക്കാരോട് നിര്‍ദേശിച്ചു. കേസ് വീണ്ടും രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.
പ്രതികളെ ജാമ്യത്തില്‍ വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്. സി.പി.ഐ.എം എം.പി സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലാല്‍, പ്രൊഫ. രൂപ് രേഖ വര്‍മ എന്നിവരായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിധിക്കെതിരെ ഹരജി നല്‍കിയത്.