കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടണക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊല നടത്തിയത്. കൊലപ്പെടുത്താന്‍ ഏഴംഗ സംഘത്തെ നിയമിച്ചു. കുറ്റകൃത്യത്തിന് ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നേതാക്കളുടെ സഹായം ലഭിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചേര്‍ത്തലയില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് മാസം മുമ്പ് തന്നെ കൊലപാതകത്തിന്റെ ആസൂത്രണത്തിന് രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഡിസംബര്‍ 15നും സംഘം യോഗം ചേര്‍ന്നിരുന്നാതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഷാന്‍ വധക്കേസില്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തവരടക്കം 12 പേരാണ് ഇതുവരെ പിടിയിലായതെന്നാണ് വിവരം. ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ ഇരുവിഭാഗത്തിലും പെട്ട പ്രതികളുടെ പട്ടിക ജില്ല അടിസ്ഥാനത്തില്‍ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചേയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: The remand report related to the murder of SDPI state secretary Shan