| Monday, 8th August 2022, 12:58 pm

സോഷ്യല്‍ മീഡിയയില്‍ വൈറലായി കുട്ടിതാരങ്ങളുടെ ഗോഡ്ഫാദര്‍; റീമേക്ക് ചെയ്തത് ഷൂട്ട് നടന്ന അതേ വീട്ടില്‍; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തേയും ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രമാണ് ഗോഡ്ഫാദര്‍. അഞ്ഞൂറാന്‍ മുതലാളിയുടെയും ആനപ്പാറ അച്ചാമ്മയുടെയും കുടുംബവൈരാഗ്യത്തിന് ഇന്നും ടി.വിയില്‍ കാഴ്ചക്കാരേറെയാണ്.

ഗോഡ്ഫാദറിന്റെ പുനരാവിഷ്‌കാരം നടത്തിയിരിക്കുകയാണ് കുറച്ച് കുട്ടിത്താരങ്ങള്‍. കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ട് നടന്ന അതേ വീട്ടില്‍ വെച്ചാണ് ചിത്രത്തിന്റെ റീമേക്ക് ഷൂട്ട് ചെയ്തിരിക്കുന്നത്. അഞ്ഞൂറാന്‍ മുതലാളിയായും ആനപ്പാറ അച്ചമ്മയായും മാലുവും രാമഭദ്രനും മായിന്‍കുട്ടിയുമൊക്കെയായി ഗംഭീര പ്രകടനമാണ് കുട്ടി താരങ്ങള്‍ കാഴ്ച വെച്ചിരിക്കുന്നത്.

കഥാപാത്രങ്ങളുടെ സൂക്ഷ്മഭാവങ്ങള്‍ വരെ മുഖത്തേക്ക് പ്രതിഫലിപ്പിച്ച കുട്ടികള്‍ കോസ്റ്റിയൂംസ് മുതല്‍ ഹെയര്‍സ്‌റ്റൈല്‍ വരെ സിനിമയിലേത് പോലെയാക്കിയിട്ടുണ്ട്. ദേവാനന്ദ രതീഷ് എന്ന പേജിലാണ് സിനിമയുടെയും റീമേക്കിന്റേയും വീഡിയോകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് വെച്ച് ഷെയര്‍ ചെയ്തിരിക്കുന്നത്.

ദേവാനന്ദ, മാധവ് കൃഷ്ണ, അനയ് കൃഷ്ണ, തന്‍വി റിജോയ്, സൂര്യകിരണ്‍ എസ്. ഷാബു, ശ്രാവണ്‍ കൃഷ്ണ, നിവിന്‍ നായര്‍, നിവേക് നായര്‍, സിയോണ ഷാജി, റയാന്‍ റോബിന്‍, രഞ്ജിത്ത് രമേശ്, മിലന്‍ ജയകുമാര്‍, ജാന്‍വി വല്‍സരാജ്, ശ്രേയ ശ്രീകുമാര്‍, അവനീത് ജെ. മേനോന്‍, നിവേദ് കെ. മുതലായവരാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. നരേന്ദ്രന്‍ കൂടനാണ് വീഡിയോയുടെ ക്യാമറ ചെയ്തിരിക്കുന്നത്. എഡിറ്റിങ്- ബിജു, ആര്‍ട്ട്- സജിദ് മടയില്‍, പ്രശാന്ത് മടയില്‍, ക്യാമറ അസിസ്റ്റന്റ് അനില്‍ അമ്മ.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഗോഡ്ഫാദര്‍ റീമേക്ക്. നിരവധി പേരാണ് കുട്ടികള്‍ക്ക് അഭിനന്ദനങ്ങളുമായി കമന്റ് ബോക്‌സിലെത്തിയത്. റീമേക്ക് വീഡിയോ നടന്‍ സിദ്ധിഖും ഷെയര്‍ ചെയ്തിട്ടുണ്ട്. നേരത്തെ ഇവര്‍ തന്നെ ചെയ്ത വാല്‍സല്യം സിനിമയുടെയും വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ പാതിരാവായി നേരം എന്ന പാട്ടിന്റേയും റീമേക്കുകളും ശ്രദ്ധ നേടിയിരുന്നു.

സിദ്ദിഖ്-ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1991 നവംബര്‍ 15നാണ് ഗോഡ്ഫാദര്‍ റിലീസ് ചെയ്തത്. തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ തുടര്‍ച്ചയായി 405 ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഗോഡ്ഫാദര്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്. കേരളത്തിലെ തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഓടി ചരിത്രമായ സിനിമയാണ് ഗോഡ്ഫാദര്‍. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സിനിമ കരസ്ഥമാക്കിയിരുന്നു.

എന്‍.എന്‍. പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകന്‍, ജഗദീഷ്, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, ശങ്കരാടി, ഭീമന്‍ രഘു തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ എത്തിയത്.

Content Highlight: The remake of godfather by child artists has gone viral on social media

We use cookies to give you the best possible experience. Learn more