| Monday, 31st July 2023, 9:42 pm

ജാതി പൊളിറ്റിക്ക്‌സ് കണ്ട് മടുത്തവരോട്, മാമന്നന്റെ പ്രസക്തി

അമൃത ടി. സുരേഷ്

2021 നവംബര്‍ മാസം, തമിഴ്‌നാട് ചെങ്കല്‍പേട്ട് ജില്ലയിലെ സ്ഥലശയന ക്ഷേത്രത്തിലെ അന്നദാനത്തിനിടയില്‍ നരിക്കുറവ വിഭാഗത്തില്‍ പെട്ട അശ്വനി എന്ന യുവതിയെ ക്ഷേത്രത്തില്‍ നിന്നും ഇറക്കിവിട്ടു. ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും ഭക്ഷണം ബാക്കിയുണ്ടെങ്കില്‍ അമ്പലത്തിന് പുറത്തുവെച്ച് നല്‍കാമെന്നുമാണ് സവര്‍ണ ജാതിക്കാര്‍ അശ്വനിയോട് പറഞ്ഞത്.

മാരി സെല്‍വരാജ് സിനിമകളിലെ ജാതി പൊളിറ്റിക്‌സ് കണ്ട് മടുത്തു എന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഈ സംഭവമാണ് ഓര്‍മ വന്നത്. അശ്വനി ശബ്ദമുയര്‍ത്തിയതുകൊണ്ട് അന്ന് സംഭവം ചര്‍ച്ചയായി. സവര്‍ണരുടെ ധാര്‍ഷ്ഠ്യത്തിന് മുന്നില്‍ ശബ്ദമുയര്‍ത്താനാവാതെ തല കുനിച്ച് എത്ര ദളിതര്‍ ഇതുപോലെ ദിവസവും അപമാനിതരാവുന്നുണ്ടാവാം.

തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു പിന്നീട് അശ്വനിയേയും കൂട്ടി ക്ഷേത്രത്തിലെത്തി ഒരുമിച്ച് ഭക്ഷണം കഴിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അവരുടെ വീട് സന്ദര്‍ശിച്ചു.

പ്രകൃതി പടം എന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ ജാതിപ്പടം, രണ്ടും മടുത്തു എന്നാണ് ഫേസ്ബുക്കില്‍ മാമന്നനെ പറ്റി വന്ന ഒരു കമന്റ്. പ്രകൃതി പടം പോലെ ലാഘവത്തോടെ കാണേണ്ടതല്ല ജാതിയെ പറ്റിയുള്ള സിനിമകള്‍. പൊതുകുളത്തില്‍ കുളിച്ചതിന് ദളിതരായ മൂന്ന് ബാലന്മാരെ ഗ്രാമീണര്‍ ക്രൂരമായി കല്ലെറിഞ്ഞുകൊല്ലുന്ന മാമന്നനിലെ രംഗം മാരി സെല്‍വരാജിന്റെ ഭാവന മാത്രല്ല, തമിഴ് ജാതി ഗ്രാമങ്ങളിലെ യാഥാര്‍ത്ഥ്യം കൂടിയാണ്.

അശ്വനിയെ പോലെയുള്ള ദളിതരെ ഭക്ഷണത്തിന് മുന്നില്‍ നിന്നും എഴുന്നേല്‍പ്പിച്ചു വിടുന്നിടത്തോളം, അവരെ മനുഷ്യരായി കാണാത്തിടത്തോളം മാമന്നനും കര്‍ണനും പരിയേറും പെരുമാളും ഉണ്ടായിക്കൊണ്ടേയിരിക്കും, ഉണ്ടായിക്കൊണ്ടേയിരിക്കണം.

അശ്വനി മാത്രമല്ല, വേറെയും നിരവധി ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്. 2021 മെയ് 14ന് വില്ലുപുരം ജില്ലയിലെ ഒട്ടനേന്തല്‍ ഗ്രാമത്തില്‍ എഴുപതിന് മേല്‍ പ്രായമുള്ള മൂന്ന് ദളിതര്‍ വണ്ണിയാര്‍ ജാതിക്കാരുടെ കാലില്‍ വീണ് മാപ്പ് പറയാന്‍ നിര്‍ബന്ധിതരായി. ദളിത് കോളനിയിലെ വാര്‍ഷിക ക്ഷേത്രോത്സവം നടത്താന്‍ വണ്ണിയാര്‍ സമുദായത്തില്‍ നിന്നും അനുമതി വാങ്ങാത്തതിനുള്ള ശിക്ഷ ആയിരുന്നു ഇത്.

വില്ലുപുരം ജില്ലയിലെ ഒട്ടനേന്തല്‍ ഗ്രാമത്തിലെ വണ്ണിയാര്‍ സമുദായ അംഗങ്ങളുടെ കാലില്‍ വീഴുന്ന ദളിതര്‍, ഫ്രണ്ട്‌ലൈന്‍

വണ്ണിയാല്‍ സമുദായത്തിന് ആധിപത്യമുള്ള ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ഒരു ദളിത് യുവാവിനെ ഡി.എം.കെ. സേലം സൗത്ത് യൂണിയന്‍ സെക്രട്ടറി ടി. മാണിക്ക്യം അസഭ്യം പറഞ്ഞ സംഭവം നടന്നത് തമിഴ്നാട്ടിലെ സേലം ജില്ലയിലാണ്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. മാണിക്യത്തെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിനെതിരെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു.

തിരുവണ്ണാമലൈയിലെ തെന്‍മുടിയന്നൂര്‍ ഗ്രാമത്തിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ എട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ദളിതര്‍ പ്രവേശിക്കുന്ന സമയത്ത് ഉയര്‍ന്ന ജാതിക്കാര്‍ പ്രതിഷേധം നടത്തുകയായിരുന്നു.

ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചാല്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഗ്രാമവാസികള്‍ ഭീഷണി ഉയര്‍ത്തിയത് മേല്‍പതി ഗ്രാമത്തിലാണ്.

ആക്ടിവിസ്റ്റായ എ. കതിരിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം 2021ല്‍ 1270 ലധികം കേസുകളാണ് പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളുടേ പേരില്‍ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രെസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020ല്‍ 1274 കേസുകളും 2019ല്‍ 1155 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കേസ് കൊടുക്കാത്ത സംഭവങ്ങള്‍ കണക്കുകളില്‍ എത്തുന്നില്ല. ഇതില്‍ ജാതിയുടെ പേരിലുള്ള കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടും.

തൊട്ടുകൂടായ്മയും ജാതി വിവേചനവവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. എന്നാല്‍ തമിഴ്നാട്ടിലും രാജ്യത്തുടനീളവും ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരിലും പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരിയതിനും അന്നദാനത്തിന് സവര്‍ണര്‍ക്കൊപ്പമിരുന്നതിനും ജാതിഗ്രാമങ്ങള്‍ ദളിതര്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ടിരിക്കുന്നു.

നിയമം കൊണ്ട് മാത്രം തടഞ്ഞുനിര്‍ത്താവുന്നതല്ല ജാതി വിവേചനം. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ ഡയലോഗ് തന്നെ കടം കൊള്ളുകയാണെങ്കില്‍ സഹജീവികളായ മനുഷ്യരെ നായയെ പോലെ കാണുന്നത് അവസാനിപ്പിക്കുന്നതു വരെ ഇവിടെ ഒരു മാറ്റവും ഉണ്ടാവില്ല. സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ അതിനെതിരെ സംസാരിച്ചുകൊണ്ടേയിരിക്കണം.

Content Highlight: the relevance of maamannan in the current cast divided society

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more