national news
ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതിക്ക് പറ്റിയ തെറ്റ്: യു.ഡി. സാല്‍വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 24, 02:11 am
Wednesday, 24th August 2022, 7:41 am

മുംബൈ: 1992ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി അധികാരം നല്‍കിയതാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കാനുള്ള കാരണമെന്ന് ജസ്റ്റിസ് ഉമേശ് ദത്താത്രയ സാല്‍വി.

മോശമായ സന്ദേശമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും ജസ്റ്റിസ് യു.ഡി സാല്‍വി കൂട്ടിച്ചേര്‍ത്തു. ബലാത്സംഗക്കേസിലെ പ്രതികള്‍ ശിക്ഷ റദ്ദാക്കാന്‍ ഭാവിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് സാല്‍വി. ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് മോചനം നല്‍കുന്ന 1992ലെ ഗുജറാത്ത് സര്‍ക്കാറിന്റെ നയം 2014ല്‍ സുപ്രീംകോടതി അംഗീകരിച്ച പുതിയ നയത്തോടെ അസാധുവായതായിരുന്നു. എന്നാല്‍ 1992ലെ നിയമത്തെ ഉദ്ധരിച്ചാണ് സര്‍ക്കാര്‍ വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നത്.

പുറത്തിറങ്ങിയ പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച നടപടിയേയും സാല്‍വി വിമര്‍ശിച്ചു. ഹീനവും ക്രൂരവുമായ കുറ്റകൃത്യം ചെയ്തവരെ പൂവും പൂമാലയും നല്‍കി ആദരിക്കുന്നത് ഹിന്ദുത്വത്തിന് അവമതിപ്പാണ് ഉണ്ടാക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഇവരല്ല കുറ്റംചെയ്തത് എന്ന് പറയുന്നവരുണ്ടെങ്കില്‍ അവര്‍ രാജ്യത്തെ നീതിന്യായ പ്രക്രിയയെയാണ് ചോദ്യം ചെയ്യുന്നത്.

പ്രതികളുടെ നല്ല നടപ്പ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇവരെ വെറുതെവിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. എന്താണ് അവരുടെ നല്ല നടപ്പ്? ഇത്രയും സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് എന്നോടാരും അഭിപ്രായം ചോദിച്ചിട്ടില്ല,’ സാല്‍വി കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതികളെ വിട്ടയക്കാനുള്ള തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്‍കിയ സുപ്രീം കോടതിക്കാണ് തെറ്റുപറ്റിയതെന്ന് പ്രമുഖ അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു.

ക്രമിനല്‍ നടപടി ക്രമം പ്രകാരം വിചാരണ നടന്ന സംസ്ഥാനത്തെ ഭരണകൂടത്തിനാണ് പ്രതികളുടെ ശിക്ഷ വെട്ടിച്ചുരുക്കി വിട്ടയക്കാനുള്ള അധികാരം. ബില്‍ക്കിസ് ബാനു കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണ്. അതായത് നിയമപ്രകാരം മഹാരാഷ്ട്ര സര്‍ക്കാരാണ് പ്രതികളുടെ ശിക്ഷ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്.

ക്രിമിനല്‍ നടപടി ക്രമത്തിലെ 435-ാം വകുപ്പ് പ്രകാരം സി.ബി.ഐ അന്വേഷിച്ച കേസുകളില്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കണം ശിക്ഷ ഇളവില്‍ തീരുമാനമെടുക്കേണ്ടത്. ഇത് നടന്നിട്ടുണ്ടോ എന്ന്‌ പരിശോധിക്കണമെന്നും റബേക്ക ജോണ്‍ പറഞ്ഞു.

Content Highlight: The release of the accused in the Bilkis Banu case was a mistake by the Supreme Court, which allowed the government to take a decision