സന: ചെങ്കടലില്‍ വീണ്ടും ഭീഷണി സന്ദേശവുമായി യെമനിലെ ഹൂത്തികള്‍. ചെങ്കടല്‍ വഴി ചരക്ക് ഗതാഗതം തുടര്‍ന്നാല്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് അറിയിച്ചുകൊണ്ട് ഗ്രീക്ക് കപ്പല്‍ ഉടമകള്‍ക്ക് ഹൂത്തികള്‍ ഇമെയില്‍ വഴി സന്ദേശം അയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നാലാംഘട്ട സൈനിക നീക്കമായാണ് യൂറോപ്യന്‍ യൂണിയന്‍ നാവിക സേനയായ ‘ആസ്‌പെഡസ്’ ഹൂത്തികളുടെ ഈ മുന്നേറ്റത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഹൂത്തികളുടെ വിലക്ക് ലംഘിച്ചുകൊണ്ട് ഗ്രീക്ക് ബന്ധമുള്ള ഒരു കപ്പല്‍ ഇസ്രഈല്‍ തീരത്ത് ഡോക്ക് ചെയ്തിരുന്നു. ഹൂത്തികളുടെ ഭീഷണി നിലനില്‍ക്കുമ്പോഴും 200 കപ്പലുകള്‍ക്ക് ചെങ്കടല്‍ വഴി ചരക്കു ഗതാഗതം നടത്താന്‍ ആസ്‌പെഡസ് സുരക്ഷ ഒരുക്കി നല്‍കിയിരുന്നു.
ആസ്‌പെഡസ് കപ്പല്‍ ഉടമകളുമായി നടത്തിയ രഹസ്യയോഗത്തിലാണ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതായി അറിയിച്ചിരിക്കുന്നത്.
ഗ്രീക്ക് ഷിപ്പിങ് കമ്പനിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഹൂത്തികളില്‍ നിന്ന് മെയില്‍ ലഭിച്ചിരിക്കുന്നത്. ഹൂത്തികളുടെ നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ അനന്തരഫലങ്ങള്‍ നിങ്ങള്‍ അനുഭവിക്കുമെന്നും നിരോധനങ്ങള്‍ ലംഘിച്ച് ഇസ്രഈലി സ്ഥാപനങ്ങളുടെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് തുടര്‍ന്നാല്‍ കമ്പനിയുടെ കപ്പലുകള്‍ ആക്രമിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഹൂത്തികളുടേയും കപ്പല്‍ കമ്പനികളുടേയും മീഡിയേറ്ററായി പ്രവര്‍ത്തിക്കുന്ന ഹ്യുമാനിറ്റേറിയന്‍ ഓപറേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ എന്ന കമ്പനി വഴിയാണ് ഇമെയില്‍ സന്ദേശം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മാസത്തിലും മറ്റൊരു കപ്പല്‍ കമ്പനിക്കും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഹൂത്തികള്‍ ഇതുവരെ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇതിന് മുമ്പ് ആക്രമിക്കുന്നതിന് മുന്നോടിയായി കപ്പലുകള്‍ക്ക് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല, ഇതാദ്യമായാണ് ഇത്തരമൊരു രീതി ഹൂത്തികള്‍ അപലപിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇതുവരെ ഹൂത്തികള്‍ ആക്രമിച്ച കപ്പലുകളില്‍ 30%വും ഗ്രീക്ക് ബന്ധമുള്ളവയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെങ്കടലില്‍ നിന്ന് ഇസ്രഈലിലേക്ക് ചരക്കുമായി പോകുന്ന കപ്പലുകളില്‍ ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. ഏകദേശം നൂറോളം കപ്പലുകള്‍ ഇത്തരത്തില്‍ ഹൂത്തികള്‍ ആക്രമിച്ചിട്ടുണ്ട്. മിസൈലുകളുും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഇതുവരെ നാല് നാവികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹൂത്തി ചെങ്കടലിലെ ചരക്കുകപ്പലുകളെ ലക്ഷ്യം വെച്ചത് മുതല്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം പല കമ്പനികള്‍ക്കും ബുദ്ധിമുട്ടായിരുന്നു.ഇതിനെത്തുടര്‍ന്ന് പല കപ്പലുകളും ആഫ്രിക്ക വഴി കറങ്ങിയാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ഹൂത്തികളുമായി സഹകരണത്തിലുള്ള റഷ്യന്‍-ചൈനീസ് കപ്പലുകളെ ഈ വിലക്ക് ബാധിച്ചിരുന്നില്ല.
Content Highlight: The Red Sea can be invaded at any time; Houthis email to ships