2023ലെ ഇന്ത്യയുടെ ഏകദിന ക്യാംപെയ്‌നുകള്‍ അവസാനിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇന്ത്യ അവസാനമായി കളിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തിരുന്നു.
2023ലെ ഇന്ത്യയുടെ 27ാം ഏകദിന വിജയമാണ് ബോളണ്ട് പാര്‍ക്കില്‍ പിറന്നത്. സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യയെ തേടിയെത്തിയിരുന്നു. ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യ നേടുന്ന ഏറ്റവുമധികം ഏകദിന വിജയം എന്ന റെക്കോഡാണ് പിറവിയെടുത്തത്.
ഈ വര്‍ഷം ഇന്ത്യ 35 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 27 മത്സരങ്ങള്‍ വിജയിക്കുകയും ഏഴ് മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഒരു മത്സരം ഫലമില്ലാതെ അവസാനിക്കുകയായിരുന്നു.
ഈ വര്‍ഷം ആറ് ഏകദിന പരമ്പരകളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ അഞ്ച് പരമ്പരകള്‍ വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു.
ജനുവരി പത്തിനാണ് ഇന്ത്യ ഈ വര്‍ഷത്തെ ആദ്യ ഏകദിന മത്സരം കളിക്കുന്നത്. ശ്രീലങ്കക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരമായിരുന്നു അത്. മത്സരത്തില്‍ 67 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കുകയും ചെയ്തു.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയും ഇന്ത്യ ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയപ്പോള്‍ ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയും ഇന്ത്യ 2-1ന് ജയിച്ചിരുന്നു.
രണ്ട് മേജര്‍ ടൂര്‍ണമെന്റുകളാണ് ഇന്ത്യ ഈ വര്‍ഷം കളിച്ചത്. ഏഷ്യാ കപ്പും ഐ.സി.സി ലോകകപ്പും. ഏഷ്യാ കപ്പിലെ ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ഫൈനല്‍ വരെ ഒരു മത്സരത്തില്‍ പോലും പരാജയം രുചിക്കാതിരുന്ന ഇന്ത്യ കലാശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന് തോല്‍ക്കുകയായിരുന്നു.
ലോകകപ്പിന് ശേഷമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയിലേക്ക് പര്യടനം നടത്തിയത്. ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയിലെത്തിയത്. ഇതില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 2-1ന് വിജയിക്കുകയും ചെയ്തു. 2023ലെ 27ാം മത്സരമാണ് ഇന്ത്യ വിജയിച്ചത്.
ഈ ജയത്തിന് പിന്നാലെ ഒരു റെക്കോഡും ഇന്ത്യ സ്വന്തമാക്കി. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഏകദിന വിജയം നേടുന്ന ടീമുകളുടെ പട്ടികയില്‍ രണ്ടാമതെത്തിയാണ് ഇന്ത്യ റെക്കോഡിട്ടത്. 1999ലെ ഓസീസ് നേടിയ 26 വിജയങ്ങളുടെ റെക്കോഡാണ് ഇന്ത്യ മറികടന്നത്. 2003ല്‍ ഓസ്‌ട്രേലിയ നേടിയ 30 വിജയങ്ങളാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഏകദിന മത്സരം വിജയിച്ച ടീമുകള്‍
(ടീം – വിജയം – വര്‍ഷം എന്നീ ക്രമത്തില്‍)
ഓസ്‌ട്രേലിയ – 30 – 2003
ഇന്ത്യ – 27 – 2023
ഓസ്‌ട്രേലിയ – 26 – 1999
സൗത്ത് ആഫ്രിക്ക – 25 – 1996
സൗത്ത് ആഫ്രിക്ക – 25 – 2000
Content highlight: The record for most ODI wins by India in a calendar year