നെല്‍സണ്‍ ചിത്രങ്ങളില്‍ ബീസ്റ്റിന് മാത്രം സംഭവിച്ചതെന്ത്?
Film News
നെല്‍സണ്‍ ചിത്രങ്ങളില്‍ ബീസ്റ്റിന് മാത്രം സംഭവിച്ചതെന്ത്?
അമൃത ടി. സുരേഷ്
Saturday, 12th August 2023, 6:46 pm

തമിഴകത്തെ പൊന്നും വിലയുള്ള സംവിധായകനായി മാറിയിരിക്കുകയാണ് നെല്‍സണ്‍ ദിലിപ് കുമാര്‍. അണ്ണാത്തെയുടെ ക്ഷീണത്തില്‍ നിന്നും സൂപ്പര്‍ സ്റ്റാറിനെ കരകയറ്റിയതിനൊപ്പം തന്റെ തിരിച്ചുവരവ് കൂടിയാണ് നെല്‍സണ്‍ ഉറപ്പിച്ചത്.

2018ല്‍ കോലമാവ് കോകിലയിലൂടെയാണ് നെല്‍സണ്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായ നെല്‍സന്റെ ആദ്യചിത്രം തന്നെ തമിഴകത്ത് വമ്പന്‍ ഹിറ്റായി മാറി. രണ്ടാം ചിത്രം ശിവകാര്‍ത്തികേയനൊപ്പം. 100 കോടി നേടിയ ചിത്രം കൊവിഡിന് ശേഷം തമിഴ്‌നാട്ടിലെ തിയേറ്ററുകളെ കരകയറ്റുന്നതിലും ഒരു പങ്ക് വഹിച്ചു.

ഡോക്ടറിന്റെ തിളക്കത്തിനിടയിലാണ് ബീസ്റ്റ് പ്രഖ്യാപിക്കപ്പെടുന്നത്. ആദ്യ രണ്ട് ചിത്രങ്ങളും തന്നെ ഹിറ്റാക്കി തീര്‍ത്ത സംവിധായകന്‍ വിജയ്‌ക്കൊപ്പം ചേരുമ്പോഴുണ്ടാകുന്ന സകല ഹൈപ്പും ബീസ്റ്റിനുണ്ടായിരുന്നു. അനിരുദ്ധിന്റെ അറബിക് കുത്തും തരംഗമായതോടെ ചിത്രത്തിന്റെ ഹൈപ്പേറി.

പ്രതീക്ഷകളുടെ അമിത ഭാരമേറി തിയേറ്ററുകളില്‍ റിലീസ് ചെയ്ത ബീസ്റ്റിനെതിരെ ആദ്യ ദിനത്തില്‍ വിജയ് ആരാധകര്‍ തന്നെ തിരിഞ്ഞു. സാമ്പത്തികമായി നേട്ടമുണ്ടാക്കിയെങ്കിലും ബീസ്റ്റിന്റെ പരാജയം വിജയ്‌യും നെല്‍സണും ജീവിത കാലത്ത് മറക്കാന്‍ ഇടയില്ല. വിമര്‍ശകര്‍ ചിത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ നിര്‍ത്തിപ്പൊരിച്ചു.

എന്നാല്‍ ചാരത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെന്ന പോലെ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ് നെല്‍സണ്‍. ജയിലറിന്റെ വിജയത്തോടെ കൈവിട്ട പ്രേക്ഷകര്‍ തന്നെ നെല്‍സണെ നെഞ്ചിലേറ്റി. ആകെ സംവിധാനം ചെയ്തതില്‍ നാലില്‍ മൂന്ന് ചിത്രങ്ങളും വിജയിപ്പിച്ച നെല്‍സന്റെ മൂന്നാമത്തെ ചിത്രത്തിന് എന്താണ് സംഭവിച്ചത്.

നെല്‍സന്റെ സ്‌ട്രോങ് ഏരിയ ആയ ഡാര്‍ക്ക് കോമഡി ഴോണറില്‍ തന്നെയാണ് ബീസ്റ്റും അണിയിച്ചൊരുക്കിയത്. എന്നാല്‍ മറ്റ് മൂന്ന് ചിത്രങ്ങളിലും ഉണ്ടാക്കിയ മേക്ക് ബിലീഫ് ബീസ്റ്റില്‍ പാളി പോയിട്ടുണ്ട്. ചിത്രത്തിനകത്തെ ലോജിക്കിനോട് പോലും നീതി പുലര്‍ത്താന്‍ ബീസ്റ്റിനായില്ല. മുന്‍ റോ ഏജന്റാണെന്ന് പരസ്യമായി പാടി നടന്ന നായകനില്‍ തന്നെ പാളിച്ച പറ്റി.

ബീസ്റ്റിലെ ഏറ്റവും വലിയ അബദ്ധം വില്ലനായിരുന്നു. ഒരുപക്ഷേ സിനിമ ചരിത്രത്തില്‍ തന്നെ ഇത്രയും മണ്ടന്മാരായ തീവ്രവാദികളുണ്ടോ എന്ന സംശയം ബീസ്റ്റ് കാണുന്ന പ്രേക്ഷകര്‍ക്കുണ്ടായാല്‍ അതില്‍ അതിശയോക്തി ഇല്ല. ഒരു പൂ പറിക്കുന്ന ലാഘവത്തോടെയാണ് തീവ്രവാദികളുടെ കയ്യില്‍ നിന്നും ഒരു മാളിനെ മുഴുവനായി നായകന്‍ വീര രാഘവന്‍ മോചിപ്പിച്ചത്.

പെട്ടി എടുക്കുന്ന ആയാസത്തോടെ ഒരു മനുഷ്യനെ എടുത്ത് നായകന്‍ നടന്നതോടെ ചിത്രത്തിലെ ലോജിക്ക് മുഴുവനായും മരിച്ചു. വില്ലന്‍ ശക്തനാകുന്തോറും കഥക്ക് ബലമേറും. നെല്‍സന്റെ തന്നെ ഡോക്ടറിലെ വില്ലനായ ടെറിയെ നോക്കുക. നായകന് എത്തിപ്പിടിക്കാനാവാത്ത വിധം ശക്തനാണ് ടെറി. വില്ലനും നായകനും തമ്മിലുള്ള ടോം ആന്‍ഡ് ജെറി കളിയുടെ എലമെന്റ് തന്നെയാണ് ഡോക്ടറിലെ എന്‍കേജിങ് ഫാക്ടര്‍. ജയിലറിലെ വിനായകനെ പറ്റി വിശദീകരിക്കേണ്ട ആവശ്യമില്ല. നല്ലൊരു വില്ലന്റെ അഭാവം ബീസ്റ്റില്‍ മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നു.

ക്ലൈമാക്‌സില്‍ സ്വന്തം കുടുംബത്തില്‍ നിന്നെന്ന പോലെ ആരോടും ചോദിക്കാനുമില്ല പറയാനുമില്ല എന്ന ഭാവത്തില്‍ റാഫേല്‍ യുദ്ധവിമാനം പറത്തി പാകിസ്ഥാനില്‍ പോയി തീവ്രവാദി സംഘത്തില്‍ നിന്നും വില്ലനെ പിടിക്കുന്ന നായകനെ കണ്ടതോടെ ഇത് ഏത് യൂണിവേഴ്‌സില്‍ നടക്കുന്ന കഥ എന്നായിരിക്കും പ്രേക്ഷകര്‍ ചിന്തിച്ചിട്ടുണ്ടാവുക.

ഈ അനുഭവങ്ങളില്‍ നിന്നെല്ലാം പാഠം പഠിച്ചാവാം നെല്‍സണ്‍ ജയിലറിലേക്ക് എത്തിയിട്ടുണ്ടാവുക. പുതുമയില്ലാത്ത കഥയായിട്ടും തന്റെ ഡാര്‍ക്ക് കോമഡി ചേരുവകള്‍ ചേര്‍ത്ത് എന്‍കേജിങ്ങായ മേക്കിങ്ങ് സ്‌റ്റൈലിലൂടെ ജയിലറിനെ കൃത്യമായി പാകപ്പെടുത്താന്‍ നെല്‍സണായി. ഈ പ്രായത്തിലും രജിനികാന്തിന്റെ സ്റ്റാര്‍ഡം ഉപയോഗിക്കുന്നതിനൊപ്പം കന്നഡ, മലയാളം ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍സ്റ്റാറുകളായ ശിവ രാജ്കുമാറിന്റേയും മോഹന്‍ലാലിന്റേയും സ്‌ക്രീന്‍ പ്രസന്‍സും സ്വാഗും ചിത്രത്തെ എലിവേറ്റ് ചെയ്യിക്കാനായി നെല്‍സണ്‍ സമര്‍ത്ഥമായി ഉപയോഗിച്ചു.

Content Highlight: The reasons for the failure of Beast apart from the other Nelson movies

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.