ചെന്നൈ: ലോകക്രിക്കറ്റില്‍ തന്നെ വിക്കറ്റിന് പിന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയോളം അപകടകാരിയായ മറ്റൊരു താരമുണ്ടാകില്ല. ഒരുപക്ഷെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ധോണിയായിരിക്കും. അദ്ദേഹത്തിന്റെ അണ്‍ ഓര്‍ത്തഡോക്‌സായ കീപ്പിംഗ് ശൈലിയെ കുറിച്ച് പലവട്ടം ക്രിക്കറ്റ് പ്രേമികളും വിദഗ്ധരും ചര്‍ച്ച ചെയ്തതാണ്.
കോച്ചിംഗ് മാനുവല്‍ പിന്തുടരുന്ന കീപ്പറല്ല ധോണി. അദ്ദേഹത്തെ പോലെ പന്ത് ക്യാച്ച് ചെയ്യരുതെന്നാണ് മിക്ക പരമ്പരാഗത കോച്ചുമാരും പറയുന്നതു തന്നെ. എന്നിട്ടും ഇത്രത്തോളം ഇഫ്ക്ടീവായ മറ്റൊരു കീപ്പിംഗ് രീതിയില്ലെന്നതാണ് വാസ്തവം. ധോണി വിക്കറ്റിന് പിന്നിലുള്ളപ്പോള്‍ “ലക്ഷ്മണ രേഖ” കടക്കുക എന്നത് ഏതൊരു ബാറ്റ്‌സ്മാനെ സംബന്ധിച്ചും വെല്ലുവിളിയെന്നല്ല പേടി സ്വപ്‌നമായിരിക്കും. കണ്ണു ചിമ്മിത്തുറക്കുന്ന വേഗതിയിലായിരിക്കും ധോണിയുടെ സ്റ്റമ്പിംഗ്.
തന്റെ കീപ്പിംഗ് രീതിയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. മുമ്പൊരിക്കല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിംഗ് പറഞ്ഞത് താനൊരിക്കല്‍ പോലും, എട്ടു വര്‍ഷത്തിനിടെ, ധോണിയെ കീപ്പിംഗ് പ്രാക്ടീസ് ചെയ്യുന്നതായി കണ്ടിട്ടില്ലെന്നാണ്. ഇതിനെ കുറിച്ച് മനസു തുറക്കുകയാണ് ധോണി.
“എന്റെ അണ്‍ഓര്‍ത്തഡോക്‌സ് കീപ്പിംഗ് സ്‌റ്റൈലായിരിക്കും അതിന് കാരണം. ഒരിക്കല്‍ പോലും എന്നെ കീപ്പിംഗ് പരിശീലിക്കുന്നതായി കണ്ടിട്ടില്ലെന്നാണ് ഫ്‌ളെമിംഗ് പറയുന്നത്. എന്റെ അഭിപ്രായത്തില്‍ ഇതൊക്കെ കൂടുതലും മനസില്‍ നടക്കേണ്ടതാണ്.” ധോണി പറയുന്നു.
“കീപ്പര്‍മാര്‍ക്ക് സത്യത്തില്‍ അത്ര കോച്ചിംഗൊന്നും ആവശ്യമില്ല. ചില കീപ്പര്‍മാര്‍ ഓവര്‍ എക്‌സാജറേറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്താണ് കീപ്പര്‍ ചെയ്യേണ്ടത്? നിങ്ങള്‍ക്ക് നൂറ് പന്ത് മിസാക്കാം പക്ഷെ ക്യാച്ച് ചെയ്യാനോ സ്റ്റംമ്പ് ചെയ്യാനോ അവസരം കിട്ടിയാല്‍ അത് ചെയ്തിരിക്കണം. അതാണ് വേണ്ടത്. സ്ഥിരതയില്ലാത്ത നല്ല കീപ്പറെ നമുക്ക് ആവശ്യമില്ല. വേണ്ടത് ക്യാച്ചെടുക്കുന്ന, സ്റ്റംമ്പ് ചെയ്യുന്ന മോശം കീപ്പറെയാണ്. ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ ക്യാപ്റ്റനെ സഹായിക്കുന്ന കീപ്പറെയാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.