ഇതിഹാസ താരം ലയണൽ മെസിയും മറ്റ് സൂപ്പർ താരങ്ങളും മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് വരാനുള്ള പ്രധാന കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫിലഡൽഫിയ യൂണിയൻ കോച്ച് ജിം കർട്ടിൻ.
ജെറാർഡോ മാർട്ടീനോയെ ഇന്റർ മയാമി കോച്ചായി നിയമിച്ചതാണ് ഇതിഹാസതാരം മെസിയുടെയും മറ്റു സൂപ്പർതാരങ്ങളുടെയും കടന്നുവരവിന് കാരണമെന്നാണ് കർട്ടിൻ പറഞ്ഞത്.
‘അദ്ദേഹമായിരുന്നു ആദ്യത്തെ ഘടകം. മാർട്ടീനോ ഉള്ളതുകൊണ്ടാണ് മെസിയും ആൽബയും ബസ്ക്വറ്റ്സും ഇന്റർ മയാമിയിലേക്ക് വന്നത്. ക്ലബ്ബിനെ ശരിക്കും മാറ്റിമറിച്ച നീക്കം അദ്ദേഹത്തിന്റെ സൈനിങ് ആയിരുന്നു’, കർട്ടിൻ ഗോൾ വഴി പറഞ്ഞു.
‘അദ്ദേഹം അവിശ്വസനീയനായ പരിശീലകനാണ്. അവനെക്കുറിച്ച് ചിന്തിക്കുമ്പോൾ അവിശ്വസനീയ ഫുട്ബോൾ മനസുള്ള ഒരു പിതാവിനെ പോലെ തോന്നും. കളിക്കാർ എങ്ങനെ പ്രതികരിക്കുന്നുവെന്നും അപ്പോൾ അവൻ എങ്ങനെ പ്രതികരിക്കുന്നുവെന്നും കാണാൻ കഴിയും’, അദ്ദേഹം കൂട്ടിചേർത്തു.
ഫിൽ നെവിലിന്റെ പകരകാരനായിട്ടാണ് ജെറാർൾഡോ മാർട്ടീനോ ഇന്റർ മയാമി കോച്ച് ആയി ചുമതലയേറ്റത്. ഇതിന് പിന്നാലെയാണ് മെസി ഇന്റർ മയാമിയിൽ ചേർന്നത്. പരിചയസമ്പന്നനായ മാർട്ടീനോ അർജന്റീനയിലും സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലും പരിശീലകനായി ഉണ്ടായിരുന്നു. മെസിക്ക് പിന്നാലെ സെർജിയോ ബസ്ക്വിറ്റ്സ്, ജോഡി ആൽബ തുടങ്ങിയ താരങ്ങളും അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു.
മാർട്ടീനോ എത്തുന്നതിന് മുമ്പ് ഇന്റർ മയാമി മോശം ഫോമിൽ ആയിരുന്നു. അഞ്ച് മത്സരങ്ങൾ മാത്രം ജയിച്ച് ലീഗിൽ അവസാന സ്ഥാനങ്ങളിൽ ആയിരുന്നു ക്ലബ്ബ്. എന്നാൽ മാർട്ടിനോയുടെ കടന്നുവരവോടുകൂടി 15 മത്സരങ്ങളിൽ നിന്നും 12 ജയങ്ങൾ സ്വന്തമാക്കാനും ഇതുവരെ ഇന്റർമയാമിക്ക് ഇല്ലാതിരുന്ന ലീഗ് കിരീടം നേടാനും സാധിച്ചു. ഇന്റർമയാമിയുടെ ഓരോ മത്സരത്തിനും 2.47 പോയിന്റ് എന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്.
Content Highlight: The reason why Messi and other players came to Inter Miami was because of Geraldo Martino.