| Tuesday, 19th March 2024, 2:11 pm

സീറ്റ് വിഭജനത്തിലെ പ്രതിഷേധം അറിയിക്കാന്‍ കൂടിയാണ് ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ നിന്ന് വിട്ടുനിന്നത്: ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യ സഖ്യത്തിന്റെ മഹാരാഷ്ട്രയിലെ റാലിയില്‍ നിന്ന് ഇടതു പാര്‍ട്ടികള്‍ വിട്ടുനില്‍ക്കാനുള്ള കാരണങ്ങളില്‍ ഒന്ന് മാത്രമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം.

സി.പി.ഐ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ഭയപ്പെടുന്നില്ലെന്നും വയനാട്ടിലെ മത്സരം കൊണ്ട് ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയത്തെ തങ്ങള്‍ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും തങ്ങളുമായി സീറ്റ് പങ്കിടാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ലെന്നും ആ പ്രതിഷേധം അറിയിക്കാന്‍ കൂടിയാണ് മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ നിന്ന് വിട്ടുനിന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളില്‍ ഒന്നു മാത്രമാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നു എന്നത്. ഞങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുന്നില്ല. ആ മത്സരം കൊണ്ട് ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയത്തെ ഞങ്ങള്‍ തള്ളിക്കളയുന്നില്ല. ഞങ്ങളും കോണ്‍ഗ്രസും രണ്ട് ഭാഗത്തായാണ് മത്സരിക്കുന്നത്. കേരളത്തിലെ പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. അതു കൊണ്ട്തന്നെ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് അമ്പരപ്പില്ല.

പക്ഷേ, മഹാരാഷ്ട്രയിലെ റാലിയില്‍ നിന്ന് ഞങ്ങള്‍ വിട്ടുനിന്നതിന് കാരണമുണ്ട്. ഞങ്ങള്‍ ഇന്ത്യ മുഴുവന്‍ കാണുന്നവരാണ്. ഇന്ത്യ സഖ്യത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം 26 പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യമാണ്. ആ ഐക്യത്തില്‍ സീറ്റുകള്‍ പങ്കുവെക്കല്‍ വളരെ പ്രധാനപ്പെട്ടതാണ്. അനര്‍ഹമായ ഒന്നും സി.പി.ഐയും സി.പി.ഐ.എമ്മും ചോദിച്ചിട്ടില്ല, ചോദിക്കുകയുമില്ല. എന്നാല്‍ മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഢിലും ബി.ജെ.പിയെ ജയിപ്പിച്ച അതേ സമീപനമാണ് സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും കൈകൊണ്ടിട്ടുള്ളത്.

സീറ്റ് വിഭജനത്തില്‍ ഇന്ത്യ സഖ്യത്തിലെ ഒരു പാര്‍ട്ടിയോടും കോണ്‍ഗ്രസ് മാന്യമായി പെരുമാറിയിട്ടില്ല. ഇടതുപക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും ഇന്ത്യ സംഖ്യത്തിന്റെ ഭാഗമായി സീറ്റുകള്‍ പങ്കിടാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. അതില്‍ ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ആ പ്രതിഷേധം അറിയിക്കാന്‍ കൂടിയാണ് മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ നിന്ന് ഞങ്ങള്‍ ബോധപൂര്‍വം വിട്ടുനിന്നത്.

ഇതേ ഇന്ത്യ സഖ്യത്തിന്റെ ബോബെയില്‍ വെച്ച് നടന്ന തൊട്ടുമുമ്പുള്ള യോഗത്തില്‍ പങ്കെടുത്തയാളാണ് ഞാന്‍. അന്ന് പറഞ്ഞ രാഷ്ട്രീയം കോണ്‍ഗ്രസ് മറന്നു പോയിട്ടില്ലെങ്കില്‍ കോണ്‍?ഗ്രസ് കുറച്ചുകൂടി ഗൗരവബോധം കാണിക്കണം. അപ്പുറത്ത് ശത്രുക്കളാരാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. തോല്‍പിക്കേണ്ട സഖ്യത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധം കോണ്‍ഗ്രസ് കാണിക്കണം. യാഥാര്‍ത്ഥ്യബോധം കാണിക്കാത്ത കോണ്‍ഗ്രസിനോട് ഞങ്ങളുടെ പ്രതിഷേധം സൗമ്യമായി പറയുകയാണ് മഹാരാഷ്ട്രയിലെ റാലിയില്‍ നിന്ന് വിട്ടുനിന്നതിലൂടെ ഞങ്ങള്‍ ചെയ്തത്,’ ബിനോയ് വിശ്വം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

content highlights: The reason left parties stayed away from India Alliance rally in Maharashtra

We use cookies to give you the best possible experience. Learn more